Follow KVARTHA on Google news Follow Us!
ad

ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണം: പിണറായി

തങ്ങളുടെ കൈയിലുള്ള ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണമെന്ന് Thiruvananthapuram, Pinarayi Vijayan, Award, News, Kerala, Social Media, Photography.
തിരുവനന്തപുരം: (www.kvartha.com 22/08/2017) തങ്ങളുടെ കൈയിലുള്ള ക്യാമറയുടെ ബലവും ദൗര്‍ബല്യവും തിരിച്ചറിയാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗന്ദര്യാരാധന മാത്രമാകാതെ ജീവിതത്തിന്റെ ദുരന്തമുഖങ്ങളിലേക്കും ക്യാമറക്കണ്ണുകള്‍ നീങ്ങുമ്പോഴാണ് ഫോട്ടോഗ്രാഫി സമഗ്രമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സമ്മാനിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിന്റെ സമഗ്രതയിലുള്ള ജീവിതചിത്രമാകണം ഫോട്ടോഗ്രാഫറുടെ ആത്യന്തിക ലക്ഷ്യം.

ഫോട്ടോഗ്രാഫിയുടെ രാഷ്ട്രീയം ലോകമെങ്ങും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണ്. വര്‍ത്തമാനകാലത്ത് പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ചലനങ്ങള്‍ ചെറുതല്ല. ചിത്രത്തിന്റെ സൗന്ദര്യമല്ല, അതെടുക്കുന്ന സാഹചര്യവും വിഷയവുമാണ് പ്രധാനം എന്നുതന്നെയാണ് ഇതെല്ലാം തെളിയിക്കുന്നത്.

Thiruvananthapuram, Pinarayi Vijayan, Award, News, Kerala, Social Media, Photography.

ആയിരം വാക്കുകളേക്കാള്‍ ജനമനസില്‍ ഇടംപിടിക്കാന്‍ ഒരു ചിത്രത്തിനാകും. മനസിനെ തൊട്ടുണര്‍ത്തുന്ന വിഷയമാണെങ്കില്‍ ശക്തി ഇരട്ടിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, ഉത്തര്‍പ്രദേശില്‍ പ്രാണവായു കിട്ടാതെ മരിച്ച കുട്ടികളുടെയും അവരുടെ മാതാപിതാക്കള്‍ മൃതദേഹങ്ങള്‍ പേറി വാഹനം കിട്ടാതെയുള്ള യാത്ര തുടങ്ങിയ ചിത്രങ്ങള്‍ ഉണ്ടാക്കിയ വേദന ഉദാഹരണങ്ങളാണ്. പല ലേഖനങ്ങള്‍ കൊണ്ട് കഴിയാത്ത ആശയസംവേദനം ഒരേയൊരു ചിത്രം കൊണ്ട് ഫോട്ടോഗ്രാഫര്‍ക്ക് സാധിക്കും.

ലോകത്ത് വിസ്മയകരമായ കാഴ്ചകള്‍ ധാരാളമുണ്ടാവുന്ന സമയമാണിത്. ദിനപ്പത്രങ്ങളും ടെലിവിഷനും ഓരോരുത്തരുടെയും കൈയിലുള്ള മൊബൈല്‍ ഫോണുകള്‍ പോലും ഇത്തരം ദൃശ്യവിസ്മയങ്ങളുടെ മാധ്യമങ്ങളാവുകയാണ്. ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ ഗ്രാമീണജനതയിലടക്കം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. മൊബൈലിലായാലും ഡിജിറ്റല്‍ ക്യാമറയിലായാലും ചിത്രത്തിന്റെ ആശയത്തിനാണ് മൂല്യമെന്നത് മറക്കരുത്.

സമൂഹത്തിന്റെ പൊതുബോധത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ തന്നെ സമൂഹത്തിന് ദോഷകരമാകുന്ന വിഷയങ്ങളില്‍ ആത്മസംയമനം പാലിക്കാനും ശ്രമിക്കണം. ഫോട്ടോഗ്രാഫിയുടെ സാധ്യതകള്‍ക്കൊപ്പം അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുകൂടി നാം ബോധവാന്‍മാരാകണം. വിവേകമില്ലാത്ത സെല്‍ഫിഭ്രമം വരുത്തിയ എത്രയോ ദുരന്തങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. അതത് കാലത്തെ പ്രസക്ത വിഷയങ്ങള്‍ ജനകീയമാക്കാന്‍ സഹായിക്കുന്നവയാണ് ഫോട്ടോഗ്രാഫി അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Pinarayi Vijayan, Award, News, Kerala, Social Media, Photography, Pinarayi Vijayan distributes photo graphers award.