തന്റെ സമരം എത്തേണ്ടിടത്ത് എത്തി, ഇനി സമരം ചെയ്തതുകൊണ്ട് കാര്യമില്ല; 781-ാം ദിവസം സമരം അവസാനിപ്പിച്ച് ശ്രീജിത്ത്

തിരുവനന്തപുരം: (www.kvartha.com 31.01.2018) അനുജന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ 781 ദിവസമായി നടത്തി വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്തിരുന്നത്.

ശ്രീജിത്തിന്റെ സമരം ആദ്യം ഫലപ്രാപ്തിയിലെത്തിയില്ലെങ്കിലും പിന്നീട് സമരം 740 ദിവസം പിന്നിട്ടപ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടല്‍ ഉണ്ടാവുകയും നൂറുകണക്കിനാളുകള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തത്. സിനിമ- സ്‌പോര്‍ട് സ് മേഖലകളിലുള്ളവരും ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കേസില്‍ മുഖ്യമന്ത്രി അടക്കം ഇടപെടുകയും കേസ് സി ബി ഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. വൈകാതെ തന്നെ അന്വേഷണം സി ബി ഐ ഏറ്റെടുത്തു.

CBI probe begins in to Sreejiv death; Sreejith ends strike, Thiruvananthapuram, News, Politics, Trending, CBI, Probe, Strike, Secretariat, Media, Social Network, Kerala

കേസ് സി.ബി.ഐ ഏറ്റെടുക്കുകയും ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ ശ്രീജിത്ത് തീരുമാനിച്ചത്. ഇനി സമരം ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും തന്റെ സമരം എത്തേണ്ടിടത്ത് എത്തിയതായും സമരം അവസാനിപ്പിച്ച ശേഷം ശ്രീജിത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീജീവെന്ന 25കാരനെ 2014 മേയ് 19നാണ് പാറശാല പോലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാംനാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കുന്ന ശ്രീജീവിന്റെ ചേതനയറ്റ ശരീരമാണ് കുടുംബാംഗങ്ങള്‍ കണ്ടത്. പ്രതിസ്ഥാനത്ത് ഒരു കൂട്ടം പോലീസുകാരായതിനാല്‍ പരാതിയുമായി സ്‌റ്റേഷനില്‍ കയറിയിറങ്ങാന്‍ കഴിയാത്ത അവസ്ഥയായതോടെ ശ്രീജിത്ത് സെക്രട്ടേറിയേറ്റിനു മുന്നിലെത്തി.

ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചതാണെന്ന പോലീസുകാരുടെ കള്ളക്കഥ പോലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയര്‍മാനായിരുന്ന ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പൊളിച്ചടുക്കി. പാറശാല എസ്.ഐ ആയിരുന്ന ഗോപകുമാര്‍, എ.എസ്.ഐ ഫിലിപ്പോസ് എന്നിവരാണ് സംഭവത്തിന് ഉത്തരവാദികളെന്നും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപചന്ദ്രനും എ.എസ്.ഐ വിജയദാസും സംഭവത്തിന് ഒത്താശ ചെയ്‌തെന്നും കണ്ടെത്തിയ അതോറിട്ടി വകുപ്പ് തല നടപടിക്കു ശുപാര്‍ശ ചെയ്തു. നഷ്ടപരിഹാരമായി 10ലക്ഷം രൂപ നല്‍കാനും നിര്‍ദേശിച്ചിരുന്നു.

Keywords: CBI probe begins in to Sreejiv death; Sreejith ends strike, Thiruvananthapuram, News, Politics, Trending, CBI, Probe, Strike, Secretariat, Media, Social Network, Kerala.
Previous Post Next Post