Follow KVARTHA on Google news Follow Us!
ad

മൂന്ന് കോടി കര്‍ഷകര്‍ക്ക് മുന്നു മാസത്തിനുള്ളില്‍ റുപെ ഡെബിറ്റ് കാര്‍ഡുകള്‍, ഗര്‍ഭിണികള്‍ക്ക് ബാങ്ക് വഴി പണമെത്തും, പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

സുഹൃത്തുക്കളേ, സബ്കാ സാത്ത്‌സബ്കാ വികാസ് തത്വം വ്യാപിപ്പിക്കുന്നതിന് ഈ പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ ജനങ്ങള്‍ക്കു വേണ്ടി കൊണ്ടുവരികയാണ്. സ്വാതന്ത്ര്യത്തിന്റെ Prime Minister, Narendra Modi, National, Speech, PM Narendra Modi's Speech On Demonetisation
(www.kvartha.com 31.12.2016) സുഹൃത്തുക്കളേ, സബ്കാ സാത്ത്‌സബ്കാ വികാസ് തത്വം വ്യാപിപ്പിക്കുന്നതിന് ഈ പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ ജനങ്ങള്‍ക്കു വേണ്ടി കൊണ്ടുവരികയാണ്. സ്വാതന്ത്ര്യത്തിന്റെ നിരവധി വര്‍ഷങ്ങള്‍ക്കു ശേഷവും പോലും ദശലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ത്ത് സ്വന്തം വീടില്ല. നമ്മുടെ സമ്പദ്ഘടനയില്‍ കള്ളപ്പണം പെരുകുമ്പോള്‍ മധ്യവര്‍ഗക്കാര്‍ക്കു പോലും വീട് ലക്ഷ്യത്തിനു പുറത്താകുന്നു. പാവപ്പെട്ടവര്‍ക്കും നവ മധ്യവര്‍ഗ്ഗത്തിനും മധ്യവര്‍ഗ്ഗത്തിനും വീടുകള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു.


നഗരപ്രദേശങ്ങളില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ രണ്ട് മധ്യവര്‍ഗ വരുമാന വിഭാഗങ്ങളെ സൃഷ്ടിച്ചു. 2017ല്‍ ഒമ്പത് ലക്ഷം രൂപ വരെ വായ്‌പെടുക്കുന്നവര്‍ക്ക് നാല് ശതമാനം പലിശ ഇളവ് നല്‍കും. 2017ല്‍ 12 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കും.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ ഗ്രാമപ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി നിര്‍മിക്കുന്ന വീടുകളുടെ എണ്ണം 33 ശതമാനം വര്‍ധിപ്പിക്കും. ഇതിനു പുറമേ, ഗ്രാമപ്രദേശങ്ങളിലെ നവ മധ്യവര്‍ഗത്തിനും മധ്യവര്‍ഗത്തിനും വേണ്ടി മറ്റൊരു പദ്ധതിയും നടപ്പാക്കും. പുതിയ വീടുനിര്‍മിക്കുന്നതിനോ വീട് വലുതാക്കുന്നതിനോ ഗ്രാമപ്രദേശങ്ങളില്‍ 2017ല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശ ഇളവ് നല്‍കും. സുഹൃത്തുക്കളേ, കാര്‍ഷിക മേഖല തകര്‍ന്നുവെന്ന ഒരു പ്രതീതി കഴിഞ്ഞ ഏതാനും ആഴ്ചകളായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ക്ക് കര്‍ഷകര്‍ സ്വന്തം നിലയില്‍ത്തന്നെ യോജിച്ച മറുപടി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ വിത്ത് വിതയ്ക്കല്‍ ആറു ശതമാനം ഉയര്‍ന്നിട്ടുണ്ട്. വളം ഉപയോഗം ഒമ്പത് ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ വിത്ത്, വളം, വായ്പ എന്നിവയുടെ ലഭ്യതക്കുറവ് മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കര്‍ ശ്രദ്ധ ചെലുത്തി. ഇപ്പോള്‍, കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നാം കൂടുതലായി ചില തീരുമാനങ്ങള്‍ കൂടി എടുത്തിരിക്കുകയാണ്.

വിളവെടുപ്പിനു വേണ്ടി ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും പ്രാഥമിക സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ 60 ദിവസം വരെ അത്തരം വായ്പകള്‍ക്ക് പലിശ നല്‍കേണ്ട. കഴിഞ്ഞ രണ്ട് മാസക്കാലം പലിശ അടച്ച കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആ പണം തിരിച്ചു നല്‍കും.

