രേഖകളില്ല; കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരെ യു എ പി എ ചുമത്തിയ കുറ്റപത്രം കോടതി മടക്കി

കൊച്ചി: (www.kvartha.com 31.08.2017) കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. നിയമ വിരുദ്ധപ്രവര്‍ത്തന നിരോധനനിയമത്തിന്റെ (യുഎപിഎ) വിവിധ വകുപ്പുകള്‍ പ്രകാരം ജയരാജന്‍ അടക്കം ആറു പ്രതികള്‍ക്കെതിരെ കുറ്റംചുമത്തിയ സാഹചര്യത്തില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കേണ്ട കേന്ദ്രസര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച രേഖകള്‍ ഇല്ലാത്തതാണു കുറ്റപത്രം മടക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

കേസില്‍ 25-ാം പ്രതിയായ ജയരാജനെതിരെ ഗുരുതര കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയില്‍ പി. ജയരാജന്‍ നേരിട്ടു പങ്കാളിയായിരുന്നു. കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മനോജിനെ വധിച്ചതെന്നും സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്.

Kathiroor Manoj murder case: CBI names Jayarajan as 'mastermind', slaps UAPA, Kochi, Conspiracy, CBI, Court, Clash, RSS, Kerala.

കിഴക്കെ കതിരൂരിലെ വീട്ടില്‍നിന്ന് ഇറങ്ങിയ മനോജിന്റെ ഓംനി വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയില്‍നിന്നു വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. പി. ജയരാജന്‍, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ എന്നിവരടക്കം 25 സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് 2016 ഫെബ്രുവരി 12നു ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. റിമാന്‍ഡ് ചെയ്യപ്പെട്ട ജയരാജന് മാര്‍ച്ച് 24നാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണു കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. ഭീകരപ്രവര്‍ത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയതിനു യുഎപിഎ 18-ാം വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണു ജയരാജനെതിരെ സിബിഐ കേസ് എടുത്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയും വധശ്രമവും കൊലപാതകവും അടക്കമുള്ള വകുപ്പുകളും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും കേസുണ്ട്.

പി. ജയരാജനു മനോജിനോടുള്ള വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമാണു കൊല ആസൂത്രണം ചെയ്യാന്‍ ജയരാജനെ പ്രേരിപ്പിച്ചതെന്നു സിബിഐ പറയുന്നു. മനോജ് വധക്കേസില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും മനോജുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പി. ജയരാജനു മാത്രമാണു വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ് . ഇതാണു ജയരാജനു മനോജിനോടു വ്യക്തി വൈരാഗ്യത്തിനുള്ള കാരണമെന്നു സിബിഐ വ്യക്തമാക്കുന്നു.

സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി പാര്‍ട്ടിയില്‍നിന്നു കൊഴിഞ്ഞുപോയി ബിജെപിയില്‍ ചേര്‍ന്നതിനു കാരണമായതു മനോജാണെന്നതാണു രാഷ്ട്രീയ വൈരാഗ്യത്തിനു കാരണം. ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് 2014 ഓഗസ്റ്റ് 24നു കണ്ണൂരില്‍ സ്വീകരണം നല്‍കിയതിനു പിന്നില്‍ മനോജാണെന്നതും വിദ്വേഷം വര്‍ധിക്കാനുള്ള കാരണമായി.

മനോജിന്റെ വധം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 25-ാം പ്രതി പി. ജയരാജന്റെ സഹായത്തോടെ ഒന്നാം പ്രതി വിക്രമന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി സിപിഎം പ്രവര്‍ത്തകരെ സംഘടിപ്പിച്ചു കൊലപാതകം നടത്തുകയായിരുന്നുവെന്നാണു സിബിഐയുടെ റിപ്പോര്‍ട്ട്. നേരത്തേ, കൊലപാതകക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Also Read:

പഞ്ചാബില്‍ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയടക്കം മൂന്നു പേര്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kathiroor Manoj murder case: CBI names Jayarajan as 'mastermind', slaps UAPA, Kochi, Conspiracy, CBI, Court, Clash, RSS, Kerala.
Previous Post Next Post