Follow KVARTHA on Google news Follow Us!
ad

ഇത്രയൊക്കെ വളര്‍ന്നിട്ടും സ്ത്രീകള്‍ മാത്രം ഇരകളാകുന്നതെന്തുകൊണ്ട്?

സാംസ്‌കാരികമായി ഉന്നതിയിലെത്തിയ നാടാണ് കേരളമെന്ന് അഭിമാനിക്കുന്നവരാണ് കേരളീയരാArticle, Kookanam-Rahman, Women, Abuse, Why women are not safe?
കൂക്കാനം റഹ് മാന്‍

(www.kvartha.com 01.09.2017) സാംസ്‌കാരികമായി ഉന്നതിയിലെത്തിയ നാടാണ് കേരളമെന്ന് അഭിമാനിക്കുന്നവരാണ് കേരളീയരായ നാം. വിദ്യാഭ്യാസ മേഖലയിലും ഇന്ത്യയ്ക്കാകെ മാതൃകയാണ് നമ്മുടെ നാട്. അന്ധവിശ്വാസങ്ങളോട് പണ്ടേ വിട പറഞ്ഞ നാട് എന്ന അഭിമാനവും നമുക്കുണ്ട്. നിരവധി സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ നിലയുറപ്പിച്ച നാടാണിത്. പുരേഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനവിമോചനത്തിനായി അനവരതം പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നുണ്ടിവിടെ. ഇതെല്ലാമായിട്ടും നമുക്കു നാണക്കേടുണ്ടാക്കുന്ന ചില നാടകങ്ങള്‍ അരങ്ങേറുന്നുണ്ടിവിടെ.

 Article, Kookanam-Rahman, Women, Abuse, Why women are not safe?

സാമൂഹ്യ ജീവിയായ മനുഷ്യന് സമൂഹവുമായി ഇടപഴകാതെ ജീവിക്കാന്‍ സാധ്യമല്ല തന്നെ. മനുഷ്യാവകാശങ്ങളെ കശാപ്പു ചെയ്യുന്ന വ്യക്തികള്‍ നിസ്സങ്കോചം നാട്ടി വിരാജിക്കുന്നു. അവരുടെ ചിന്തകളും, പ്രവൃത്തികളും സമൂഹം അറിയുന്നില്ല. അതവരുടെ വീടുകളില്‍ മാത്രം കെട്ടടങ്ങുന്നു. ഭാഗ്യവശാല്‍ അവരുടെ അരോചരങ്ങളായ പ്രവൃത്തികള്‍ പുറമേയുള്ള വ്യക്തികള്‍ അറിയുമ്പോള്‍ മാത്രമെ സമൂഹം അതിനെ ക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുള്ളൂ. അതവരുടെ കാര്യമല്ലേ നമ്മള്‍ എന്തിന് വൃഥാവി അതില്‍ ഇടപെടുന്നു എന്ന് ചിന്തിക്കുന്നവരുമുണ്ട്. വീടിനകത്തെ സ്ത്രീകളാണ് ഇത്തരം കൊടും ക്രൂരതകള്‍ അനുഭവിക്കേണ്ടിവരുന്നത്. തങ്ങള്‍ക്കുണ്ടായ അത്തരം പീഡനങ്ങള്‍ പുറത്തറിയിക്കാന്‍ അവര്‍ക്കാവുന്നുമില്ല. അതിനുള്ള അവസരം കിട്ടുന്നില്ല. സ്വയം അനുഭവിച്ചു തീര്‍ക്കുക മാത്രമെ അവര്‍ക്ക് കരണീയമായിട്ടുള്ളു. ഇനി ഇത്തരത്തില്‍ അറിഞ്ഞ ഒന്നു രണ്ടു സംഭവങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്്.

ജില്ലയിലെ സാംസ്‌കാരിക മേഖലയി പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു പ്രദേശത്താണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ ജില്ലയുടെ സമീപ പ്രദേശമാണിത്. ഇതിലെ കഥാനായകന്‍ മദ്രസാധ്യാപകനാണ്. അദ്ദേഹത്തിന് സ്വന്തമായി വീടും സൗകര്യങ്ങളുമൊക്കെയുണ്ട്. മൂന്നുകുട്ടികളുടെ പിതാവാണദ്ദേഹം. മൂത്തകുട്ടിക്ക് എട്ട് വയസ്സായി, രണ്ടാമത്തേതിന് അഞ്ചും, മൂന്നാമത്തെ കുട്ടിക്ക് രണ്ടും പ്രായം. ഭാര്യ മത പഠനത്തിനു പുറമേ ഭൗതിക വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. പ്ലസ്ടു വരെ പഠിച്ചപ്പോഴാണ് വിവാഹം നടന്നത്. അദ്ദേഹം വീടിന്റെ ചുമരിന് ചുറ്റും ഹാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് പ്രത്യേക മറ ഉണ്ടായിക്കിയിട്ടുണ്ട്. അതിരാവിലെ മദ്രസയിലേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം മുന്‍ ഭാഗത്തെ ഡോര്‍ പുറത്ത് നിന്ന് പൂട്ടി താക്കോലുമായി പോകും. അടുക്കള ഭാഗത്തെ ഡോര്‍ പുറത്ത് നിന്ന് പൂട്ടാറില്ല. അകത്ത് നിന്ന് ലോക്ക് ചെയ്യണമെന്ന് കൃത്യമായി വീട്ടുകാരിക്ക് നിര്‍ദ്ദേശം കൊടുക്കും.

