അന്വേഷണസംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും, നടി അഭിഭാഷകരുടെ ഉപദേശം തേടി ; പോലീസ് പ്രതീക്ഷിക്കുന്നത് കുറ്റസമ്മതം, ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചാല്‍ പൊളിക്കുമെന്ന് ഉപദേശം

കൊച്ചി: (www.kvartha.com 31.08.2017) കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ജനങ്ങള്‍ കാത്തിരുന്ന ആ 'മാഡം' കാവ്യാമാധവനാണെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി കാവ്യയെ വിളിപ്പിക്കുമെന്നും വിവരമുണ്ട്. നേരത്തേ കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ കാവ്യയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി. പൊട്ടിക്കരയുകയായിരുന്ന കാവ്യയോട് വിളിപ്പിക്കുമ്പോള്‍ വരണമെന്നു നിര്‍ദേശിച്ചാണ് എ.ഡി.ജി.പി ബി സന്ധ്യ അന്ന് വിട്ടയച്ചത്.

വീണ്ടും ചോദ്യം ചെയ്യലിനു വിധേയയാകേണ്ടി വരുമെന്നുള്ള ആശങ്കയില്‍ ചോദ്യങ്ങളോടു പ്രതികരിക്കണ്ടതിനെപ്പറ്റി കഴിഞ്ഞദിവസം കാവ്യ അഭിഭാഷകരില്‍ നിന്ന് ഉപദേശം തേടിയതായും വിവരമുണ്ട്. അറസ്റ്റിനുള്ള സാധ്യത, മുന്‍കൂര്‍ ജാമ്യാപേക്ഷ തുടങ്ങിയ കാര്യങ്ങളും ആരാഞ്ഞു. അറസ്റ്റിനു സാധ്യതയില്ലെങ്കിലും പ്രതിയാകാനോ സാക്ഷിയാകാനോ അന്വേഷണസംഘം ആവശ്യപ്പെടുമെന്ന നിഗമനത്തിലാണു അഭിഭാഷകര്‍.

 Vague answers: Police to quiz Kavya Madhavan again, Kochi, Cinema, Actress, attack, Arrest, Police, Conspiracy, News, Entertainment, Trending, Kerala

നിര്‍ഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകര്‍ ഉപദേശിച്ചിരിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പോലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നല്‍കണമെന്നുമുള്ള ഉപദേശം ലഭിച്ചതായും വിവരമുണ്ട്. എന്നാല്‍, സാങ്കേതികത്തെളിവുകള്‍ കാവ്യയ്ക്ക് എതിരായതിനാല്‍ കള്ളമൊഴി നല്‍കിയാലും പോലീസിനു പൊളിക്കാനാവും.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ കാവ്യക്കു നേരിട്ടു പങ്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. എങ്കിലും വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയെ സാക്ഷിയാക്കി ദിലീപിന്റെ കുരുക്ക് മുറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണു തുടക്കം മുതല്‍ ദിലീപും കാവ്യയും പറഞ്ഞിരുന്നത്. എന്നാല്‍, പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ മാനേജരായ അപ്പുണ്ണി മൊഴി നല്‍കിയിരുന്നത്. പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പള്‍സറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുമുണ്ട്. ഇതു തെളിയിക്കാനും പോലീസിനു കഴിയും.

പള്‍സറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാവ്യയില്‍നിന്നു കുറ്റസമ്മതമാണു പോലീസ് പ്രതീക്ഷിക്കുന്നത്. പോലീസുകാരന്റെ ഫോണില്‍നിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നീട് പോലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറില്‍ തന്റെ ഫോണില്‍നിന്നു വിളിച്ചുവെങ്കിലും കിട്ടിയില്ലെന്നാണു പോലീസുകാരന്‍ നല്‍കിയ മൊഴി. കൃത്യത്തിനുശേഷം കാക്കനാട് മാവേലിപുരത്തുള്ള കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രശാലയായ ലക്ഷ്യയില്‍ സുനി പോയിരുന്നു. പണവും വാങ്ങിയിരുന്നു. ദിലീപിനു സ്വന്തം കടകള്‍ ഉണ്ടായിട്ടും സുനി ചെന്നത് കാവ്യയുടെ കടയിലാണ്. സുനി എത്തിയതു സമീപത്തെ സ്ഥാപനത്തിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.

Also Read:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vague answers: Police to quiz Kavya Madhavan again, Kochi, Cinema, Actress, attack, Arrest, Police, Conspiracy, News, Entertainment, Trending, Kerala.
Previous Post Next Post