താര രാജാക്കന്മാരും റാണികളും മുൻ നിരയിൽ നിന്ന് സമരം നയിക്കുന്നു! അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ അമേരിക്കയിലും അസ്വസ്ഥതയുടെ കാറ്റ് വീശുമ്പോള്‍, അധികാരമേറ്റ ആദ്യ ആഴ്ചയില്‍ തന്നെ ട്രംപിനെതിരെ തിരിഞ്ഞ് സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ

ന്യൂയോര്‍ക്ക്: (www.kvartha.com 30.01.2017) അമേരിക്കയിൽ മുമ്പെങ്ങുമില്ലാത്ത വിധം പ്രസിഡന്റിനെതിരെ പ്രതിഷേധ പരിപാടികള്‍ നടന്നുവരികയാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ രാജ്യത്ത് പ്രതിഷേധം ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ ആ പ്രതീക്ഷയ്ക്കുമപ്പുറമുള്ള പ്രതിഷേധമാണ് ഇപ്പോൾ നടന്നുവരുന്നത്. അധികാരമേറ്റതിന് പിന്നാലെ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ രാജ്യത്ത് പ്രവേശിക്കുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ ട്രംപിനെതിരെ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ തെരുവിലിറങ്ങിയിരിക്കുകയാണ്.


ജെ എഫ് കെന്നഡി വിമാനത്താവളത്തിന് പുറത്ത് ആയിരങ്ങള്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ അണിനിരന്നു. ട്രംപ് അധികാരമേറ്റത് മുതല്‍ രാജ്യത്ത് ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ ഓരോ ദിവസം കൂടുമ്പോഴും ശക്തിയാര്‍ജിക്കുകയാണ്. സെലിബ്രിറ്റിയായ റിഹന്നയും കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ട്രംപിനെ വളരെ രൂക്ഷമായ ഭാഷയിലാണ് അവര്‍ വിമര്‍ശിച്ചത്. അമേരിക്കന്‍ നടിയായ കെറി വാഷിംങ്ടണ്‍ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ ട്രംപിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നു. മോഡലായ ക്രിസ്സി ടെയ്ഗന്‍ മനുഷ്യ പിശാച് എന്നാണ് ട്രംപിനെ വിശേഷിപ്പിച്ചത്.


മറ്റൊരു സെലിബ്രിറ്റിയായ മിലെ സൈറസ് അഭയാര്‍ത്ഥികളെ പിന്തുണച്ച് ട്വിറ്റര്‍ പോസ്റ്റിട്ടു. എന്നാല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് കിം കര്‍ദാശിയാന്റെ പോസ്റ്റായിരുന്നു. അമേരിക്കയില്‍ ഓരോ വര്‍ഷവും ശരാശരി കൊല്ലപ്പെടുന്നവരുടെ ലിസ്റ്റായിരുന്നു കര്‍ദാശിയാന്‍ പോസ്റ്റിയത്. ഈ ലിസ്റ്റിലെ കണക്കനുസരിച്ച് കുടിയേറ്റക്കാരായ ഇസ്ലാമിസ്റ്റുകളാല്‍ ശരാശരി രണ്ട് പേര്‍ മാത്രമാണ് വര്‍ഷത്തില്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ അമേരിക്കന്‍ പൗരന്‍മാര്‍ നടത്തുന്ന കൂട്ടക്കുരുതികളിൽ കൊല്ലപ്പെടുന്നത് 11,000 പേരും.ജോണ്‍ ലിജെന്‍ഡ്, അലയ്സ്സാ മിലാനോ, റിക്കി ഗെര്‍വൈസ്, എമ്മി റോസ്സം, അമേരിക്ക ഫെറേറ, സിയ, റോസി എന്നിങ്ങനെ നീണ്ടുപോകുന്നു ട്രംപിനെതിരെ പ്രതികരിച്ച സെലിബ്രിറ്റികളുടെ ലിസ്റ്റുകള്‍. പുതിയ കുടിയേറ്റ നയം രാജ്യത്ത് തീവ്രവാദം വളരാന്‍ വഴിയൊരുക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അറബ് രാജ്യങ്ങളിലുണ്ടായ തരത്തിലുള്ള അസ്വസ്ഥതകളാണ് ഇപ്പോള്‍ അമേരിക്കയിലും കണ്ടുവരുന്നത്. ഇത് രാജ്യത്തെ പിന്നോട്ടടിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. സാധാരണ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എതിര്‍പാര്‍ട്ടികളുടെ പ്രതിഷേധം ഉണ്ടാകാറുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ പ്രതിഷേധ കാറ്റാണ് അമേരിക്കയില്‍ വീശിയടിക്കുന്നത്.


