Follow KVARTHA on Google news Follow Us!
ad

2017 ലെ പത്മാ പുരസ്‌ക്കാരങ്ങള്‍: അസാധാരണ കഴിവുകളുള്ള സാധാരണ ഇന്ത്യക്കാര്‍

കരിമുള്‍ ഹഖിനും നിവേദിത ഭിഡേയ്ക്കും പൊതുവായി യാതൊന്നുമില്ല. വിദ്യാഭ്യാസ, കുടുംബ പശ്ചാPadma awards, Award, Article, Padma Awards 2017- Ordinary Indians with Extraordinary Capabilities
നിവേദിത ഖണ്ഡേക്കര്‍

(www.kvartha.com 31.01.2017) കരിമുള്‍ ഹഖിനും നിവേദിത ഭിഡേയ്ക്കും പൊതുവായി യാതൊന്നുമില്ല. വിദ്യാഭ്യാസ, കുടുംബ പശ്ചാത്തല, സാമ്പത്തിക സ്ഥിതിയിലും എന്തിനേറെ ജീവിക്കുന്ന സാഹചര്യങ്ങളിലും പ്രദേശങ്ങളിലും പോലും വ്യത്യസ്തരാണ് ഇരുവരും. എന്നാല്‍ ഇത്രയേറെ വ്യത്യസ്തതകള്‍ക്കിടയിലും അവര്‍ക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. തങ്ങള്‍ക്ക് ചുറ്റുമുള്ളവരെ സഹായിക്കുകയെന്ന സമാന മനോഭാവമാണ് ഇരുവരെയും ഒന്നിപ്പിക്കുന്ന ഏക ഘടകം.

കന്യാകുമാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ കേന്ദ്രത്തിലെ നിവേദിത രഘുനാഥ് ഭിഡേ എന്ന സ്ത്രീയെക്കുറിച്ചോ പശ്ചിമ ബംഗാളിലെ ഒരു തേയിലതോട്ടം തൊഴിലാളിയായ കരിമുള്‍ ഹഖിനെക്കുറിച്ചോ അധികമൊന്നും കേള്‍ക്കാനും വായിക്കാനും അറിയാനുമുള്ള സാഹചര്യം നമ്മില്‍ പലര്‍ക്കും ഉണ്ടായിരിക്കില്ല. എന്നാല്‍ അസാധാരണ കഴിവുകളുള്ള സാധാരണ ഇന്ത്യാക്കാരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവരാണ് ഈ രണ്ടു വ്യക്തികളും.




''നമ്മുടെ നാടിന് വേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന ചോദ്യമാണ് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ പരമപ്രധാനമായ അര്‍ത്ഥതല''മെന്ന വിവേകാനന്ദ ദര്‍ശനമാണ് ഭിഡേ പിന്തുടരുന്നത്. വിവേകാനന്ദ കേന്ദ്രത്തിന്റെ ദേശീയ വൈസ് പ്രസിഡന്റു കൂടിയായ ഭിഡേ 2013 ജനുവരി 12ന് ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി (ഐ.ഐ.എം)ലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിന്റെ അന്തസ്സത്തയും ഇതായിരുന്നു. ''രാജ്യത്തിന്റെ ദാരിദ്ര്യവും അറിവില്ലായ്മയും കണ്ട് മനസ്സുമടുത്ത് ദുഃഖിതനായി 1892ല്‍ കന്യാകുമാരിയില്‍ എത്തിചേര്‍ന്ന സ്വാമി വിവേകാനന്ദന്‍, അവിടെ വച്ചാണ് തന്റെ ആത്യന്തികമായ ജീവിതവീക്ഷണത്തിന് രൂപം നല്‍കിയത്.

