Follow KVARTHA on Google news Follow Us!
ad

കതിരൂര്‍ മനോജ് വധം; പി ജയരാജനെ മുഖ്യ ആസൂത്രകനാക്കി സി ബി ഐ കുറ്റപത്രം

ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സി.പി.എം Kannur, News, Politics, RSS, CPM, Conspiracy, Criminal Case, CBI, Kerala,
കണ്ണൂര്‍: (www.kvartha.com 31.08.2017) ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മുഖ്യആസൂത്രകനാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐ രണ്ടാംഘട്ട കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണിത്. തലശേരി സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജയരാജനെ കൂടാതെ മറ്റ് അഞ്ചു പേരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2014 സെപ്തംബര്‍ 28ന് സി.ബി.ഐ കേസ് ഏറ്റെടുത്തു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, യുഎപിഎ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

Kathiroor Manoj muder case: CBI submits charge sheet, Kannur, News, Politics, RSS, CPM, Conspiracy, Criminal Case, CBI, Kerala

കേസില്‍ ജയരാജനെ 25-ാം പ്രതിയാക്കി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി.ബി.ഐ തലശേരി സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനാണ് മുഖ്യ ആസൂത്രകനെന്ന് സി.ബി.ഐ പറയുന്നത്. മറ്റു നിരവധി കൊലപാതകങ്ങളിലും ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ പറഞ്ഞിരുന്നു. കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മനോജ് വധക്കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. രാഷ്ട്രീയവൈരാഗ്യം വച്ചുള്ള കൊലപാതകമെന്നാണ് സി.ബി.ഐയുടെ നിഗമനം. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കൊലയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് ജയരാജന്‍ ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മധുസൂദനന്‍, ജിതേഷ്, സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തില്‍ പ്രതികളാണ്.

1999 ആഗസ്റ്റ് 25ന് തിരുവോണനാളില്‍ ജയരാജനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ പതിനഞ്ച് വര്‍ഷം മുന്‍പ് പി.ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് ആദ്യകുറ്റപത്രത്തില്‍ പറയുന്നത്. ജയരാജനെ 2015 ജൂണ്‍ രണ്ടിന് സി.ബി.ഐ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

2016 ജനുവരി 10നും ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ 2016 ഫെബ്രുവരി 11ന് തലശേരി സെഷന്‍ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചശേഷം പുറത്തിറങ്ങുകയായിരുന്നു.

നേരത്തേ സി.പി.എം വിട്ട് ആര്‍.എസ്.എസില്‍ ചേര്‍ന്ന അഞ്ഞൂറോളം പേര്‍ക്ക് സ്വീകരണമൊരുക്കിയതിന്റെ മുഖ്യചുമതലക്കാരന്‍ മനോജായിരുന്നു. കേസിലെ ഒന്നാംപ്രതി വിക്രമനുമായി സംസാരിച്ച് ജയരാജന്‍ മറ്റു പ്രതികളെ ഏകോപിപ്പിക്കാന്‍ ചുമതലയേല്പിച്ചു. വിക്രമന്‍ മറ്റുള്ളവരെ ഏകോപിപ്പിച്ച് കൊല നടത്തുകയായിരുന്നുവെന്നും ജയരാജനാണ് ആസൂത്രകനെന്നും കുറ്റപത്രത്തില്‍ പറയുന്നു.

2014 സെപ്തംബര്‍ ഒന്നിനായിരുന്നു മനോജ് കൊല്ലപ്പെട്ടത്. രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് തലശേരിയിലേക്ക് ഓംനി വാനില്‍ പോകവെ ഉക്കാസ് മെട്ടയില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Also Read:
സിനാന്‍ വധക്കേസ് വിധി വീണ്ടും മാറ്റി വെച്ചു; സെപ്തംബര്‍ 15 ന് വിധി പറയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kathiroor Manoj muder case: CBI submits charge sheet, Kannur, News, Politics, RSS, CPM, Conspiracy, Criminal Case, CBI, Kerala.