Follow KVARTHA on Google news Follow Us!
ad

സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നു; വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുവെന്ന കാര്യത്തില്‍ വിജിലന്‍സ് അന്വേഷണംThiruvananthapuram, Medical College, Pinarayi vijayan, Allegation, Kerala,
തിരുവനന്തപുരം: (www.kvartha.com 30.09.2016) സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുവെന്ന കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതോടെ ഫീസ് ഘടനയും മാറും. എന്നാല്‍ പരിയാരത്തെ മെറിറ്റ് സീറ്റിലെ വര്‍ധന കുറയ്ക്കില്ല. കോളജ് നടത്താനാകാത്ത സാമ്പത്തിക ബാധ്യത പരിയാരത്ത് നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ചു.

അതേസമയം സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ സഭയില്‍ സമ്മതിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുകുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. പിന്നീടു തെളിവുകള്‍ സര്‍ക്കാരിനു കൈമാറണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനല്‍ തലവരി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവുസഹിതം പുറത്തുവിട്ടിരുന്നു. ഈ ശബ്ദരേഖയുടെ സിഡി പ്രതിപക്ഷ നേതാവ് സഭയില്‍ വച്ചു.

പ്രതിപക്ഷ എംഎല്‍എ വി.ടി. ബല്‍റാമാണ് ഇക്കാര്യത്തില്‍ സഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ തെളിവുസഹിതമാണു വാര്‍ത്ത പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി പറയുന്നതുപോലെ തോന്നലല്ലെന്നും ബല്‍റാം പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണു ശ്രമിക്കുന്നത്. മുതലാളിമാരെ വിമര്‍ശിക്കുമ്പോള്‍ ഭരണപക്ഷത്തിനും കൊള്ളുന്നതെന്തിനെന്നും ബല്‍റാം ചോദിച്ചു.

അതേസമയം വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചു. തലവരിപ്പണം വാങ്ങുന്നതായി അറിയില്ല. എങ്കിലും വസ്തുതകള്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരട്ടെ. വ്യാജ ഇടനിലക്കാരുടെ ഇടപെടല്‍ തള്ളിക്കളയാനാകില്ല. എംഇഎസും
അന്വേഷണത്തെ സ്വാഗതം ചെയ്തു.

മാനേജ്‌മെന്റുകളെ സഹായിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്നു സഭ ബഹിഷ്‌കരിച്ചു പുറത്തിറങ്ങി. നേരത്തേ, പ്രതിപക്ഷം ചോദ്യോത്തരവേളയോട് നിസഹകരിച്ചിരുന്നു. എംഎല്‍എമാരുടെ നിരാഹാരസമരം തുടരും. തിങ്കളാഴ്ച വരെ നിയമസഭയില്‍ സമരം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശനിയും ഞായറും സഭാ സമ്മേളനം ഇല്ലാത്തതിനാല്‍ സമരം സെക്രട്ടേറിയറ്റിനു മുന്‍പിലേക്കു മാറ്റുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കുന്നുണ്ട്. അതല്ലെങ്കില്‍ നിയമസഭയുടെ പുറത്തെ കവാടത്തില്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ സമരം ആരംഭിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നു.

 Pariyaram , Hunger Strick, Niyamasabha, Health Minister, K K Shylaja, Thiruvananthapuram, Medical College, Pinarayi vijayan, Allegation, Kerala.

Keywords: Pariyaram , Hunger Strick, Niyamasabha, Health Minister, K K Shylaja, Thiruvananthapuram, Medical College, Pinarayi vijayan, Allegation, Kerala.