സ്വന്തം നാടിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഓരോരുത്തരും സ്വയം ചോദിക്കുമ്പോഴാണ് ജീവിതത്തിന് പരമപ്രധാനമായ അര്‍ത്ഥം കൈവരുന്നതെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു''-അവര്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ ദാരിദ്ര്യവും അറിവില്ലായ്മയും കണ്ടുമടുത്ത് കന്യാകുമാരിയില്‍ എത്തുന്നതിന് മുമ്പുള്ള വിവേകാനന്ദസ്വാമികളുടെ സഞ്ചാരത്തെക്കുറിച്ചും അന്ന് അവര്‍ അവിടെ വിശദമായി തന്നെ പ്രഭാഷണം നടത്തി. ഒപ്പം ഇതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം അന്ന് അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. (http://www.vsc.iitm.ac.in/Home/wp-content/uploads/2013/03/VSC_Hindustan_Times_Indore2013-01-12_page4.pdf) എന്ന ലിങ്കില്‍ അവ വിശദമായി ലഭിക്കുകയും ചെയ്യും.

അസാധാരണ പ്രവൃര്‍ത്തികളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ഒരു സാധാരണ ഇന്ത്യക്കാരനായ സ്വാമി വിവേകാനന്ദന്റെ ജീവിതമാണ് അവരെ ആകര്‍ഷിച്ചത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്വന്തം വീടുവിട്ട് കന്യാകുമാരിയിലെത്തി അവര്‍ മുഴുവന്‍ സമയ സാമൂഹികപ്രവര്‍ത്തനം തന്റെ ജീവിതമായി തെരഞ്ഞെടുക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്റെ നാമധേയത്തില്‍ കന്യാകുമാരിയില്‍ ആരംഭിച്ച സ്ഥാപനത്തിലൂടെ തന്റെ ജീവിതം സാമൂഹിക സേവനത്തിനായി അവര്‍ ഉഴിഞ്ഞുവയ്ക്കുകയായിരുന്നു.

സമയത്ത് അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനം ലഭിക്കാത്തതിന്റെ നഷ്ടബോധമാണ് കരിമുള്‍ ഖക്ക് എന്ന തേയിലത്തോട്ടം തൊഴിലാളിയുടെ ജീവിതത്തിന്റെ ഗതിവിഗതി മാറ്റിയത്. അന്ന് ഒരു വാഹനം ലഭിക്കാത്തതുകൊണ്ട് അദ്ദേഹത്തിന് നഷ്ടപ്പെട്ടത് തന്റെ മാതാവിനെയായിരുന്നു. പീന്നീട് അത്തരം അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന ജീവിതലക്ഷ്യമാണ് കരിമുള്ളയെ മുന്നോട്ട് നയിച്ചത്. ആകസ്മികമായിട്ടാണെങ്കിലും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സാഹചര്യം വീണ്ടും കരിമുള്ളയുടെ ജീവിതത്തില്‍ സംജാതമായി. ഒപ്പം പണിയെടുത്തുനിന്ന സഹപ്രവര്‍ത്തകന്‍ പൊടുന്നനെ തന്റെ മുന്നില്‍ കുഴഞ്ഞുവീണതാണ് ഹഖിന്റെ ജീവിതത്തെ മാറ്റിമറിച്ചത്.