മക്കളെയോ, ഭാര്യയേയോ ഒരു കാരണവശാലും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. രോഗം പിടിപെട്ടാല്‍ രോഗ ശമനത്തിനുള്ള മരുന്ന് വീട്ടില്‍ എത്തിച്ചുകൊടുക്കും. മൂത്തകുട്ടി എട്ടുവയസ്സിലെത്തി നില്‍ക്കുന്നു. ഇതേവരെ സ്‌കൂളില്‍ ചേര്‍ത്തിട്ടില്ല. മദ്രസയിലും ചേര്‍ത്തിട്ടില്ല എന്നാണറിയാന്‍ കഴിഞ്ഞത്. കുട്ടിയെ സ്‌കൂളില്‍ വിടാത്തകാര്യം ചില അയല്‍വാസികള്‍ ഉസ്താദിനോട് അന്വേഷിച്ചു. സമയമാകുമ്പോള്‍ ചേര്‍ക്കും ഇപ്പോള്‍ ഞാന്‍ അവനെ വീട്ടില്‍ വെച്ച് പഠിപ്പിക്കുന്നുണ്ട് എന്നാണ് മറുപടി. ഭാര്യയുടെ ഒരകന്ന ബന്ധു വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ടു അദ്ദേഹവും നിസ്സഹായത പ്രകടിപ്പിക്കുകയാണ്. മതത്തിന്റേയോ, ആചാരത്തിന്റേയോ ഭാഗമല്ല ഇതൊന്നും, ഉസ്താദിന്റെ പ്രത്യേക സ്വഭാവരീതിയാണിതെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളെ ഇങ്ങിനെ ബന്ധിയാക്കി വെക്കേണ്ട ആവശ്യമുണ്ടോ? കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ, സ്‌കൂളില്‍ ചേര്‍ക്കാന്‍ വിമുഖതകാണിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും അതിന് മുതിരാതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതല്ലേ? ചിലപ്പോള്‍ ഇത്തരം അവസ്ഥയില്‍ കഴിയാന്‍ വിധിക്കപ്പെട്ട സ്ത്രീകളാണ് അവസരം കിട്ടുമ്പോള്‍ മറ്റു വഴികള്‍ തേടിപ്പോവാന്‍ ത്വരകാട്ടുന്നത്.

***********

വിവാഹിതയായ വേറൊരു സ്ത്രീ അനുഭവിക്കുന്ന പീഡനം ഇതിനേക്കാളും ഭയാനകമാണ്. സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്തി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുകയാണവള്‍. ഭര്‍തൃഗൃഹത്തില്‍ അവള്‍ അനുഭവിക്കുന്ന പ്രയാസം വിവരണാതീതമാണ്. പഴയകാല അന്ധവിശ്വാസത്തിലധിഷ്ഠിതമായി ജീവിച്ചു പോകുന്നവരാണ് ഭര്‍തൃവീട്ടുകാര്‍. അവള്‍ തയ്യല്‍ പരിശീലനത്തിനു വരുന്ന സ്ഥാപനത്തില്‍ ഒരു ദിവസം തലകറങ്ങിവീണു. പിച്ചും പേയും പറയാന്‍ തുടങ്ങി. വായില്‍ നിന്ന് നരയും പതയും വരുന്നുണ്ടായിരുന്നു. ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപികയും കൂട്ടുകാരും ഭയന്നു. പരിശീലനകേന്ദ്രം ബില്‍ഡിംഗിന്റെ ഒന്നാം നിലയിലാണ്. ക്ലാസിലെ തടിമിടുക്കുള്ള പെണ്‍കുട്ടികള്‍ അവളെ വാരിയെടുത്തത് താഴെക്കെത്തിച്ചു.

