കോളജ് പ്രൊഫസര്‍ ലുക്കുള്ള നളിനി നെറ്റോ ഒരു വര്‍ഷം അധ്യാപികയുമായിരുന്നു; അവര്‍ വന്ന വഴികള്‍ ഇങ്ങനെ

തിരുവനന്തപുരം: (www.kvartha.com 31.03.2017)കേരളത്തിന്റെ നാല്‍പ്പത്തിരണ്ടാമത് ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന നളിനി നെറ്റോ മനക്കരുത്തും വിവേകവും കൊണ്ട് ജീവിതത്തെ പ്രസാദാത്മകമായി കാണുന്ന തിളങ്ങുന്ന വ്യക്തിത്വം. 'ഒരു ദിവസം നിര്‍വഹിക്കേണ്ട ചുമതലകളെല്ലാം സന്തോഷത്തോടെ പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ ആ ദിവസം എനിക്കു നല്ലതായി അനുഭവപ്പെടും. തൊട്ടുമുമ്പു കഴിഞ്ഞുപോയ നല്ല ദിവസത്തിന്റെ ഊര്‍ജ്ജത്തിലാണ് അടുത്തതിന്റെ തുടക്കം. അതുകൊണ്ട് ഒരു ദിവസവും ചീത്തയായി അനുഭവപ്പെടുന്നുമില്ല.' ഒരും അഭിമുഖത്തില്‍ നളിനി നെറ്റോ പറഞ്ഞു.

'നമ്മള്‍ എന്തു ചെയ്യണം എന്ന തീരുമാനത്തില്‍ നമുക്കും പങ്കുണ്ട് എന്നതു ശരിയാണ്. പക്ഷേ, അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത് നമ്മില്‍ നിന്നും ഉപരിയായ ഒരു ശക്തിയാണ്; ഏതു തീരുമാനവും അങ്ങനെതന്നെ. വിശ്വസിക്കാനാകാത്ത വിധം നമ്മുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചായി മാറുന്നു ആ ശക്തിയുടെ തീരുമാനങ്ങള്‍. വിനയമുള്ളവരായി മാറുകയല്ലാതെ മറ്റെന്താണു പിന്നെ മുന്നിലുള്ളത്? അവരുടെ ചോദ്യം. ഈഗോയ്ക്ക് ഇത്തിരിപ്പോലും ഇടമില്ലാതെ, നമ്മള്‍ ഇങ്ങനെയൊക്കെയായത് നമ്മുടെ മാത്രം മിടുക്കുകൊണ്ടല്ല എന്ന ഈ തിരിച്ചറിവുതെന്നയാണ് ഈശ്വര വിശ്വാസം. 'നളിനി നെറ്റോയുടെ വാക്കുകള്‍.'പ്രതീക്ഷിക്കാത്ത ഒരു അനുഭവം എനിക്ക് ഉണ്ടായി എന്നതു ശരിയാണ്. പക്ഷേ, അതില്‍ നിന്നൊരു കരുത്ത് ഉള്ളില്‍ രൂപപ്പെട്ടു. പിടിച്ചുനില്‍ക്കാന്‍ ദൈവം തരുന്ന ഉള്‍ക്കരുത്താണ് അത്. അന്നത്തെ നിലയില്‍ ഏതുവിധം നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുമോ അങ്ങനെ നന്നായിത്തന്നെ ഞാന്‍ ആ അനുഭവത്തിന്റെ തുടര്‍ദിനങ്ങളെ മാറികടന്നു.' നളിനി നെറ്റോയ്ക്കു നേരേ സെക്രട്ടേറിയറ്റിലെ ഓഫീസില്‍വച്ച് സ്വന്തം വകുപ്പുമന്ത്രിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തേക്കുറിച്ചാണ് ഈ പറയുന്നത്. അത് കേരളം ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്.