കണ്‍മുന്നില്‍ കണ്ട ആ ദുരന്തത്തില്‍ കരിമുള്ളയുടെ ഉള്ളില്‍ ഒളിഞ്ഞുകിടന്ന സേവനതല്‍പ്പരത ഉണരുകയായിരുന്നു. ആരൂം ആവശ്യപ്പെടാതെതന്നെ അദ്ദേഹം ബോധരഹിതനായ ആ സഹപ്രവര്‍ത്തകനെ സ്വന്തം ബൈക്കിന് പുറകിലിരുത്തി, സ്വന്തം ശരീരവുമായി ചേര്‍ത്തുകെട്ടി 50 കിലോ മീറ്റര്‍ അകലെയുള്ള ജല്‍പ്പായിഗുരി ആശുപത്രിയില്‍ എത്തിച്ചു. സമയോചിത ഇടപെടല്‍ ആ സഹപ്രവര്‍ത്തകന്റെ ജീവന്‍രക്ഷിച്ചു. അതോടെ ഇത്തരം പ്രവൃത്തികള്‍ കരിമുള്‍ തന്റെ ജീവിതലക്ഷ്യമാക്കി മാറ്റി. അങ്ങനെ പശ്ചിമ ബംഗാളിലെ ദബല്‍പുരി ജില്ലയിലെ ഏകദേശം 20ല്‍ പരം ഗ്രാമീണരുടെ ജീവവായുവായി കരിമുള്‍ഖക്കിന്റെ ഇരുചക്രവാഹനം മാറി. ഇന്നും വേണ്ടത്ര ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിട്ടില്ലാത്ത പ്രദേശമാണതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ വിശദാംശങ്ങള്‍ (http://www.hindustantimes.com/kolkata/how-north-bengal-s-bike-ambulance-dada-is-saving-lives/story-66aVHiLbElBP46hKVMovNJ.html), എന്ന ലിങ്കില്‍ ലഭിക്കും). ഒരു രോഗിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയെന്നത് ഇന്നും ഈ മേഖലയിലെ ഭൂരിപക്ഷത്തിനും ചിന്തിക്കാന്‍പോലും കഴിയാത്ത ആഡംബരമാണെന്നാണ് അവര്‍ പറയുന്നത്. അത്തരം ഒരു സാഹചര്യത്തിലാണ് പ്രാദേശിക ഡോക്ടര്‍മാരില്‍ നിന്നും അത്യാവശ്യമായ പരിശീലനം നേടിക്കൊണ്ട് ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ ചെന്ന് അത്യന്ത്യാപേക്ഷിതമായ ചില അടിസ്ഥാന ചികിത്സകള്‍ നല്‍കാനും ഹഖ് ആരംഭിച്ചത്. ആ ഒറ്റയാള്‍പോരാട്ടം ഇതുവരെ രക്ഷപ്പെടുത്തിയത് ഏകദേശം 3000ല്‍ പരം മനുഷ്യജീവനുകളാണ്. ഒരു സാധാരണ തേയിലതോട്ടം തൊഴിലാളിക്ക് ചിന്തിക്കാന്‍ കഴിയുന്നതിനുമൊക്കെ എത്രയോ അസാധാരണമായ പ്രവര്‍ത്തിയാണ് ഇത്!

പൊതുസേവനം മഹനീയതയുടെ ഉത്തമ പ്രദര്‍ശനം

ഇതാണ് ഹഖിനെയും ഭിഡേയേയും സവിശേഷമാക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ഇന്ത്യാക്കാരുടെ കൂട്ടത്തില്‍ ഇവരെ വ്യത്യസ്തരാക്കുന്നത് ഈ പ്രവൃത്തികളാണ്. അതാണ് 18,000 നാമനിര്‍ദ്ദേശങ്ങളില്‍ നിന്ന് പത്മശ്രീ പുരസ്‌ക്കാരത്തിന് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടതും.

അയവില്ലാത്ത മാനദണ്ഡങ്ങളോ, കടുകട്ടിയായ സമവാക്യങ്ങളോ ഒന്നുമല്ല പത്മപുരസ്‌ക്കാരങ്ങള്‍ക്ക് വേണ്ടി പരിഗണിക്കുന്നതിന് കമ്മിറ്റി മുഖവിലയ്‌ക്കെടുക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇറക്കിയ മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നുണ്ട്. ഇവയ്‌ക്കൊക്കെ ഉപരി ഒരു വ്യക്തി തന്റെ ജീവിതത്തില്‍ നല്‍കിയ വിലമതിക്കാത്ത സംഭാവനകളാണ് ഇതിനായി പരിഗണിക്കേണ്ടത്. ഒരു പൊതുസേവന സ്വഭാമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട അത്തരത്തിലുള്ളവരെയാകണം തെരഞ്ഞെടുക്കേണ്ടത്. വെറും ദീര്‍ഘകാല സേവനങ്ങള്‍ക്കല്ല, മറിച്ച് പ്രത്യേക സേവനങ്ങള്‍ക്കാണ് ഈ പുരസ്‌ക്കാരങ്ങള്‍ നല്‍കേണ്ടത്. ഏതെങ്കിലുമൊരു മേഖലയിലെ വെറും മികവല്ല മികവിലും മികച്ചതായിരിക്കണം പ്രവര്‍ത്തനമെന്നും ആ മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നുണ്ട്. (http://www.padmaawards.gov.in/SelectionGuidelines.aspx)

