Follow KVARTHA on Google news Follow Us!
ad
Posts

എന്താ ബീഡിക്ക് ജി.എസ്.ടി ചുമത്തിയാല്?

സംസ്ഥാന വ്യാപകമായി ബീഡിത്തൊഴിലാളികള്‍ സമരത്തിലാണ്. പട്ടിണി വിരിയുന്ന Prathibha-Rajan, GST, Starvation, Smoking, Beedi.
നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kvartha.com 07.06.2017) സംസ്ഥാന വ്യാപകമായി ബീഡിത്തൊഴിലാളികള്‍ സമരത്തിലാണ്. പട്ടിണി വിരിയുന്ന സാമ്രാജ്യമാണവിടം. ബീഡിക്ക് ജിഎസ്ടി ചുമത്തിയാല്‍ സര്‍ക്കാരിന് നികുതി പിന്നേം കൂടും. മോങ്ങാനിരുന്ന പട്ടീടെ മേല്‍ തേങ്ങാ വീണതു കണക്കെ അര പട്ടിണിക്കാര്‍ക്ക് മുഴു പട്ടിണി സമ്മാനിക്കുകയാണ് ഫലമെന്ന് സമരം ആഹ്വാനം ചെയ്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറയുന്നു. ഇടതു സര്‍ക്കാരും തൊഴിലാളികളുടെ ഭാഗത്താണ്. ബീഡിക്ക് നികുതി ഏര്‍പ്പെടുത്താതെ രക്ഷിക്കണം അവരെ. ധനമന്ത്രി തോമസ് ഐസക്ക് അങ്ങനെ പ്രതികരിച്ചു.

ലോകാരോഗ്യ സംഘടന മുതല്‍ എല്ലാ ഭരണകൂടങ്ങളും പുകവലിക്കെതിരാണ്. നിങ്ങളുടെ ഹൃദയം സ്പോഞ്ചു പോലെയാണെന്ന പരസ്യം പോലെ പേടിപ്പെടുത്തുന്ന ദൗര്‍ബല്യമാണ് പുകവലി ശീലം. ഇളം തലമുറയില്‍ നിന്നും പുകവലി വിട്ടൊഴിഞ്ഞു കൊണ്ടിരിക്കുന്നതില്‍ നമുക്കാശ്വസിക്കാം. ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ സിഗരറ്റല്ല, ബീഡി വലിക്കുന്നവരാണ് ഇന്ത്യക്കാര്‍.

Article, Prathibha-Rajan, GST, Starvation, Smoking, Beedi, Why dont put GST on beedi?

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കണക്കില്‍ ഒരു വര്‍ഷം അവിടെ പുകവലി മൂലം 72,000 പേര്‍ മരിക്കുന്നു. സിഗരറ്റില്‍ പുകയിലയുണ്ട്. അതു അകത്തു ചെന്നാലുള്ള വിഷം പോലെയല്ല ബീഡിയില്‍. ഇലയില്‍ നിന്നും നിക്കോട്ടിനു പുറമെ ഫിനോലും, കാര്‍ബണ്‍ മോണോക്സൈഡും പുകവിഷമായെത്തും. വലിക്കുന്നവനും തെരക്കുന്നവനും വേഗത്തില്‍ രോഗിയാകും. ഇതൊക്കെ നന്നായറിയാവുന്നവരാണ് തൊഴിലാളി നേതാക്കള്‍. അവര്‍ക്ക് തൊഴിലാളികളുടെ ജീവന് ഭദ്രത വേണ്ട, മുദ്രാവാക്യം വിളിക്കാന്‍ കൈകളുയര്‍ന്നാല്‍ മതി.

2011ലെ കണക്കു പ്രകാരം രണ്ടു ലക്ഷത്തോളം തൊഴിലാളികളായിരുന്നു ഈ മേഖലയില്‍. ബീഡി ഉപേക്ഷിക്കാന്‍ ലോകം പറഞ്ഞു. വലി കുറഞ്ഞു, തൊഴിലാളികള്‍ ഒരു ലക്ഷമായി ചുരുങ്ങി. യുക്തിരഹിതമായും, മാനവികതയുടെ പിന്തുണയില്ലാതെയും ബീഡിമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തൃണവല്‍ഗണിച്ചുമാണ് നേതാക്കള്‍ അവരേയും കൂട്ടി സമരത്തിനിറങ്ങുന്നത്. കേരളത്തിലെ ബീഡി തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ചെങ്കൊടിയേന്തുന്നവരാണ്. അധികാരമുണ്ട്, ചെങ്കോലുണ്ട്, പാകത്തിനു പണവുമുണ്ട്. എന്‍ഡോസള്‍ഫാനു സമാനമായ ദുരിതം പേറുന്ന ഈ മേഖലയിലേക്ക് ഒന്ന് കണ്ണു പായിച്ചു കൂടെ ഈ സര്‍ക്കാരിന്. അതായിരിക്കും ഏറ്റവും വലിയ പുണ്യം.

തൊഴിലാളി സ്നേഹം പ്രദര്‍ശിപ്പിക്കേണ്ടതങ്ങനെയാണ്. ജി.എസ്.ടി എടുത്തു കളഞ്ഞാല്‍ അതെങ്ങനെ സാധിക്കും? ബീഡി തെറുത്തു കിട്ടുന്ന നികുതിപ്പണം കൊണ്ട് ജീവിച്ചു തീരാതെ ബാക്കി വന്ന ക്ഷയരോഗികളെ ആശ്വസിപ്പിക്കണം. ഈ പണം ഉപയോഗിച്ച് പദ്ധതികളുണ്ടാക്കണം. അതിനു മെനക്കെടാതെ കൊടിയെടുത്തു കൊടുത്ത് വെയിലത്തു നടത്തിയിട്ടെന്തു കാര്യം. അവര്‍ തെറുത്തു വിറ്റ കാശു കൊണ്ട് ബീഡി വലിച്ചവരുടെ കീശയില്‍ നിന്നും കോടികള്‍ സമാഹരിച്ചിട്ടുണ്ട് കേരളം.

പരസ്യമായി ബീഡി വലിച്ചു എന്ന കുറ്റത്തിനാണ് ഇത്രേം സംഖ്യ പിഴയായി കിട്ടിയത്. അതെങ്കിലും ഈ മേഖലയില്‍ ചിലവഴിച്ചിരുന്നെങ്കില്‍ ഒരു മെഡിക്കല്‍ കോളജ് വരെ ഇവര്‍ക്കായി നിര്‍മ്മിക്കാമായിരുന്നു. സര്‍വ്വം സഹയായ ഒരു കൂട്ടം തൊഴിലാളികളെ നേതാക്കള്‍ക്ക് ആവശ്യമുള്ളതു കൊണ്ടു മാത്രം പിടിച്ചു നിര്‍ത്തുക മാത്രമാണ് സമര ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, GST, Starvation, Smoking, Beedi, Why dont put GST on beedi?