Follow KVARTHA on Google news Follow Us!
ad

മത്സ്യങ്ങളില്‍ രാസവസ്തു കലര്‍ത്തിയാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനെന്ന പേരില്‍ വിഷമയമായ രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി Kerala, Cochin, Fishermen, Sea, River, Prime Minister, Crackdown on chemical preservation of fish.
കൊച്ചി: (www.kvartha.com 30.04.2017) മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനെന്ന പേരില്‍ വിഷമയമായ രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യങ്ങളില്‍ വിഷാംശം കണ്ടെത്തുന്ന റിപോര്‍ട്ടുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ലഭിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ചറല്‍ റിസര്‍ച്ചിന് കീഴിലുള്ള സെന്‍ട്രന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ വജ്രജൂബിലി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടലില്‍ നിന്നും കായലില്‍ നിന്നും പിടിച്ചെടുക്കുന്ന മത്സ്യം വില്‍പനയ്‌ക്കെത്തുന്നതു വരെ വിവിധ തലങ്ങളില്‍ കൈമാറ്റം ചെയ്യുന്നതിനിടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടം സംഭവിക്കുന്നുമുണ്ട്. മത്സ്യങ്ങള്‍ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്‌റ്റോറേജാണ് ഇതിന് പ്രതിവിധി. നിലവില്‍ കോള്‍ഡ് സ്‌റ്റോറേജുകള്‍ സംസ്ഥാനത്ത് ആവശ്യത്തിനില്ല. ഈ പരിമിതി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. മത്സ്യം സംഭരിക്കല്‍, കേടു കൂടാതെ സൂക്ഷിക്കല്‍ എന്നിവ അടക്കം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിലവിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ആരോഗ്യദായകമായ സാഹചര്യം എല്ലാടിയത്തും ഉണ്ടാകണം മുഖ്യമന്ത്രി പറഞ്ഞു.

Kerala, Cochin, Fishermen, Sea, River, Prime Minister, Crackdown on chemical preservation of fish.

അങ്ങേയറ്റം പാവപ്പെട്ടവരാണ് മത്സ്യമേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍. ആദിവാസികള്‍ക്ക് സമാനമായ ജീവിതം നയിക്കേണ്ടി വരുന്നവര്‍ പോലും നാട്ടിലുണ്ട്. അവരുടെ ജീവിതോപാധി മത്സ്യമാണ്. മത്സ്യലഭ്യതയില്‍ കുറവുണ്ടാകുന്നത് അവരുടെ ജീവിതത്തെ ബാധിക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ സിഫ്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. മത്സ്യബന്ധനം, സംസ്‌കരണം തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള സിഫ്റ്റ് നാടിന്റെ യശസ് ഉയര്‍ത്തുന്ന സ്ഥാപനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മത്സ്യബന്ധന യാനങ്ങളുടെ മേഖലയില്‍ സാങ്കേതികവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയെ കൂടുതല്‍ ഗുണപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കണം. നാട്ടില്‍ സുലഭമായി ലഭിക്കുന്ന തെങ്ങ്, റബര്‍ തടികള്‍ ഉപയോഗിച്ച് യാനങ്ങള്‍ നിര്‍മിക്കാന്‍ സിഫ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. യാനങ്ങളുടെ ചെലവ് കുറയുന്നത് മത്സ്യമേഖലയ്ക്ക് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യബന്ധന, മത്സ്യ സംസ്‌കരണമേഖലകളുമായുള്ള സഹവര്‍ത്തിത്വം സിഫ്റ്റ് കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇന്ധനക്ഷമതയുള്ള മത്സ്യബന്ധന യാനങ്ങള്‍, ഉത്തരവാദപൂര്‍ണമായ മത്സ്യബന്ധനോപകരണങ്ങള്‍, പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ എന്നിവ പരമ്പരാഗത മത്സ്യമേഖലയ്ക്കായി വികസിപ്പിച്ചെടുക്കണം. ശുചിത്വ പൂര്‍ണമായ മത്സ്യബന്ധനം, സംഭരണം, സംസ്‌കരണം എന്നിവയ്ക്ക് വഴികാട്ടാനും സിഫ്റ്റിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തില്‍ ഫോര്‍മലിനും അമോണിയയും പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തുന്നത് കണ്ടെത്താന്‍ പേപ്പര്‍ സ്ട്രിപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സിഫ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

പ്രാദേശികമായി ഇതിന് പ്രചാരം നല്‍കുന്നതിനും പേപ്പര്‍ സ്ട്രിപ്പുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, മേയര്‍ സൗമിനി ജയിന്‍, എം എല്‍ എമാരായ കെ ജെ മാക്‌സി, ഹൈബി ഈഡന്‍, സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ഐ സി എ ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി മൊഹാപാത്ര, ഡോ. സി എന്‍ രവിശങ്കര്‍, ഡോ. സുശീല മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Cochin, Fishermen, Sea, River, Prime Minister, Crackdown on chemical preservation of fish.