പാവപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുമെന്ന് നയപ്രഖ്യാപനം

ന്യൂഡല്‍ഹി: (www.kvartha.com 31.01.2017) ജീവനക്കാര്‍ക്ക് ബാങ്കുകള്‍ മുഖേന ശമ്പളം നല്‍കാന്‍ തൊഴിലുടമകളെ പ്രാപ്തരാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അനൗപചാരിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ നേട്ടമാകുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനു കീഴില്‍ ആരോഗ്യ പരിരക്ഷകളും പ്രോവിഡന്റ് ഫണ്ട് വഴി സാമൂഹിക സുരക്ഷയും ഇത് ഉറപ്പുവരുത്തും.

വ്യത്യസ്ഥമായ ഈണങ്ങളാണ് വരുത്തുന്നതെങ്കിലും അവ ഒന്നിച്ചു ചേരുമ്പോള്‍ മനോഹര മെലഡി ആകുന്ന സിതാറിന്റെ കമ്പികള്‍ പോലെ വ്യത്യസ്ഥ വിശ്വാസങ്ങളും മതങ്ങളും പിന്തുടരുന്ന ജനത ഇന്ത്യയുടെ ആത്മാവ് ഉള്‍ക്കൊള്ളുകയും രാഷ്ട്രത്തിന്റെ കരുത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നു. ഈ വര്‍ഷം നാം മുന്നൂറാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ച ബാബാ ബന്‍ഡാ സിംഗ് ബഹാദൂറിന്റെ ധീരതയും ത്യാഗവും; സമീപകാലത്ത് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട മദര്‍ തെരേസയുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ ഊര്‍ജവും നമ്മെ തുല്യ നിലയില്‍ പ്രചോദിപ്പിക്കുന്നു.

എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ളവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കുന്നുവെന്ന് ഉറപ്പാക്കുന്ന നിരവധി നടപടികള്‍ എന്റെ സര്‍ക്കാര്‍ സ്വീകരിക്കുകയും മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍, പാഴ്‌സികള്‍, ജൈനര്‍ എന്നീ ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന വികസന സമീപനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. അവരുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പുകള്‍ നടപ്പാക്കുകയും അവരുടെ സാമ്പത്തിക ശാക്തീകരണത്തിന് നൈപുണ്യ വികസനത്തിനും സീഖോ ഓര്‍ കമാവോ, ഉസ്താദ്, നയീ മന്‍സില്‍ പോലുള്ള പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു.

ഓരോ മഴവെള്ളത്തുള്ളിയും നീര്‍ച്ചാലുകളും ചെന്നു ചേരുന്നത് സമുദ്രത്തിലാണ് എന്നതുപോലെ, എന്റെ സര്‍ക്കാരിന്റെ ഓരോ നയവും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കുന്നതാണ്. വീടില്ലാത്തവര്‍ക്ക് വീടുകള്‍ നല്‍കുന്നത് മുതല്‍ വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കുന്നതു വരെ, പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചക വാതകം നല്‍കുന്നത് മുതല്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നതു വരെ, ജന്‍ധന്‍ മുതല്‍ ജന്‍സുരക്ഷ വരെ, പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ആരോഗ്യ പരിരക്ഷ മുതല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വരെ......എന്റെ സര്‍ക്കാരിന്റെ എല്ലാ നയങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് പാവപ്പെട്ടവരുടെ ക്ഷേമത്തിലാണ്.

50 ലക്ഷം ജീവനക്കാര്‍ക്കും 35 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതിന്റെ മെച്ചം ലഭിക്കും. പലിശ നിരക്കിലെ ഏറ്റിറക്കങ്ങളുടെ പ്രത്യാഘാതത്തില്‍ നിന്ന് മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന് മുതിര്‍ന്ന പൗരന്മാരുടെ പലിശ നിരക്ക് പത്തു വര്‍ഷക്കാലത്തേക്ക് പ്രതിമാസം എട്ടു ശതമാനമാക്കി നിശ്ചയിച്ചു.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ശാക്തീകരിക്കപ്പെടാത്തവരുമായ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ തുല്യത നമ്മുടെ ഭരണഘടനയുടെ പ്രഥമ വാഗ്ദാനമാണ്. ഈ വാഗ്ദാനം സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്റ്റാന്‍ഡപ്പ് ഇന്ത്യാ സംരംഭത്തിലൂടെ രണ്ടര ലക്ഷത്തിലധികം പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെയും വനിതാ സംരംഭകരെയും ശാക്തീകരിക്കാന്‍ എന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സംരഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന് 490 കോടി രൂപ പ്രാരംഭ വീഹിതത്തോടുകൂടി ദേശീയ പട്ടിക ജാതി/ പട്ടിക വര്‍ഗ ഹബ് സ്ഥാപിച്ചിരിക്കുന്നു.