ഇത് ഇക്കുറി പത്മപരുസ്‌ക്കാര നിര്‍ണ്ണയത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ ഒരു അനുഭവമാണ് കൊണ്ടുവന്നിരിക്കുന്നത്. ഹക്കിനേയും ബിഡേയേയും പോലെ സമൂഹം പാടിപുകഴ്ത്താത്ത നിരവധി മഹത്‌വ്യക്തിത്വങ്ങള്‍ക്കാണ് ഇക്കുറി പത്മാപുരസ്‌ക്കാരം ലഭിച്ചത്. അത് മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തം തന്നെയാണ് എന്നതില്‍ ഒരു സംശയവുമില്ല. ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും വിദ്യാഭ്യാസമേഖലയിലെ പ്രമുഖയായി മാറിയ വി. കോട്ടേശ്വരമ്മയുടെ ജീവിതവും ഇതിന് ഉദാഹരണമാണ്. 1925 ല്‍ ജനിച്ച കോട്ടേശ്വരമ്മയ്ക്ക് രണ്ടുവയസായിരുന്നപ്പോള്‍ അമ്മയെ നഷ്ടപ്പെട്ടു.

തുടര്‍ന്ന് വിജയവാഡയ്ക്ക് സമീപമുള്ള ഗോശാല എന്ന ചെറിയ ഗ്രാമത്തില്‍ നിന്നും വിജയവാഡ താലൂക്കിലെ ആദ്യ വനിതാ ബിരുദധാരിണി എന്ന നേട്ടം കൈവരിക്കാന്‍ അവര്‍ നടത്തിയ പ്രയത്‌നങ്ങള്‍ അവര്‍ണനീയമാണ്. അടങ്ങാത്ത ആഗ്രഹങ്ങളും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അഭൂതപൂര്‍വ്വമായ കഴിവുമാണ് ആ വിജയത്തിലേക്ക് നയിച്ചത്. ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തതുപോലെ തന്റെ ജിവിതത്തിലെന്നതുപോലെ വിദ്യാഭ്യാസത്തിന് മറ്റുള്ളവരുടെ ജീവിതത്തിലും പുതിയ പന്ഥാവുകള്‍ വെട്ടിത്തെളിക്കാന്‍ കഴിയുമെന്ന് അവര്‍ മനസിലാക്കി.
'' അക്കാലങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുകയെന്നത് വലിയ വിഷമം പിടിച്ച കാര്യമായിരുന്നു. പ്രത്യേകിച്ച് 13 വയസു തികഞ്ഞ കുട്ടികള്‍ക്ക് വീട്ടിന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല'' ദി ഹിന്ദുവിന്റെ ലേഖകനോട് അവര്‍ തന്റെ ജീവിതം വിവരിച്ചത് ഇങ്ങനെയായിരുന്നു. ആ പ്രതിസന്ധികളാണ് മറ്റുള്ളവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള കഠിനപ്രയത്‌നത്തിന് അവര്‍ക്ക് പ്രചോദനമായത്. (http://www.thehindu.com/news/cities/Vijayawada/Hard-work-pays-off-says-Padma-awardee-Koteswaramma/article17094713.ece),

താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അംഗീകാരം

സമൂഹത്തിന്റെ താഴേത്തട്ടില്‍ നിസ്വാര്‍ത്ഥമായ സേവനം കാഴ്‌വയ്ക്കുന്നവരെയാണ് ഇക്കുറി പുരസ്‌ക്കാരത്തിനായി കൂടുതല്‍ പ്രാധാന്യം നല്‍കി പരിഗണിച്ചതെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.'' സമൂഹത്തിന്റെ താഴേത്തട്ടില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുകയും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തികള്‍ക്ക് പത്മപുരസ്‌ക്കാരത്തിലൂടെ അംഗീകാരം നല്‍കുന്നതിന് ഈ സര്‍ക്കാര്‍ പ്രേരകമായി വര്‍ത്തിക്കുകയായിരുന്നു.''-സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഈ മാറ്റത്തെ വിവരിച്ചത് ഇങ്ങനെയാണ്.

ഇതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് ഹലാക്കി വൊക്കലിംഗ ഗോത്രത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന സുക്രി ബൊമ്മഗൗഡയുടെ ജീവിതം. ഗോത്രസംഗീതത്തിനും അതിന്റെ അവതരണത്തിനുമായി ആ ജീവിതം മാറ്റിവച്ചിട്ട് ആറു പതിറ്റാണ്ടുകള്‍ ആകുകയാണ്. എന്നാല്‍ അതോടൊപ്പം ബദിഗേരിഹടി എന്ന ഒരു ചെറുഗ്രാമത്തിലെ മദ്യവില്‍പ്പനയ്‌ക്കെതിരെ നടത്തിയ സാമൂഹിക മുന്നേറ്റമാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. നഷ്ടപ്പെട്ടുപോകുന്ന സാംസ്‌ക്കാരിക പൈതൃകങ്ങളെയും മൂല്യങ്ങളെയും തന്റെ ഗാനങ്ങളിലൂടെ സംരക്ഷിക്കാനും അവയെ തിരിച്ചുകൊണ്ടുവരാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

'എക്കോ ബാബ' എന്നറിയപ്പെടുന്ന ബല്‍ല്‍ബീര്‍ സിംഗ് സീച്ച്‌വാള്‍ ജനകീയ കൂട്ടായ്മയിലൂടെ താഴേത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. സേവന സന്നദ്ധരായ ഒരുകൂട്ടം പ്രദേശവാസികളെ സംഘടിപ്പിച്ച് 160 കിലോമീറ്റര്‍ നീളമുള്ള പഞ്ചാബിലെ ബേണ്‍നദിയെ പുനരുദ്ധരിക്കുകയും അവരുടെയൊക്കെ സഹായത്തോടെ ഭൂഗര്‍ഭ സ്വിവറേജ് സംവിധാനത്തിന് പുതിയ സീച്ച്‌വാള്‍ മാതൃക തന്നെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയാണ് അദ്ദേഹം ചെയ്തത്.

സന്നദ്ധസേവന തല്‍പരരായ പ്രദേശവാസികളെയും അത്തരത്തില്‍ തന്നെ സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ച് നദിയില്‍ മാലിന്യങ്ങള്‍ ഒഴുക്കികളയാതിരിക്കുന്നതിനുള്ള ബോധവല്‍ക്കരണമാണ് അദ്ദേഹം ആദ്യം നടത്തിയത്, അതിലൂടെ ശുചിത്വമുള്ള ഒരു നദീതടത്തെ സൃഷ്ടിക്കാനായി. അതോടെ നദിയുടെ സ്വാഭാവികമായ ഒഴുക്ക് പുനരാംഭിക്കുകയും അത് നദിക്ക് പുതുജീവന്‍ നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വിഭിന്നനാക്കുന്നത്. തങ്ങളുടെ പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ പലരും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ സീച്ച്‌വാള്‍ തന്റെ താഴേത്തട്ടിലുള്ളതും വിനയപൂര്‍വവുമായ ഈ പ്രവര്‍ത്തനത്തിലൂടെ അവരില്‍ എറ്റവും ഉന്നതനായി നിലകൊള്ളുകയാണ്.