സഹകരണ ബാങ്കുകളില്‍ നിന്നും സംഘങ്ങളില്‍ നിന്നും വായ്പാ ലഭ്യത മെച്ചപ്പെടുത്തുന്നതിനു പോലും സജ്ജീകരണങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. കഴിഞ്ഞ മാസം നബാര്‍ഡ് 21,000 കോടി രൂപയുടെ ഫണ്ട് ഉണ്ടാക്കി. ഇതിനുപുറമേ ഇപ്പോള്‍ സര്‍ക്കാര്‍ 20,000 കോടി രൂപ കൂടി ചേര്‍ക്കുന്നു. സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതുവഴി നബാര്‍ഡിന് ഉണ്ടാകുന്ന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുള്ള മൂന്ന് കോടി കര്‍ഷകര്‍ക്ക് മുന്നു മാസത്തിനുള്ളില്‍ റുപെ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ 1998ല്‍ നടപ്പാക്കിയതാണെങ്കിലും അവ ഉപയോഗിക്കുന്നതിന് ഒരു ബാങ്കില്‍ പോവുക ഇത്രകാലവും നിര്‍ബന്ധമായിരുന്നു. ഇനി കര്‍ഷകര്‍ക്ക് എവിടെയും ഉപയോഗിക്കാവുന്ന റുപെ ഡെബിറ്റ് കാര്‍ഡുകളാണ് ഉണ്ടാവുക.

സമ്പദ്ഘടനയ്ക്ക് കൃഷി നിര്‍ണായകമാണ് എന്നതുപോലെ മധ്യതല, ചെറുകിട സംരംഭങ്ങളും എം എസ് എം ഇ മേഖലയായി കണക്കാക്കും. ചെറുകിട, മധ്യതല വ്യവസായങ്ങളുടെ താല്‍പര്യാര്‍ത്ഥം സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. അവയും തൊഴിലിനെ അഭിവൃദ്ധിപ്പെടുത്തും.

ചെറുകിട വ്യവസായങ്ങള്‍ക്ക് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതിന് ഭാരതസര്‍ക്കാര്‍ ഉത്തരവാദിത്തമേല്‍ക്കുന്നു. ഇതുവരെ വായ്പകള്‍ ഒരു കോടി രൂപ വരെയായിരുന്നു. ഈ പരിധി ഇപ്പോള്‍ രണ്ടു കോടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. നേരത്തേ ഈ പദ്ധതി ബാങ്ക് വായ്പകള്‍ക്ക് മാത്രമായിരുന്നു. ഇനി മുതല്‍ നോണ്‍ ബാങ്കിംഗ് സാമ്പത്തിക സ്ഥാപനങ്ങള്‍ (എന്‍ ബി എഫ് സി) നല്‍കുന്ന വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും. ചെറുകിട കട ഉടമകള്‍ക്കും ചെറിയ സംരംഭകര്‍ക്കും വായ്പാ ലഭ്യത കൂടുതലാകാന്‍ ഈ തീരുമാനം സഹായകമാകും. കേന്ദ്ര സര്‍ക്കാരാണ് ചെലവിന്റെ ഉത്തരവാദിത്തം വഹിക്കുന്നത് എന്നതുകൊണ്ടുതന്നെ ബാങ്കുകളും എന്‍ ബി എഫ് സികളും ഈ വായ്പകളില്‍ വലിയ പലിശ നിരത്ത് ചുമത്തില്ല. ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനുള്ള പരിധി വിറ്റുവരവിന്റെ 20 ശമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനും സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിജിറ്റല്‍ ഇടപാട് നടത്തുന്ന സംരംഭങ്ങള്‍ക്ക് വിറ്റുവരവിന്റെ 20 ശതമാനം പ്രവര്‍ത്തന മൂലധന വായ്പ എന്നതില്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്താനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധിയാളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധനം നിര്‍ണയിക്കുമ്പോള്‍ ഇത് കണക്കിലെടുക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്, ചെറുകിട വ്യവസായികള്‍ക്ക് സര്‍ക്കാര്‍ ഒരു വലിയ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. രണ്ട് കോടി രൂപ വരെ വിറ്റുവരവുള്ള വ്യവസായത്തിലെ വരുമാനം വിറ്റുവരവിന്റെ എട്ട് ശതമാനമായി കണക്കാക്കും. ഇനി ഡിജിറ്റല്‍ ഇടപാട് നടത്തുന്ന അത്തരം വ്യവസായങ്ങളുടെ വരുമാനം ആറു ശതമാനമായാണ് കണക്കാക്കുക. ഇത് അവരുടെ നികുതി ബാധ്യതയില്‍ 25 ശതമാനം കുറവുണ്ടാക്കും.