വനാവകാശ നിയമത്തിനു കീഴില്‍ 55.4 ലക്ഷം ഏക്കറിലധികം വനഭൂമിയില്‍ ഏകദേശം 16.5 ലക്ഷം വ്യക്തിഗത വനാവകാശ പട്ടയങ്ങള്‍ അനുവദിച്ചു. കൂടാതെ, ഏകദേശം 47 ലക്ഷത്തോളം ഏക്കര്‍ വനഭൂമിയില്‍ സാമൂഹിക വനാവകാശ പട്ടയങ്ങള്‍ വിതരണം ചെയ്തു.

നമ്മുടെ ധാതു സമ്പത്ത് പ്രദേശങ്ങള്‍ യാദൃശ്ചികമായി വന്‍തോതില്‍ ഉള്ളത് നമ്മുടെ രാജ്യത്തെ ആദിവാസി ആവാസ കേന്ദ്രങ്ങളിലാണ്. സുസ്ഥിര ഖനനവും ഒപ്പം ഖനന മേഖലകളിലെ ആദിവാസികളുടെയും പാവപ്പെട്ട നിവാസികളുടെയും മെച്ചത്തിനു വേണ്ടിയുള്ള പ്രാദേശിക വികസനവും പ്രധാനമന്ത്രി ഖനിജ് ക്ഷേത്ര കല്യാണ്‍ യോജന ഉറപ്പുവരുത്തും. ജില്ലാതല മിനറല്‍ ഫൗണ്ടേഷന്‍ ഇതുമായി ബന്ധപ്പെട്ട ഒരു നൂതന സംരംഭമാണ്.

ആദിവാസി ഉപ പദ്ധതിക്കു കീഴിലുള്ള വിഹിതം എന്റെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ആദിവാസികളുടെ ശാക്തീകരണത്തിനു വേണ്ടി വന്‍ബന്ധു കല്യാണ്‍ യോജനയ്ക്കു കീഴില്‍ 14 വ്യത്യസ്ഥ മേഖലകള്‍ കണ്ടെത്തി. ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷനു കീഴില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 300 കൂട്ടായ്മകളില്‍ 100 എണ്ണം ആദിവാസി മേഖലകളിലായിരിക്കും വികസിപ്പിക്കുക.

കാഴ്ചയില്ലാത്തവര്‍ക്കുള്ള 2014ലെ ലോക കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുണ്ടായ വിജയവും 2016ലെ റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ പാരാലിംപിക്‌സ് സംഘത്തിന്റെ വിജയവും വേറിട്ട കഴിവുകളുള്ള നമ്മുടെ പ്രതിഭകള്‍ക്ക് അവസരം ലഭിച്ചാല്‍ മഹത്തായ ഉയരങ്ങളില്‍ എത്താന്‍ സാധിക്കും എന്ന് കാട്ടിത്തന്നു. വേറിട്ട കഴിവുകളുള്ളവര്‍ക്ക് വികസനത്തില്‍ തുല്യ അവസരങ്ങള്‍ ലഭ്യമാക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വേറിട്ട കഴിവുകളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലുള്ള സംവരണം മൂന്നു ശതമാനത്തില്‍ നിന്ന് നാല് ആക്കി ഉയര്‍ത്തിക്കൊണ്ട് തസ്തികകളിലെ മുന്‍കാല നഷ്ടം നികത്താന്‍ എന്റെ സര്‍ക്കാര്‍ തീവ്രനടപടികളിലാണ്. 2014 മെയ് മുതല്‍ രാജ്യമെമ്പാടും സംഘടിപ്പിച്ച 4700 പ്രത്യേക സഹായ ക്യാമ്പുകള്‍ 6 ലക്ഷത്തിലേറെ വേറിട്ട കഴിവുകളുള്ളവര്‍ക്ക് ഗുണകരമായി.