ശേഖര്‍നായിക്ക് എന്ന ഇന്ത്യയുടെ അന്ധക്രിക്കറ്റ് താരത്തിന്റെ കഥയും വ്യത്യസ്തമല്ല. പതിമൂന്ന് വര്‍ഷം നീണ്ടുനിന്ന തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ 67 മത്സരങ്ങളില്‍ നിന്ന് 32 സെഞ്ച്വറികള്‍ നേടിയ വ്യക്തിയാണ് ശേഖര്‍ നായിക്. ക്രിക്കറ്റിന്റെ മറ്റെല്ലാ രൂപത്തിലുമുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ രാജ്യത്ത് ആരാധകരുടെ മനസിലെ വിഗ്രഹങ്ങളായി മാറുമ്പോഴും ഇന്ത്യയിലെ ജനതയ്ക്കിടയില്‍ പോയിട്ട് ഇവിടുത്തെ കടുത്ത ക്രിക്കറ്റ് ആരാധകരുടെ മനസില്‍പോലും ഈ അന്ധക്രിക്കറ്റ് പ്രതിഭയില്ല.

കര്‍ണ്ണാടകയിലെ ഒരു ചെറു ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട ശേഖര്‍ നായിക് തന്റെ കഠിന പ്രയത്‌നത്തിലൂടെയും നിലവിലെ സംവിധാനങ്ങളോട് അവിശ്വസനീയമായ തരത്തില്‍ പോരാടിയുമാണ് ക്രിക്കറ്റ് മേഖലയില്‍ മുന്‍നിരയിലെത്തിയത്. പ്രത്യേകിച്ചും ക്രിക്കറ്റിന്റെ ലോകത്ത് കാഴ്ചശക്തിയുള്ള തന്റെ സഹകളിക്കാരുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വലിതാണെന്ന് നിസ്സംശയം പറയാം. എന്നാല്‍ ഇന്ത്യയിലെ അന്ധക്രിക്കറ്റ് അസോസിയേഷന് (സി.എ.ബി.ഐ) ഇതുവരെ ബി.സി.സി.ഐ അംഗീകാരം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ശേഖര്‍നായിക്കിനും അദ്ദേഹത്തെപ്പോലെയുള്ളവരും അനാവശ്യമായ പല ദുരിതങ്ങളും അനുഭവിക്കേണ്ടിവരുന്നുമുണ്ട്.

കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടും തനിക്ക് ഇതുവരെ ഒരു ചില്ലി കാശുപോലും അതിന്റെ പേരില്‍ ലഭിച്ചിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ശേഖര്‍ നായിക്ക് വ്യക്തമാക്കുന്നുണ്ട്. (http://www.hindustantimes.com/cricket/world-cup-winning-blind-cricket-captain-who-earns-just-rs-15k-month/story-iIfq9SriRcYkxZ0w1pzQNJ.html). താന്‍ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്ററായി ജോലിനോക്കുന്ന സമര്‍ത്ഥനം എന്ന എന്‍.ജി.ഒയില്‍ നിന്ന് പ്രതിമാസം 15,000 രൂപ ശമ്പളമായി ലഭിക്കുന്നതല്ലാതെ മറ്റൊന്നും തനിക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

നിവേദിത ഖണ്ഡേക്കര്‍
അസാധാരണ വീക്ഷണമുള്ള സാധാരണക്കാരനായ ഒരു മനുഷ്യനാണിതെന്നതില്‍ യാതൊരു സംശയവുമില്ല. പത്മ പുരസ്‌ക്കാരം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അതുപോലെ അറിയപ്പെടാത്ത ഇത്തരം മഹദ്‌വ്യക്തിത്വങ്ങളെ അംഗീകരിക്കുന്ന രീതി തുടരുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

(ഡെല്‍ഹിയിലെ ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയാണ് ലേഖിക. പാരിസ്ഥിതിക, വികസന, സാമൂഹികപ്രശ്‌നങ്ങളില്‍ അവരുടെ നിരന്തരസംഭാവനകള്‍ ഉണ്ടാകാറുണ്ട്. ഈ ലേഖനത്തില്‍ പ്രകടിപ്പിച്ചിരുന്ന അഭിപ്രായങ്ങളെല്ലാം അത് ലേഖികയുടേത് മാത്രമാണ്.)

Keywords: Padma awards, Award, Article,  Padma Awards 2017- Ordinary Indians with Extraordinary Capabilities