Follow KVARTHA on Google news Follow Us!
ad

കോലാഹലങ്ങള്‍ അതിന്റെ വഴിക്കു പോകട്ടെ; മഞ്ജു വാര്യര്‍ കഥകളി പഠിക്കും, പിന്നെയെന്തൊക്കെ?

മുന്‍ ഭര്‍ത്താവ് ഉള്‍പ്പെട്ട വിവാദങ്ങളും കോലാഹലങ്ങളുമൊക്കെ കേരളം ചര്‍ച്ച ചെയ്യട്ടെ, പക്ഷേ, മഞ്ജു വാര്യര്‍ക്ക് ഇപ്പോള്‍ അതൊന്നും ശ്രദ്ധിച്ച് സമയം നഷ്ടപ്പെടുത്താനില്ല. അവര്‍Thiruvananthapuram, Kerala, News, Cinema, Manju Warrier, Entertainment, Manju Warrier's next is Kathakali at Kalamandalam
തിരുവനന്തപുരം: (www.kvartha.com 30.06.2017) മുന്‍ ഭര്‍ത്താവ് ഉള്‍പ്പെട്ട വിവാദങ്ങളും കോലാഹലങ്ങളുമൊക്കെ കേരളം ചര്‍ച്ച ചെയ്യട്ടെ, പക്ഷേ, മഞ്ജു വാര്യര്‍ക്ക് ഇപ്പോള്‍ അതൊന്നും ശ്രദ്ധിച്ച് സമയം നഷ്ടപ്പെടുത്താനില്ല. അവര്‍ കഥകളി പഠിക്കാനുള്ള പുറപ്പാടിലാണ്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചില സിനിമകള്‍ തീര്‍ന്നാലുടന്‍ കലാമണ്ഡലത്തില്‍ ചേരാന്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തുകഴിഞ്ഞുവെന്നാണ് വിവരം.

കമലാ സുരയ്യയുടെ ജീവിതത്തെയും സാഹിത്യത്തെയും അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ആമി'യാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രധാന ചിത്രം. കൂടാതെ ഇതരഭാഷാ ചിത്രങ്ങളിലേക്കും ക്ഷണമുണ്ട്. ആമി പൂര്‍ത്തിയാക്കിയിട്ട് കഥകളി പഠനത്തില്‍ ശ്രദ്ധിക്കുക, അതിന്റെ ഒരു ഘട്ടം പൂര്‍ത്തിയാക്കിയിട്ടുമാത്രം അടുത്ത സിനിമകളിലേക്ക് കടക്കുക എന്നാണ് മുഖ്യമായും ആലോചന.

എന്നാല്‍ ഇതര ഭാഷാ ചിത്രങ്ങളില്‍ ചിലത് ഉടന്‍തന്നെ ചിത്രീകരണം തുടങ്ങേണ്ടതാണെന്ന സൂചനയുമുണ്ട്. വൈകാതെ മഞ്ജു തന്നെ കഥകളി പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തും. ദിലീപുമായുള്ള വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിനു ശേഷമാണ് മഞ്ജു കുച്ചിപ്പുടി പഠിച്ച് അരങ്ങേറ്റം നടത്തിയത്. നേരത്തേ ഭരതനാട്യം പഠിച്ചിരുന്നു. അതിനു ശേഷമാണ് സിനിമയിലെത്തിയത്. വിവാഹ മോചനത്തിനുശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തെങ്കിലും മഞ്ജു വാര്യരുടെ വിവാഹം ഇപ്പോഴും അഭ്യൂഹങ്ങളില്‍ മാത്രം നിലനില്‍ക്കുകയാണ്. അതിനിടെയാണ് അവരുടെ പുതിയ തീരുമാനം.

അതേസമയം, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വന്നതോടെ കേരളത്തിലും പുറത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങള്‍ മഞ്ജു വാര്യരുടെ അഭിമുഖം ചോദിച്ച് ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ ആര്‍ക്കും അഭിമുഖം അനുവദിക്കുന്നില്ല. കഥകളി പഠനത്തേക്കുറിച്ചുകൂടി വെളിപ്പെടുത്തി സ്വകാര്യ ജീവിതത്തെ സ്പര്‍ശിക്കുന്ന അഭിമുഖവുമായി വൈകാതെ അവര്‍ രംഗത്തു വരുമെന്നും സൂചനയുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സിനിമക്കാര്‍ കൊച്ചിയില്‍ നടത്തിയ യോഗത്തില്‍ മഞ്ജു പങ്കെടുത്തിരുന്നു. സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്ന് അവര്‍ ആരോപിച്ചിരുന്നു. നടിക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. പിന്നീട് അവരുടെ നേതൃത്വത്തില്‍ വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ സിനിമാ രംഗത്തെ ഒരു വിഭാഗം വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടെങ്കിലും മഞ്ജു പരസ്യമായി ഈ പ്രശ്നത്തില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Cinema, Manju Warrier, Entertainment, Manju Warrier's next is Kathakali at Kalamandalam