സുഗമ്യ ഭാരത് അഭിയാന്‍ പൊതുസ്ഥലങ്ങളില്‍ വേറിട്ട കഴിവുകളുള്ളവരുടെ പ്രാപ്യത മെച്ചപ്പെടുത്തി. ഇതാദ്യമായി, സംസാര- ഭാഷാ വൈകല്യവും കൃത്യമായി ഗ്രഹിക്കുന്നതിനുള്ള വൈകല്യവും വൈകല്യങ്ങളുള്ള വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച 2016ലെ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. പൊതുവായ ഒരു അടയാള ഭാഷ രാജ്യത്തിനാകെ വികസിപ്പിച്ചു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധി മാന്ദ്യം എന്നിവയും ബഹുതല വൈകല്യങ്ങളും അഭിമുഖീകരിക്കുന്ന വേറിട്ട കഴിവുകളുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നിരാമയ സ്വാസ്ഥ്യ ബീമാ യോജന ലഭ്യമാക്കുന്നു.

എല്ലാ മേഖലകള്‍ക്കും സമതുലിതവും നിഷ്പക്ഷവുമായ വികസനം ഇന്ത്യയുടെ പുരോഗതിക്ക് നിര്‍ണായകമാണ്. ഫലപ്രദമായ 'ആക്റ്റ് ഈസ്റ്റ്' നയത്തിലൂടെ എന്റെ സര്‍ക്കാര്‍ കിഴക്കന്‍ മേഖലയുടെയും വടക്കു കിഴക്കന്‍ മേഖലയുടെയും ഒറ്റപ്പെടല്‍ കുറയ്ക്കുന്നതിന് റോഡ്. റെയില്‍, വ്യോമ, ടെലികോം, വൈദ്യുതി, ജലമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ ഊന്നല്‍ നല്‍കുന്നു.

2500 കിലോമീറ്റര്‍ നീളമുള്ള ജദ്ഗിഷ്പൂര്‍-ഹാല്‍ദിയ-ബൊക്കാറോ-ധര്‍മ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി സ്ഥാപിച്ച് എന്റെ സര്‍ക്കാര്‍ പ്രധാനമന്ത്രി ഊര്‍ജ ഗംഗാ തുടങ്ങി. 12,500 കോടി രൂപ മുതല്‍ മുടക്കുള്ള ഈ പദ്ധതി അഞ്ച് സംസ്ഥാനങ്ങളുടെ ഊര്‍ജാവശ്യം നിറവേറ്റുകയും 40 ജില്ലകളിലൂടെയും 2,600 ഗ്രാമങ്ങളിലൂടെയും കടന്നുപോവുകയും ചെയ്യും. മൂന്ന് വന്‍കിട വളം പ്ലാന്റുകളും 20ല്‍ അധികം നഗരങ്ങളിലെ വ്യവസായവല്‍ക്കരണത്തെയും 7 നരഗങ്ങളിലെ വാതക നെറ്റുവര്‍ക്ക് വികസനത്തെയും ഈ പദ്ധതി പുനരുജ്ജീവിപ്പിക്കും.

ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുന്ന അഷ്ടലക്ഷ്മിയായാണ് എന്റെ സര്‍ക്കാര്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കാണുന്നത്. വടക്കു കിഴക്ക് ദക്ഷിണ കിഴക്കന്‍ ഏഷ്യയുടെ കവാടമാണ്. മേഖലയിലെ സാമ്പത്തിക വികസനം പ്രോല്‍സാഹിപ്പിക്കുന്നതിന് നാം നമ്മുടെ അയല്‍ രാജ്യങ്ങളിലേക്ക് റോഡ്, റെയില്‍ മാര്‍ഗം തുറക്കുകയാണ്.

തടസങ്ങളില്ലാത്ത പിന്തുണ ഉറപ്പാക്കുന്നതിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനത്തിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായ മാതൃകയില്‍ പ്രത്യേക വിഹിതം തുടരുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള അനുപാതം 90:10 എന്ന ക്രമത്തിലും കേന്ദ്രാവിഷ്‌കൃതമല്ലാത്ത പദ്ധതികള്‍ക്ക് ഈ സംസ്ഥാനങ്ങള്‍ക്ക് 80: 20 അനുപാതത്തിലും സഹായങ്ങള്‍ നല്‍കുകയും ചെയ്യും.

ഈ വര്‍ഷം അവസാനത്തോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ മീറ്റര്‍ ഗേജ് ട്രാക്കുകളും ബ്രോഡ് ഗേജിലേക്കു മാറ്റും. റെയില്‍വെ ഈ മേഖലയില്‍ പതിനായിരം കോടി രൂപയുടെ വന്‍കിട വികസനം ഏറ്റെടുക്കും. അരുണാചല്‍പ്രദേശും മേഘാലയയും റെയില്‍ മാപ്പില്‍ വരും, ത്രിപുരയിലെ അഗര്‍ത്തല ബ്രോഡ്‌ഗേജ് ലൈനുമായി ബന്ധിപ്പിക്കും.