കേരളം ഇളകിമറിയുകയും മന്ത്രി രാജിവയ്ക്കുകയും ചെയ്തു. പിന്നീട് ഔദ്യോഗിക പദവികളില്‍ മാറ്റങ്ങള്‍ പലതുമുണ്ടായി. ശ്രദ്ധേയമായ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളും അവര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരിക്കെ പരാതികള്‍ക്കിട നല്‍കാതെ നടത്തി. അതിന് ഇടയില്‍ ഒന്നിലേറെ ഉപതരഞ്ഞെടുപ്പുകള്‍ വേറെയും. പിന്നീടാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായത്്. ഇപ്പോഴും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ളത് നല്ല വ്യക്തിബന്ധങ്ങള്‍; കേരളത്തിലെ രാഷ്ട്രീയക്കാര്‍ മാന്യമായി ആശയ വിനിമയം നടത്താന്‍ പറ്റുന്നവരാണ് എന്നാണ് അഭിപ്രായം. അതും അനുഭവത്തില്‍ നിന്നു ബോധ്യപ്പെട്ടതുതന്നെ. ഒരാളല്ലല്ലോ എല്ലാവരും.

രാഷ്ട്രീയം ഇപ്പോഴുമില്ല, പഠിക്കുന്ന കാലത്ത് തീരെയും ഉണ്ടായിരുന്നില്ല. സാധാരണ ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു. പഠനം തന്നെയായിരുന്നു പ്രധാനം. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളില്‍ അഞ്ചു മുതല്‍ 10 വരെ. പ്രീഡിഗ്രിയും ഡിഗ്രിയും ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍, പിജി യൂണിവേഴ്‌സിറ്റി കോളജില്‍. എംഎസ്്‌സി കെമിസ്ട്രിയായിരുന്നു.

രാഷ്ട്രീയമായ പക്ഷം പിടിക്കല്‍ ഇല്ല എന്നേയുള്ളു. പക്ഷേ, ആരെ തെരഞ്ഞെടുക്കണം, ആരെ അരുത് എന്ന് കൃത്യമായി ആലോചിച്ചു തീരുമാനിക്കുകതെയാണു ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ടു ചെയ്യുന്നുമുണ്ട് ഈ കോളജ് പ്രൊഫസര്‍ ലുക്കുള്ള ഐഎഎസ് ഓഫീസര്‍. 'രാഷ്ട്രീയ പക്ഷപാതിത്വം ഉള്ള ഉദ്യോഗസ്ഥര്‍ക്ക് നന്നായി ജോലി ചെയ്യാന്‍ സാധിക്കില്ല എന്നാണ് എന്റെ അഭിപ്രായം. നിഷ്പക്ഷരായിരിക്കുന്നതുതന്നെയാണു നല്ലത്. അനുഭവങ്ങളില്‍ നിന്നു ഞാന്‍ തിരിച്ചറിഞ്ഞതും അതുതെന്നയാണ്.

ശാസ്ത്രജ്ഞയാകാനായിരുന്നു ആഗ്രഹം. പഠനവും ആ വഴിക്കു തന്നെയായിരുന്നു. എംഎസ്്‌സിക്കു പഠിക്കുമ്പോഴാണ് മനസ് മാറിയത്. ശാസ്ത്രജ്ഞ എന്ന നിലയില്‍ വികസിക്കാന്‍ ആവശ്യമായ ഗവേഷണ സൗകര്യങ്ങളൊക്കെ ഇന്നത്തേക്കാള്‍ വളരെ കുറവ്. സാധ്യതകളേക്കാള്‍ പരിമിതികള്‍. 1978-80 കാലഘട്ടമാണ്. പിഎസ്്‌സി പരീക്ഷ എഴുതി കോളജ് അധ്യാപികയായി. ജൂനിയര്‍ ലക്്ചറര്‍ ആയി ജോലി കിട്ടിയത് ഓള്‍ സെയിന്റ്‌സ് കോളജില്‍. ഒരു വര്‍ഷം അധ്യാപിക. അപ്പോഴാണ് മദ്രാസ് ഐഐടിയില്‍ നിന്നു കത്തു വന്നതും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതും. വഴി ഉറപ്പിച്ചു, മദ്രാസിലേക്കല്ല. ആദ്യ ശ്രമത്തില്‍തന്നെ ഐഎഎസ് കിട്ടി. 1981 ബാച്ച് ഐഎഎസുകാരിയായി.


Keywords: Special story, Kerala, Thiruvananthapuram, Government, Teacher, News, Nalini Neto, Kerala's new Chief Secretary, College professor 

Previous Post Next Post