Follow KVARTHA on Google news Follow Us!
ad

മാണി എല്ലാം തികഞ്ഞ അഭ്യാസി; കാലുവാരലില്‍ പുതുമയില്ല

അങ്ങനെ കെ എം മാണി യുഡിഎഫ് വിട്ടിരിക്കുന്നു. പിളര്‍പ്പും മുന്നണിമാറ്റവുമൊക്കെ കേരള കോണ്‍ഗ്രസിന്റെ കൂടെപ്പിറപ്പാണ്. വളരുന്തോറും പിളരുമെന്നും പിളരുന്തോറും വളരുമെന്നുമൊക്കെ Article, K.M. Mani, Politics, Kerala Congress (M), Amala Thambayi,
അമല തമ്പായി

(www.kvartha.com 08/08/2016) അങ്ങനെ കെ എം മാണി യുഡിഎഫ് വിട്ടിരിക്കുന്നു. പിളര്‍പ്പും മുന്നണിമാറ്റവുമൊക്കെ കേരള കോണ്‍ഗ്രസിന്റെ കൂടെപ്പിറപ്പാണ്. വളരുന്തോറും പിളരുമെന്നും പിളരുന്തോറും വളരുമെന്നുമൊക്കെ പല കൂലിയെഴുത്തുകാരും മഹത്വവല്‍ക്കരിക്കുന്ന ഈ രാഷ്ട്രീയക്കച്ചവടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മാധ്യമങ്ങളിലെ കേവലചര്‍ച്ചകള്‍ക്കപ്പുറം ഒരു ശരാശരി മലയാളിയെ മാണിയെന്ന രാഷ്ട്രീയ കച്ചവടക്കാരന്റെ അഭ്യാസപ്രകടനങ്ങള്‍ എങ്ങനെയാണ് ബാധിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

1964 ഒക്ടോബര്‍ ഒന്നിനു കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന രൂപീകരണ സമ്മേളനത്തില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തെ കേരള കോണ്‍ഗ്രസ് എന്നു പേരിട്ടു വിളിച്ചതു മന്നത്തു പത്മനാഭനാണ്. തുടര്‍ന്ന് പതിമൂന്നാത്തെ വയസ്സില്‍ പാര്‍ട്ടിയിലെ ആദ്യപിളര്‍പ്പ്. ഇ ജോണ്‍ ജേക്കബിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടു. പിന്നെ അടിയന്തരാവസ്ഥയ്ക്കു ശേഷം പിളര്‍പ്പിന്റെ പരമ്പര. അച്യുതമേനോന്‍ മന്ത്രിസഭയില്‍ മാണിയും ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. കെ എം ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനും. ആറുമാസത്തിനുള്ളില്‍ നിയമസഭാംഗമാകാന്‍ കഴിയാത്തതിനാല്‍ പിള്ള രാജിവച്ചപ്പോള്‍ കെ എം ജോര്‍ജ് മന്ത്രിയായി. അതോടെ പിള്ള അകന്നു.

പിന്നീട് സുപ്രീംകോടതി ഉത്തരവനുസരിച്ച് മന്ത്രി സ്ഥാനം നഷ്ടമായ മാണി തനിക്ക് പകരം കൊണ്ടു വന്ന പി ജെ ജോസഫ് എന്ന ചെറുപ്പക്കാരന്‍ പാര്‍ട്ടി പിളര്‍ത്തി കൂറുതെളിയിക്കുന്നത് കേരളം കണ്ടു. ഇതായിരുന്നു കേരളാകോണ്‍ഗ്രസ് പിളര്‍പ്പ് ചരിത്രത്തിലെ ആദ്യത്തെ വലിയ പിളര്‍പ്പ്. 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യവകുപ്പു മന്ത്രിയായ മാണി, മാര്‍ക്‌സിസ്റ്റ് മുന്നണിയില്‍ നേരത്തെ കയറിപ്പറ്റിയ പിള്ള ഗ്രൂപ്പുമായി ലയിക്കുകയും ആത്മാഭിമാനമല്ല അധികാരമാണ് വലുതെന്നു തെളിയിക്കുകയും ചെയ്തു. കാര്യസാധ്യങ്ങള്‍ക്കു ശേഷം പിന്തുണ പിന്‍വലിച്ചു നായനാര്‍ മന്ത്രിസഭയെ വീഴ്ത്തിയപ്പോള്‍ അതുവരെ ഒപ്പമുണ്ടായിരുന്ന ലോനപ്പന്‍ നമ്പാടന്‍ മാണിക്ക് എട്ടിന്റെ പണികൊടുത്തു. കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് എന്നൊരു പാര്‍ട്ടിയുണ്ടാക്കി മാണിയെ കബളിപ്പിച്ച് നായനാരോടൊപ്പം നിന്നു, നമ്പാടന്‍.