ദി ബ്രഹ്മപുത്ര ക്രാക്കര്‍ ആന്റ് പോളിമര്‍ ലിമിറ്റഡ്, നുമലിഗാര്‍ റിഫൈനറി ലിമിറ്റഡിന്റെ മെഴുക് യൂണിറ്റ് എന്നിവ വടക്കു കിഴക്കന്‍ മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയില്‍ സര്‍ക്കാര്‍ വടക്കു കിഴക്കന്‍ ബിപിഒ പ്രോല്‍സാഹന പദ്ധതി അംഗീകരിച്ചു.

വടക്കു കിഴക്കിന്റെ ഭംഗിയും വൈവിധ്യവും അതിനെ ഒരു സ്വാഭാവിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. വടക്കു കിഴക്കന്‍ മേഖലയെ ഒരു പ്രമേയപരമായ വലയമായി വിനോദ സഞ്ചാര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നു. രാജ്യത്തെ മലയോര മേഖലകളിലും മറ്റിടങ്ങളിലും മുമ്പില്ലാത്ത വിധം ഉണ്ടായ വെള്ളപ്പൊക്ക കെടുതികള്‍ നേരിടുന്നതിന് എന്റെ സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കി.

ഹൈവേകള്‍ മുതല്‍ ഐ-വേകള്‍ വരെ; റെയില്‍പാതകള്‍ മുതല്‍ ജലപാതകള്‍ വരെ; തുറമുഖങ്ങള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെ; ഗ്രാമീണ അടിസ്ഥാന സൗകര്യം മുതല്‍ സ്മാര്‍ട് സിറ്റികള്‍ വരെ നിര്‍ണായകമായ പുതിയ തലമുറ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതില്‍ എന്റെ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ലഭിക്കുന്നു.

റെയില്‍വേ ആധുനീകരണത്തിന് എക്കാലത്തെയും ഏറ്റവും വലിയ മൂലധന നിക്ഷേപമായ 1.21 ലക്ഷം കോടി രൂപ ലഭ്യമാക്കി. എല്ലാ ഗ്രാമീണ പ്രദേശങ്ങളും എല്ലാ കാലാവസ്ഥാ റോഡുകളുമായും ബന്ധിപ്പിക്കാന്‍ എന്റെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. 73000 കിലോമീറ്റര്‍ റോഡുകളാണ് ഗ്രാമീണ മേഖലയില്‍ നിര്‍മിച്ചിരിക്കുന്നത്. 44 ഇടതു തീവ്രവാദ ബാധിത ജില്ലകളിലെ അയ്യായിരം കിലോമീറ്ററില്‍ അധികം റോഡുകള്‍ നിലവാരം ഉയര്‍ത്തി.

President's address in Parliament, New Delhi, BJP, News, Parliament, National

 ദേശീയ വ്യോമയാന നയം ചെറുകിട നഗരങ്ങളിലെയും പട്ടണങ്ങളിലെയും വ്യോമ ബന്ധത്തിന് വന്‍തോതില്‍ പ്രോല്‍സാഹനം നല്‍കും. ഭാരത്‌നെറ്റ് പദ്ധതിക്കു കീഴില്‍ ഇപ്പോള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ 75,700ല്‍ അധികം ഗ്രാമ പഞ്ചായത്തുകളെ ആവരണം ചെയ്യുന്നത് 2014 മേയില്‍ വെറും 59 മുതലാക്കി ഉയര്‍ത്തും.

മീറ്ററോളജിക്കല്‍, നാവിഗേഷന്‍, ഭൗമ നിരീക്ഷണം, ആശയവിനിമയ ഉപഗ്രഹം എന്നിവയില്‍ 8 ദൗത്യ നിര്‍വഹണികള്‍ ഇന്ത്യ വിക്ഷേപിച്ചു. ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷനല്‍ സാറ്റലൈറ്റ് സിസ്റ്റംസ്, നാവിക് ന്റെ ഏഴ് ഉപഗ്രഹ നക്ഷത്രവ്യൂഹം ഐഎസ്ആര്‍ഒ പൂര്‍ത്തീകരിച്ചു. ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും കൂടുതല്‍, 20 ഉപഗ്രഹങ്ങള്‍ ഈ വര്‍ഷം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒയുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി ചേര്‍ത്തു.

