സിമി പ്രവര്‍ത്തകര്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി ദിഗ്‌വിജയ് സിങ്

ഭോപ്പാല്‍:(www.kvartha.com 31.10.2016) സുരക്ഷാ വാര്‍ഡിനെ കൊലപ്പെടുത്തി ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് പറയുന്ന പോലീസുകാരുടെ വിശദീകരണത്തില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ് സിങ്. ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നു സംശയിക്കുന്നതായും അടിക്കടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയില്ലേ എന്നും സിങ് ആശങ്ക പ്രകടിപ്പിച്ചു

' ഇതൊരു ഗൗരവമേറിയ പ്രശ്‌നമാണ്. ആദ്യം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത് ഖാന്ത്വ ജയിലില്‍ നിന്നാണ്. ഇപ്പോള്‍ ഭോപ്പാലിലെ ജയിലില്‍് നിന്നും. രാജ്യത്ത് മുസ്‌ലീങ്ങള്‍ക്കെതിരായ കലാപങ്ങള്‍ക്കു പിന്നില്‍ ആര്‍.എസ്.എസും അതുപോലുള്ള സംഘടനകളുമാണെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇതിനു പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ട്.' സിങ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ദിഗ്‌വിജയ് സിങ്ങിനു പിന്നാലെ ഈ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കമല്‍നാഥും രംഗത്തുവന്നിട്ടുണ്ട്

എല്ലാ പ്രവര്‍ത്തകരും ഒരിടത്തുവെച്ചു കൊല്ലപ്പെട്ടു എന്നു പറയുന്നതില്‍തന്നെ ചില സംശയങ്ങളില്ലേ എന്നു പറഞ്ഞുകൊണ്ട് എ.എ.പി എം.എല്‍.എ അല്‍ക ലംബയും രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍ ഇത്തരം ആരോപങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നാണ് ബി.ജെ.പിയും മധ്യപ്രദേശ് സര്‍ക്കാരും പറയുന്നത്.
Previous Post Next Post