കുടിയേറ്റ നയം കൂടാതെ മെക്‌സിക്കന്‍ മതില്‍ നിര്‍മാണവും ട്രംപിന്റെ തെറ്റായ തീരുമാനമാണെന്നാണ് പൊതുവെ വിശേഷിക്കപ്പെടുന്നത്. പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. അമേരിക്ക വിലക്കിയ ഏഴ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവരെ കാനഡ തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇതുകൂടാതെ അമേരിക്കയിലെ പല കമ്പനികളുടെ ട്രംപിനെതിരെ തിരിഞ്ഞിരിക്കുകയാണ്.


അറബ് രാജ്യങ്ങളില്‍ ആദ്യം ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുകയും, അത് പിന്നീട് രക്തരൂക്ഷിത വിപ്ലവത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഏകാധിപത്യ ഭരണത്തിനെതിരെയായിരുന്നു ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവം ആരംഭിച്ചത്. ഒടുവില്‍ ഏകാധിപതിയായ മുഅമ്മര്‍ ഗദ്ദാഫി വധിക്കപ്പെട്ടുവെങ്കിലും ആയിരങ്ങളുടെ ജീവനുകളാണ് പൊലിഞ്ഞത്. മറ്റു അറബ് രാജ്യങ്ങളില്‍ തീവ്രവാദം വളരാന്‍ സഹായിച്ചത് ആഭ്യന്തര യുദ്ധങ്ങളായിരുന്നു. അമേരിക്കയില്‍ ട്രംപ് ഏകാധിപത്യ ഭരണത്തിന് തുടക്കം കുറിച്ചാല്‍ രാജ്യത്തെ വന്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും, ഈജിപ്തും, യെമനും പോലുള്ള രാജ്യങ്ങള്‍ ട്രംപിന് പാഠപുസ്തകമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.


40 വര്‍ഷത്തിനിടെ പ്രസിഡന്റുമാര്‍ക്കു ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ ജനപ്രീതിയാണ് (40 ശതമാനം) ട്രംപിന് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 2009ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഒബാമയുടെ ജനപ്രീതി 84 ശതമാനമായിരുന്നു. ജോര്‍ജ് ഡബ്ല്യു ബുഷ് അധികാരത്തിലേറിയത് 62 ശതമാനം പേരുടെ പിന്തുണയോടെയാണ്.

ജനപ്രീതി കുറഞ്ഞ പ്രസിഡന്റിനെതിരെ രാജ്യത്ത് നിന്ന് ഇത്തരത്തിലൊരു പ്രതിഷേധം ഉയരുമ്പോള്‍ സ്വാഭാവികമായും അത് അമേരിക്കയില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കും. എന്നാല്‍ ട്രംപിന്റെ ഓരോ തീരുമാനങ്ങളും വളരെ ആസൂത്രിതമായിരിക്കാമെന്നും വിലയിരുത്തുന്നവരുമുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Keywords: New York, America, President Election, Protest, World, Trending, Dozens of 'disgusted' A-listers join the chorus of disapproval against Trump's 'Muslim ban'.
Previous Post Next Post