മുദ്ര യോജനയുടെ പുരോഗതി വളരെ ആവേശകരമാണ്. കഴിഞ്ഞ വര്‍ഷം മൂന്നര കോടിയോളം ആളുകള്‍ അതില്‍ നിന്നു നേട്ടമുണ്ടാക്കി. ദളിതുകള്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് അത് ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കു വേണ്ടി ഒരു പുതിയ പദ്ധതി നടപ്പാക്കും. ഗര്‍ഭിണികളായ സ്ത്രീകളെ സഹായിക്കാന്‍ നാം ഒരു ദേശവ്യാപക പദ്ധതി പരിചയപ്പെടുത്തുകയാണ്. ആശുപത്രിയില്‍ പോയി പ്രസവിക്കുകയും അവരുടെ കുഞ്ഞിന് വാക്‌സിന്‍ നല്‍കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ നിക്ഷേപിക്കും. ശിശുമരണ നിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ ഈ പദ്ധതി സഹായകമാകും. പ്രസവത്തിനു മുമ്പും ശേഷവും പോഷകാഹാരം ഇത് ഉറപ്പു വരുത്തുകയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ പദ്ധതിപ്രകാരം ഇതുവരെ 53 ജില്ലകളിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് 4000 രൂപ ധനസഹായം നല്‍കി.

മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി ഒരു പദ്ധതി നാം കൊണ്ടുവരികയാണ്. അവര്‍ക്ക് വലിയൊരു തോതിലുള്ള തുക ലഭിക്കുമ്പോള്‍ ബാങ്കുകള്‍ അവരുടെ നിക്ഷേപ നിരക്കുകള്‍ കുറക്കും. ഇത് മുതിര്‍ന്ന പൗരന്മാരെ ദോഷകരമായി ബാധിക്കില്ല. ഈ പദ്ധതിക്കു കീഴില്‍ 7.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പത്തുവര്‍ഷം വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം നിശ്ചിത പലിശ നിരക്ക് ലഭിക്കും. പലിശ ഓരോ മാസവും നല്‍കും.

അഴിമതിയെയും കള്ളപ്പണത്തെയും കുറിച്ചുള്ള ഏത് സംവാദത്തിലും രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും തെരഞ്ഞെടുപ്പ് പണം മുടക്കലും പ്രധാനമായി ഇടം നേടും. രാജ്യത്തിലെ സത്യസന്ധരായ ജനങ്ങളുടെ വികാരവും രോഷവും മാനിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തയ്യാറാകേണ്ട സമയമാണ് ഇത്. വ്യവസ്ഥിതിയെ നന്നാക്കാന്‍ കാലാകാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍മാണാത്മകമായ യത്‌നം നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്. 'മറ്റുള്ളവരേക്കാള്‍ തങ്ങള്‍ മാത്രം വിശുദ്ധരാണെന്ന' സമീപനം മാറ്റി സുതാര്യതയ്ക്ക് മുന്‍ഗണ നല്‍കാനും കള്ളപ്പണത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തില്‍ നിന്നു മുക്തരാകാനും എല്ലാ പാര്‍ട്ടികളോടും നേതാക്കളോടും ഞാന്‍ ആവശ്യപ്പെടുന്നു.

നമ്മുടെ രാജ്യത്ത്, സാധാരണ ജനം മുതല്‍ രാഷ്ട്രപതി വരെയുള്ളവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്ന് ഉപദേശിക്കുന്നവരാണ്. ഇത് തെരഞ്ഞെടുപ്പുകളുടെ അവസാനിക്കാത്ത വ്യൂഹത്തിനു തടയിടുകയും തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുകയും ഭരണയന്ത്രത്തിനുമേലുള്ള സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. ഇത് ഒരു ഗൗരവപൂര്‍ണമായ സംവാദമായി പരിഗണിക്കേണ്ട സമയമായി.

