Follow KVARTHA on Google news Follow Us!
ad

നമുക്ക് ഒരേ മനസ്സോടെ മുന്നിട്ടിറങ്ങാം, മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസ

ഐക്യകേരളം അറുപതു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. 'മലയാളം സംസാരിക്കുന്നവരുടെ സംസ്ഥാനം' എന്ന ആശയം സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഉയര്‍ന്നിരുന്നു Thiruvananthapuram, Chief Minister, Pinarayi Vijayan, Kerala, CMs Kerala Pirvai Message
തിരുവനന്തപുരം: (www.kvartha.com 31.10.2016) ഐക്യകേരളം അറുപതു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. 'മലയാളം സംസാരിക്കുന്നവരുടെ സംസ്ഥാനം' എന്ന ആശയം സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഉയര്‍ന്നിരുന്നു. വ്യത്യസ്തമായ സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക സ്ഥിതികളിലായിരുന്നു തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങള്‍ നിലനിന്നിരുന്നത്. ഭാഷാടിസ്ഥാനത്തില്‍ ഇവയെ യോജിപ്പിച്ച് ഐക്യകേരളമെന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിയത് ഏറെ വര്‍ഷങ്ങളുടെ ശ്രമഫലമായാണ്.

ഐക്യകേരളത്തിന് വേണ്ടി പൊരുതിയവര്‍ കണ്ട സ്വപ്നങ്ങളുണ്ട്. ജാതിമതഭേദങ്ങള്‍ക്കതീതമായി മനുഷ്യര്‍ ഒന്നായി ജീവിക്കുന്ന, വിദ്യ കൊണ്ട് പ്രബുദ്ധമായ ഒരു ദേശം; ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് വരെ ഭൂമിയും പാര്‍പ്പിടവും ലഭ്യമാകുന്നയിടം; ആരോഗ്യവും ശുചിത്വവും കാത്തുസൂക്ഷിക്കുന്ന ജനത. നവോത്ഥാന കാലഘട്ടം പാകിമുളപ്പിച്ച ഈ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ നാം ഏറെ മുന്നോട്ടു പോയിട്ടുണ്ട്.

ഐക്യകേരളത്തിലൂടെ സാക്ഷാല്‍കൃതമായ സ്വപ്നങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളുടെ ക്ഷേമവും എല്ലാ പ്രദേശങ്ങളുടെ ഉന്നമനവും ഉറപ്പുവരുത്തുന്ന രീതിയിലുള്ള വികസനപരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. വികസന പരിപാടികളില്‍ ജനകീയ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയാല്‍ മാത്രമേ സമഗ്രമായ വികസനം സാധ്യമാവുകയുള്ളൂ. ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദപരമായ സഹവര്‍ത്തിത്വം നിലനില്‍കുക എന്നത് സമഗ്രവികസന പദ്ധതികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇതുവരെയും ഇത് സാധ്യമാക്കിയത് ഐക്യകേരള സങ്കല്‍പമാണ്.

എന്നാല്‍ ജാതി - മതഭേദങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്ന 'ഐക്യകേരളം' എന്ന ഈ സങ്കല്‍പം തകര്‍ക്കുവാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. സാമൂഹികമായി നാം നടത്തിയ മുന്നേറ്റങ്ങളെയാണ് അത്തരം ശ്രമങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഐക്യകേരള സങ്കല്‍പത്തെ തകര്‍ക്കുവാനുദ്ദേശിച്ച് നടത്തുന്ന ശ്രമങ്ങളെ നാം ഒന്നിച്ചു നിന്ന് ചെറുത്ത് തോല്‍പിക്കണം. ഐക്യകേരളത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഐക്യകേരള സങ്കല്‍പത്തെ സംരക്ഷിക്കുവാനും രാജ്യത്തിന് മാതൃകയാക്കാവുന്ന ഒരു ജനകീയ ബദലിനുമായി നമുക്ക് ഒരേ മനസോടെ മുന്നിട്ടിറങ്ങാം.

Keywords: Thiruvananthapuram, Chief Minister, Pinarayi Vijayan, Kerala, CMs Kerala Pirvai Message.