നമ്മുടെ സമുദ്ര സമ്പത്തിന് മതിയായ മൂല്യം നല്‍കാനും സമുദ്രാധിഷ്ഠിത വികസനത്തിന് പുതിയ ഒരു ഉത്തേജനം നല്‍കാനും എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തുറമുഖാധിഷ്ഠിത വികസനത്തിനുള്ള സാഗര്‍മാല പദ്ധതിക്കു കീഴില്‍ മൂന്നു ലക്ഷം കോടി രൂപ മുതല്‍ മുടക്കുള്ള 199 പദ്ധതികള്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് നടപ്പാക്കും. ഇതില്‍ ഒരു ലക്ഷം കോടിയില്‍ അധികം രൂപയുടെ പദ്ധതികള്‍ ഇപ്പോള്‍ത്തന്നെ നടപ്പാക്കലിലാണ്. ഇന്ത്യന്‍ ഉപദ്വീപിലെ സമുദ്രങ്ങളിലുള്ള നമ്മുടെ 1383 ദ്വീപുകളില്‍ 26 എണ്ണം തുടക്കമെന്ന നിലയില്‍ സംയോജിത വികസനത്തിന് ലക്ഷ്യം വയ്ക്കുന്നു. മല്‍സ്യബന്ധനത്തില്‍ സുസ്ഥിര വികസനം ഊന്നുന്ന നീല സമ്പദ്ഘടന നമ്മുടെ പ്രത്യേക ശ്രദ്ധയില്‍ തുടരും.

തെളിഞ്ഞ ഊര്‍ജത്തോടുള്ള നമ്മുടെ പ്രതിബദ്ധതയിലെ ഒരു ആവര്‍ത്തിച്ചുറപ്പിക്കലായി, എന്റെ സര്‍ക്കാര്‍ വന്‍ കുതിപ്പു നടത്തിക്കൊണ്ട് നവീകരിക്കാവുന്ന ഊര്‍ജ ശേഷി 175 ജിഗാ വാട്ട്‌സ് എന്ന നമ്മുടെ ലക്ഷ്യത്തെ മുന്‍നിര്‍ത്തി 47 ജിഗാ വാട്ട്‌സ് ആയി വൈകാതെ വര്‍ധിപ്പിക്കും.

ഗ്രാമീണ അടിസ്ഥാന സൗകര്യത്തിന് പുതിയൊരു ഉത്തേജനം നല്‍കിക്കൊണ്ട് 2015-20 കാലയളവിലേക്കായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് കെട്ടുപാടില്ലാത്ത സാമ്പത്തിക സ്രോതസായി രണ്ടുലക്ഷം കോടി രൂപ കൈമാറി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 2016-17ല്‍ അനുവദിച്ച 47 കോടി രൂപ ഈ പദ്ധതിക്ക് ഇതുവരെ നീക്കിവച്ചതില്‍ ഏറ്റവും അധികമാണ്. ഈടുനില്‍ക്കുന്ന സ്വത്തുകള്‍ സൃഷ്ടിക്കാനും ഗ്രാമീണ അടിസ്ഥാന സൗകര്യത്തിനുമാണ് ഇനി ഊന്നല്‍.

നഗര അടിസ്ഥാന സൗകര്യത്തിന് ഒരു വലിയ പ്രോല്‍സാഹനം നല്‍കാന്‍ 500 നഗരങ്ങളുടെ വാര്‍ഷിക കര്‍മ പദ്ധതിക്ക് അമ്പതിനായിരം കോടി രൂപയുടെ സഹായം അംഗീകരിച്ചു. അഹമ്മദാബാദ്, നാഗ്പൂര്‍, പൂനെ എന്നീ നഗരങ്ങളില്‍ മെട്രോ അനുവദിക്കുകയും ചെന്നൈ മെട്രോയുടെ നീട്ടലിന് അനുമതി നല്‍കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Also Read:
മന്‍സൂര്‍ അലിയെ കൊലപ്പെടുത്തിയശേഷം കവര്‍ന്ന പണത്തില്‍നിന്നും സലാം പൂജ നടത്താന്‍ കാല്‍ ലക്ഷം രൂപ നല്‍കി; ദര്‍ഗയിലെ ഭണ്ഡാരത്തിലും പണം നിക്ഷേപിച്ചു

Keywords: President's address in Parliament, New Delhi, BJP, News, Parliament, National.
Previous Post Next Post