വിവാഹ മണ്ഡപത്തില്‍ കാമുകനെ കണ്ട വധു ഭര്‍ത്താവിനോട് തമാശയായി കാതില്‍ ചൊല്ലി; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിന്നീട് നടന്നത് ചെരുപ്പൂരി അടിയും കൂട്ടത്തല്ലും; അഞ്ചുതരം പായസവും സദ്യയും പാഴായി

ഗുരുവായൂര്‍: (www.kvartha.com 31.07.2017) വിവാഹ മണ്ഡപത്തില്‍ കാമുകനെ കണ്ട വധു ഭര്‍ത്താവിനോട് തമാശയായി കാതില്‍ ചൊല്ലി, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിന്നീട് നടന്നത് ചെരുപ്പൂരി അടിയും കൂട്ടത്തല്ലും. അഞ്ചുതരം പായസവും സദ്യയും പാഴായി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന വിവാഹമാണ് അലങ്കോലമായത്. വിവാഹം നടന്നയുടനെ വരനും കൂട്ടരും താലിമാലയും തിരിച്ചുവാങ്ങി സ്ഥലം വിടുകയായിരുന്നു.

മുഹൂര്‍ത്തമായതോടെ വരന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. ഇതിനിടയിലാണ് വധു തന്റെ പഴയ കാമുകനെ വരന് പരിചയപ്പെടുത്തിയത്. വരന്റെ ചെവിയില്‍ രഹസ്യമായാണ് വധു ഇത് പറഞ്ഞത്. ക്ഷേത്രനടയിലെ താലികെട്ട് കഴിഞ്ഞ് തൊട്ടടുത്തുള്ള കല്യാണമണ്ഡപത്തിലേക്ക് പോകുന്നതിനിടെ വരന്‍ ഇക്കാര്യം തന്റെ അമ്മയോടു പറഞ്ഞു. പിന്നെയത് ബന്ധുക്കളിലേക്ക് പകര്‍ന്നതോടെ വരന്റെ ബന്ധു വധുവിന്റെ ബന്ധുവിനെ ചെരിപ്പൂരി തല്ലി. ഇതോടെ വിവാഹവേദി കൂട്ടയടിയുടെ വേദിയാവുകയായിരുന്നു.

Marriage controversy at Guruvayoor temple, Guruvayoor Temple, News, attack, Cheating, Complaint, Marriage, Police, Kerala.

ഞായറാഴ്ച രാവിലെ പത്തരമണിയോടെ ഗുരുവായൂര്‍ ക്ഷേത്രനടയിലായിരുന്നു സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടന്നത്. തൃശൂര്‍ ജില്ലക്കാരാണ് വരനും വധുവും. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. വരന്റേയും വധുവിന്റേയും ഫോട്ടോയും വീഡിയോയും എടുക്കാന്‍ മത്സരിച്ചിരുന്ന ഫോട്ടോഗ്രാഫര്‍മാരോട് പെട്ടെന്ന് അതൊക്കെ നിര്‍ത്തിവെയ്ക്കാന്‍ പറഞ്ഞ് വരന്റെ ബന്ധുക്കള്‍ വധുവിന്റെ ആളുകളെ വളയുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രണയം മറച്ചുവെച്ച് തങ്ങളെ ചതിച്ചുവെന്നാണ് ഇവരുടെ ആരോപണം.

തുടര്‍ന്ന് വിവാഹം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കള്‍ ഒമ്പതു പവന്‍ തൂക്കമുള്ള താലിമാലയും മറ്റ് സ്വര്‍ണാഭരണങ്ങളും ഊരിവാങ്ങി. വിവാഹസാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈല്‍ ഫോണും തിരിച്ചെടുത്തു.

വിവാഹമണ്ഡപത്തിലെ സംഘര്‍ഷമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. വധൂവരന്മാരെയും അവരുടെ ബന്ധുക്കളെയും പ്രത്യേകം വിളിച്ച് ചര്‍ച്ച നടത്തി. എന്നാല്‍ തങ്ങളെ ചതിച്ചവരുമായുള്ള വിവാഹബന്ധം വേണ്ടെന്ന നിലപാടില്‍ വരന്റെ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

അഞ്ചുതരം പായസവുമായി സദ്യ തയ്യാറാക്കിയിരുന്നു. എന്നാല്‍ വിവാഹസദ്യ ഉണ്ണാന്‍ ആരും ചെന്നില്ല. ഹര്‍ത്താലായതിനാല്‍ പുറത്തുനിന്ന് ഭക്ഷണം കിട്ടിയതുമില്ല. കുട്ടികളും പ്രായമായവരുമടക്കം 200 ഓളം പേര്‍ വരന്റെ കൂടെ എത്തിയിരുന്നു. അവരെല്ലാം വെള്ളംപോലും കുടിക്കാനാകാതെ നാട്ടിലേക്ക് മടങ്ങി. വരന്റെ മുത്തശി കല്യാണമണ്ഡപത്തിലിരുന്ന് നിലവിളിച്ചു.

ഉച്ചയോടെ വരന്റെ ബന്ധുക്കള്‍ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. നഷ്ടപരിഹാരമായി 15 ലക്ഷം രൂപ തരണമെന്നാണ് പരാതിയില്‍ പറയുന്നത്. അടുത്തദിവസം ഇതേക്കുറിച്ച് ആലോചിക്കാമെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു.

Also Read:
ഹര്‍ത്താലിനിടയിലെ അക്രമം; ബി ജെ പി ജില്ലാ നേതാക്കളടക്കം 200 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Marriage controversy at Guruvayoor temple, Guruvayoor Temple, News, attack, Cheating, Complaint, Marriage, Police, Kerala.
Previous Post Next Post