Follow KVARTHA on Google news Follow Us!
ad

ശൈലജയേയും ഉന്നമിട്ട് പ്രതിപക്ഷം; സിപിഎം പക്ഷേ, ശൈലജയെ വിട്ടുകൊടുക്കില്ല

പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെ ഉന്നംവച്ച് രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങിThiruvananthapuram, News, Politics, Minister, MLA, Allegation, High Court of Kerala, Ramesh Chennithala, Kerala,
തിരുവനന്തപുരം: (www.kvartha.com 22.08.2017) പിണറായി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരെ ഉന്നംവച്ച് രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. പ്രതിപക്ഷം ദുര്‍ബലമല്ലെന്നു വരുത്തുകയാണ് മുഖ്യ ലക്ഷ്യമെന്നാണ് സൂചന. നിയമസഭാ കവാടത്തില്‍ അഞ്ച് എംഎല്‍എമാര്‍ ആരംഭിച്ച സത്യാഗ്രഹത്തിനു സമാന്തരമായി പുറത്തും പ്രക്ഷോഭം ശക്തമാക്കാനാണ് പരിപാടി. ഗതാഗത മന്ത്രി തോമസ് ചാണ്ടി, ആരോഗ്യ ,സാമൂഹികനീതി മന്ത്രി കെ കെ ശൈലജ എന്നിവരാണ് ഉന്നം.

സ്വന്തം റിസോര്‍ട്ടിനു വേണ്ടി സര്‍ക്കാര്‍ഭൂമി കൈയേറിയെന്ന ആരോപണവും നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാകാനുള്ള സത്യവാങ്മൂലത്തില്‍ സ്വത്തു വിവരം പൂര്‍ണമായി വെളിപ്പെടുത്തിയില്ലെന്നതും തോമസ് ചാണ്ടിക്കെതിരെ തുടര്‍ച്ചയായി ഉന്നയിക്കാന്‍ തന്നെയാണ് തീരുമാനം. കഴിഞ്ഞ ദിവസം നിയമസഭയില്‍ ഭൂമി കൈയേറ്റ പ്രശ്‌നം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസായി അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനു നല്‍കിയ മറുപടിയില്‍ തോമസ് ചാണ്ടിയെ ന്യായീകരിച്ചത് വലിയ വാര്‍ത്തയുമായി. അതിനു ശേഷമാണ് സത്യവാങ്മൂലത്തിലെ സ്വത്തു വിവരം മറച്ചുവയ്ക്കല്‍ പുറത്തുവന്നത്. മൂന്നാമതായി, ദേവസ്വം സ്വത്ത് കൈവശംവയ്ക്കുന്നുവെന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്.


അതിനിടെയാണ് മന്ത്രി കെ കെ ശൈലജക്കെതിരെ ബാലാവകാശ കമ്മീഷനില്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമര്‍ശം നടത്തിയെന്ന വാദം ഉയര്‍ത്തി പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ബാലാവകാശ കമ്മീഷനിലെ ഒഴിവിലേക്ക് നടത്തിയ നിയമനങ്ങളില്‍ അയോഗ്യരായ രണ്ടംഗങ്ങളെ ഉള്‍പ്പെടുത്തി എന്നാണ് ആരോപണം. പ്രശ്‌നം ഹൈക്കോടതിയിലെത്തുകയും അവരെ ഉള്‍പ്പെടുത്തുന്നത് കോടതി വിലക്കുകയും ചെയ്തു.

കമ്മീഷന്‍ നിയമനത്തില്‍ മന്ത്രിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്നുണ്ടായെന്നും കോടതിയില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ നേരിടേണ്ടിവന്ന ആരും മന്ത്രിയായി തുടര്‍ന്ന ചരിത്രം കേരളത്തില്‍ ഇല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

ഈ ആവശ്യം ചൊവ്വാഴ്ച നിയമസഭയിലും ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സര്‍ക്കാരിനെ വെട്ടിലാക്കാന്‍ കിട്ടിയ അവസരം നന്നായി ഉപയോഗിക്കാന്‍ തന്നെയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇതോടെ ഒന്നേകാല്‍ വര്‍ഷമാകാന്‍ പോകുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കും ഉണ്ടാക്കിയതിനേക്കാള്‍ വലിയ കുരുക്ക് ശൈലജ ടീച്ചര്‍ക്കെതിരായ കോടതി പരാമര്‍ശമാണ്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ് ശൈലജ.

പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാതെ പരിഹരിക്കുന്നത് എങ്ങനെയെന്ന ആലോചന പാര്‍ട്ടി നേതൃതലത്തില്‍ കാര്യമായിത്തന്നെ തുടങ്ങിയിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുമ്പോള്‍ റിസോര്‍ട്ടിന്റെയും പാര്‍ക്കിന്റെയും കാര്യത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും എന്ന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം സര്‍ക്കാരിന് തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ഒരു ഇടവേള നല്‍കും.

എന്നാല്‍ ശൈലജയുടെ കാര്യത്തില്‍ കോടതിയെക്കൊണ്ട് പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ അപ്പീല്‍ കൊടുത്തിരിക്കുന്ന സര്‍ക്കാരിന് അതില്‍ പ്രതീക്ഷയുണ്ട്.

Also Read:

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ആര്‍ എസ് എസും ബി ജെ പിയും ശ്രമിക്കുന്നത്: പി ജയരാജന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K K Shylaja Teacher is oppositions new aim, But CPM will not yield, Thiruvananthapuram, News, Politics, Minister, MLA, Allegation, High Court of Kerala, Ramesh Chennithala, Kerala.