ഓരോ തെരെഞ്ഞെടുപ്പിനു മുമ്പും പിമ്പുമൊക്കെയായി വീണ്ടും നിരന്തര പിളര്‍പ്പുകള്‍. ടി എം ജേക്കബ് മാണിയോടൊപ്പം നില്‍ക്കുമ്പോള്‍ പിള്ള ജോസഫിനോടൊപ്പം നില്‍ക്കും. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും. ആദര്‍ശത്തിന്റെയും സത്യസന്ധതയുടെയും പൊടിപോലും പുരളാത്ത സ്വാര്‍ത്ഥത മാത്രം അടിസ്ഥാനപ്പെടുത്തിയ കാലുവാരലുകള്‍. പിള്ളയും ജോസഫും പിളര്‍ന്നതും ടി എം ജേക്കബും പി എം മാത്യുവും ചേര്‍ന്നു ജക്കബ് ഗ്രൂപ്പ് രൂപീകരിച്ചതുമൊക്കെ ഇത്തരം നിലാപാടുകളിലൂന്നിയാണ്.

ബാലകൃഷ്ണപിള്ളയോടു പിണങ്ങിപ്പോയ ജോസഫ് എം പുതുശേരി പുതിയ പാര്‍ട്ടിയുണ്ടാക്കിയതും പിന്നീടു മാണിഗ്രൂപ്പില്‍ ലയിച്ചതും പി സി തോമസ് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുണ്ടാക്കിയതും എന്‍ഡിഎ മുന്നണിയില്‍ കേന്ദ്രമന്ത്രിയായതോടെ വീണ്ടും പാര്‍ട്ടി വിട്ടതുമൊക്കെ നെറികേടുകളുടെ കഥകളാണ്. പി സി ജോര്‍ജിന്റെ സെക്യുലര്‍ പാര്‍ട്ടി അഭ്യാസങ്ങളും, ഒടുവില്‍ ഈ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് ഫ്രാന്‍സിസ് ജോര്‍ജ്ജും സംഘവും ചേര്‍ന്നുണ്ടാക്കിയ കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുമൊന്നും ജനം മറന്നിട്ടില്ല. കേരള കോണ്‍ഗ്രസുകാരും രാഷ്ട്രീയ കച്ചവടക്കാരുമൊക്കെ വലിയ കാര്യത്തില്‍ പാടി നടക്കുന്ന അപദാനകഥകളാണ് ഇതൊക്കെയും. എന്നാല്‍ കേവല യുക്തിയുള്ള ഒരു സാധാരണക്കാരനെ സംബന്ധിച്ച് വെറും പരിഹാസ്യവും.

ഇപ്പോള്‍ നടക്കുന്ന നാടകങ്ങളുടെയെല്ലാം പൊള്ളത്തരം ചൂണ്ടിക്കാട്ടാന്‍ വേണ്ടി മാത്രമാണ് ഈ ചരിത്രമൊക്കെയും ഇവിടെ ഓര്‍മ്മിപ്പിച്ചത്. രാഷ്ട്രീയത്തെ കേവലം വയറ്റിപ്പിഴപ്പാക്കി മാറ്റി അധപ്പതിപ്പിച്ച ഒരു കൂട്ടം കച്ചവടക്കാരുടെ ഉപജീവന തന്ത്രങ്ങള്‍ മാത്രമാണിത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വന്തം നിലയില്‍ ഒരു സീറ്റ് പോലും നേടാന്‍  മാണിയുടെ പാര്‍ട്ടിക്ക്  കഴിയില്ല എന്ന് ഉറപ്പാണ്. അടുത്തൊന്നും ഒരു തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത ഇല്ലാത്തത് കൊണ്ട് മാത്രമാണ് മാണി ഇപ്പോള്‍ യുഡിഎഫ് വിട്ടത് എന്ന നിരീക്ഷണം അക്ഷരംപ്രതി ശരിയാണെന്ന് മേല്‍പ്പറഞ്ഞ ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാവും. നിലപാടുകളും നിലാവരവുമില്ലാതെ രാഷ്ട്രീയം കളിക്കുന്നവരുടെ കോപ്രായങ്ങളായി മാത്രമേ പൊതുജനം ഇതൊക്കെ നോക്കിക്കാണുകയുള്ളൂ.

Article, K.M. Mani, Politics, Kerala Congress (M), Amala Thambayi,

Keywords: Article, K.M. Mani, Politics, Kerala Congress (M), Amala Thambayi,