ഓട്ടോ പിടിച്ച് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഉടനെ ഗ്ലൂക്കോസ് കയറ്റി. അല്പസമയത്തിനുശേഷം ബോധം തിരിച്ചു കിട്ടി. അവള്‍ കൂട്ടുകാരോട് പറഞ്ഞ കാര്യമിങ്ങിനെയാണ്. മെന്‍സസ് ആയാ ആ വീട്ടില്‍ ഏഴുദിവസം പുറത്തു കഴിയണം. കഴിഞ്ഞ മൂന്നുദിവസം അവള്‍ വീടിനുപുറത്തുകെട്ടിയ ഷെഡിലാണ് കഴിഞ്ഞിരുന്നത്. പ്രസ്തുത ദിവസങ്ങളില്‍ അവള്‍ക്ക് വീട്ടുകാര്‍ ഭക്ഷണമൊന്നും കൊടുത്തില്ല. വെള്ളം മാത്രം പുറത്തു നിന്ന് എടുത്ത് കുടിച്ചു. അതാണ് തലകറങ്ങിവീഴാനിടയായ കാര്യം. ശാസ്ത്രീയമായി ഇത്രയും അറിവുനേടിയിട്ടും, സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇങ്ങിനെ പീഡിപ്പിക്കേണ്ടതുണ്ടോ? ഭക്ഷണം പോലും നിഷേധിച്ച് വീടിന് പുറത്ത് കിടത്തുന്ന ഈ ഏര്‍പ്പാട് ഇനിയെങ്കിലും ഉപേക്ഷിക്കേണ്ടെ? മെന്‍സസ് മൂലം പുറത്തുപോകുന്ന അശുദ്ധിയുമില്ലാത്ത രക്തത്തിന്റെ പേരില്‍ മനുഷ്യത്വ രഹിതമായി പെരുമാറുന്ന അവസ്ഥയ്ക്ക് അവസാനമുണ്ടാക്കിയേ പറ്റൂ.

************

മുപ്പത്തിയെട്ടിലെത്തിയ മറ്റൊരു സഹോദരി പറയുന്ന വേദന ശ്രദ്ധിക്കൂ. അവര്‍ക്ക് ചെറിയൊരു വരുമാനമുള്ള ജോലിയുണ്ട്. ഭര്‍ത്താവ് നിര്‍മ്മാണത്തൊഴിലാളിയാണ്. അവര്‍ തമ്മില്‍ വിവാഹിതരായിട്ട് പതിനഞ്ച് വര്‍ഷം കഴിഞ്ഞു. രണ്ടു കുട്ടികളുണ്ട്. ഭര്‍ത്താവ് ഭാര്യയെയും മക്കളെയും ശ്രദ്ധിക്കുന്നില്ല. ഭക്ഷണം, വസ്ത്രം, പഠനകാര്യം ഇതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നില്ല...... മദ്യപാനം, സ്ത്രീ വിഷയതാല്‍പര്യം ഇവ രണ്ടേ അദ്ദേഹത്തിനുള്ളു. ജോലി ചെയ്തുകിട്ടിയ തുക മുഴുവന്‍ ഇവയ്ക്ക് രണ്ടിനും ചെലവിടും. വീട്ടിലെത്തിയാല്‍ മര്‍ദ്ദനം മുഴുവന്‍ ഭാര്യയ്ക്കും. കൂടാതെ മക്കളുണ്ടോ എന്നൊന്നും ശ്രദ്ധിക്കാതെ അവളെ ലൈംഗികതയ്ക്ക് നിര്‍ബന്ധിക്കും... അവള്‍ക്ക് അയാളുമായി ബന്ധപ്പെടാന്‍ ഭയമാണ്. പരസ്ത്രീകളുമായി ബന്ധപ്പെടുന്ന അയാള്‍ക്ക് എച്ച്. ഐ. വി അണുബാധ പിടിപെട്ടിട്ടുണ്ടോ എന്ന ഭയം. അതുകൊണ്ട് അയാളുടെ പ്രലോഭനങ്ങള്‍ക്കും, മര്‍ദ്ദനത്തിനും വഴങ്ങാതെ ഒഴിഞ്ഞുമാറി കഴിയുകയാണിന്ന്.

ഇവിടെയും ദുരിതക്കയത്തില്‍ സ്ത്രീയാണ് പെട്ടുപോകുന്നത്. എല്ലാദുരിതങ്ങളും സഹിക്കേണ്ടി വരുന്നത് സ്ത്രീകള്‍ മാത്രം. ശാസ്ത്രം വളര്‍ന്നിട്ടും, വിദ്യാഭ്യാസം നേടിയിട്ടും, സ്ത്രീകള്‍ക്ക് നട്ടെല്ലുയര്‍ത്തി പ്രതിരോധിക്കാനുള്ള ശക്തി ആര്‍ജ്ജിക്കാന്‍ കഴിയാത്തതെന്തുകൊണ്ട്? ദുരിതമനുഭവിക്കുന്ന സ്ത്രീ ഒറ്റയ്ക്കുതന്നെ പ്രതിരോധത്തിനിറങ്ങണം. ഇത്തരം പുരുഷ സമീപനങ്ങളോട് സ്ത്രീകള്‍ ആര്‍ദ്രത കാണിച്ചു കൊണ്ടുള്ള സമീപനത്തെക്കാള്‍ രൂക്ഷപ്രതികരണങ്ങളായിരിക്കും കരണീയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Women, Abuse, Why women are not safe?