സാഹോദര്യ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ബാക്കിപത്രമാണ് എംടിക്കും കമലിനും നേരെയുള്ള അക്രമങ്ങള്‍: സി എം വിനയചന്ദ്രന്‍

കാസര്‍കോട്: (www.kvartha.com 31.01.2017) സാഹോദര്യ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നുള്ള ശ്രമത്തിന്റെ ബാക്കിപത്രമാണ് എം ടിക്കും കമലിനും നേരെയുള്ള അക്രമങ്ങളെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി എം വിനയചന്ദ്രന്‍. ഇത്തരം പ്രവണതകളെ ചെറുക്കാന്‍ നമ്മുടെ നാടിന്റെ ചരിത്രത്തെ കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ടാകണമെന്നും അതിനു വായനാശീലം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് പടന്നക്കാട് സി കെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് കോളജ് യൂണിയന്റെ 'വായനയും വര്‍ത്തമാനകാലവും' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്യാമ്പസുകളില്‍ വായനയും ചര്‍ച്ചകളും സംവാദങ്ങളും കുറഞ്ഞു വരുന്നു എന്ന് ആരോപിച്ച അദ്ദേഹം നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തെ പറ്റിയുള്ള ആശങ്കയും പങ്കുവച്ചു. 'മൊബൈല്‍ സ്‌ക്രീനിലേക്ക് മാത്രം ഒതുങ്ങി പോവുന്ന ഇന്നത്തെ യുവാക്കള്‍ മണ്ണില്‍ ഉയരുന്നതിനേക്കാള്‍ വലിയ മതിലുകള്‍ തങ്ങളുടെ മനസ്സില്‍ ഉയര്‍ത്തുകയാണ്. വായനയിലൂടെ വളരുന്ന ചിന്തകള്‍ കൊണ്ട് മാത്രമേ തെറ്റുകളെ പ്രതിരോധിക്കാനും അതിനെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും സാധിക്കുകയുള്ളുൂവെന്നും അദ്ദേഹം പറഞ്ഞു.

'ഒരോ കാലഘട്ടത്തിലേയും ദുഷ്പ്രവണതകളെ നിശിതമായി വിമര്‍ശിക്കാന്‍ എഴുത്തിനു മാത്രമേ സാധിക്കുകയുള്ളു. എന്നാല്‍  ഇന്ന് എഴുത്തുകാര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടു പിന്നിട്ട ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയുടെ  നേര്‍കാഴ്ച്ചയാണ് താഴ്ന്ന ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയിലൂടെ നാം കണ്ടത്'. വിനയചന്ദ്രന്‍ പറഞ്ഞു.

മതവും ജാതിയും ദേശസ്‌നേഹത്തിന്റെ പ്രതീകങ്ങളാകുന്ന കാലഘട്ടത്തില്‍ ദേശീയതയും സ്വാതന്ത്ര്യവും എന്താണെന്നറിയാന്‍ ഗാന്ധിജിയേയും ടാഗോറിനേയും വായിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥി സമൂഹത്തോട് ആവശ്യപ്പെട്ടു.

യൂണിയന്‍ ചെയര്‍മാന്‍ ജിതിന്‍ വി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ലീഷ്മ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ അശ്വതി നന്ദിയും പറഞ്ഞു. അധ്യാപകരായ ധന്യ, പ്രിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, kasaragod, Friends, Students, Kamal, Inauguration, Poet, CM Vinayachandran, Collge, Union, Vinayachandran on communal harmony  

Previous Post Next Post