പ്രസാദാത്മകമായ മാറ്റങ്ങള്‍ക്ക് എപ്പോഴും നമ്മുടെ രാജ്യത്തില്‍ ഇടം കണ്ടെത്താന്‍ കഴിയും. ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകളിലൂടെ പുരോഗമനപരമായ ഒരു ദിശ നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നു.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു പുതിയ സ്വദേശി സംവിധാനം എന്ന നിലയില്‍ ബാബാ സാഹേബ് ഭീംറാവു അംബേദ്കറുടെ പേരിലുള്ള ഭീം എന്ന പേരില്‍ ഇന്നലെ സര്‍ക്കാര്‍ ഒരു പുതിയ ആപ്പ് പുറത്തിറക്കി. ഭാരത് ഇന്റര്‍ഫേസ് മണി എന്നാണ് ഭീം എന്നതിന്റെ പൂര്‍ണരൂപം. കഴിയുന്നത്ര ഭീം വഴി ഇടപാടുകള്‍ നടത്താന്‍ യുവജനങ്ങളോടും വ്യാപാര സമൂഹത്തോടും കര്‍ഷകരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു. സുഹൃത്തുക്കളേ, ദീപാവലിക്കു ശേഷം നടപ്പാക്കിയ വികസനങ്ങള്‍, തീരുമാനങ്ങള്‍, നയങ്ങള്‍ എന്നിവ സാമ്പത്തിക വിദഗ്ധര്‍ തീര്‍ച്ചയായും വിലയിരുത്തും. സാമൂഹിക ശാസ്ത്രജ്ഞരും അത് ചെയ്യുന്നത് നല്ലതാണ്.

ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ ഗ്രാമങ്ങള്‍, പാവപ്പെട്ടവര്‍, കര്‍ഷകര്‍, യുവജനങ്ങള്‍, വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമായ സ്ത്രീ പുരുഷന്മാര്‍ എന്നിവരെല്ലാം അതിരറ്റ ക്ഷമയും ജനത്തിന്റെ കരുത്തും പ്രദര്‍ശിപ്പിച്ചു. 2017ന്റെ പുതുവര്‍ഷം പിറക്കാന്‍ അല്‍പ്പം സമയമേയുള്ളു. കൃത്യം 100 വര്‍ഷം മുമ്പ് 1917ല്‍ ചമ്പാരനില്‍ മഹാത്മാ ഗാന്ധി ഒരു സത്യഗ്രഹം നടത്തി. ഇപ്പോള്‍ ഒരു നൂറ്റാണ്ടിനുശേഷം സത്യത്തിന്റെയും നന്മയുടെയും ആ വികാരം പങ്കുവയ്ക്കല്‍ ഇന്ത്യയിലെ ജനം തുടരുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. മഹാത്മാ ഗാന്ധി നമ്മുടെ കൂടെയില്ല. എന്നാല്‍ അദ്ദേഹം കാട്ടിത്തന്ന സത്യത്തിന്റെ മാര്‍ഗം ഇപ്പോഴും വളരെ ശരിയായതാണ്. സത്യാഗ്രഹത്തിന്റെ നൂറാം വര്‍ഷം തുടങ്ങുമ്പോള്‍ നമുക്ക് മഹാത്മാവിനെ സ്മരിക്കുകയും സത്യത്തിന്റെയും നന്മയുടേതുമായ അദ്ദേഹത്തിന്റെ സന്ദേശം പാലിക്കുമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്യാം.
കള്ളപ്പണത്തിനും അഴിമതിക്കും എതിരായ ഈ പോരാട്ടം നിര്‍ത്തുകയോ ലഘൂകരിക്കുകയോ ചെയ്യുന്നത് നമുക്ക് അനുവദിക്കാന്‍ കഴിയില്ല. സത്യത്തോടുള്ള നിഷ്ഠ വിജയത്തിനുള്ള ഉറപ്പാണ്. 65 ശതമാനം 35 വയസില്‍ താഴെ പ്രായമുള്ളവരുള്ള 125 കോടി ജനതയ്ക്ക് വിഭവങ്ങളും കഴിവുമുള്ള ജനതയ്ക്ക് പിന്നില്‍ നില്‍ക്കേണ്ട ഒരു കാര്യവുമില്ല. പുതിയ വര്‍ഷത്തിന്റെ പുത്തന്‍ പ്രഭാതം പുതിയ വിജയത്തിന്റേതുമാകട്ടെ. തടസങ്ങളെയും ഞെരുക്കങ്ങളെയും മറികടന്ന് മുന്നോട്ടു പോകാന്‍ നമുക്ക് ഒന്നിച്ചു നീങ്ങാം. നവവല്‍സരാശംസകള്‍, ജയ്ഹിന്ദ്.

Keywords: Prime Minister, Narendra Modi, National, Speech, PM Narendra Modi's Speech On Demonetisation On New Year's Eve.