Follow KVARTHA on Google news Follow Us!
ad

'സിപിഎം ശോഭയാത്രയിലെ തിടമ്പുനൃത്തവും യോഗക്ഷേമസഭയുടെ വാദത്തിന്റെ പൊരുളും

ശ്രീകൃഷ്ണ ജയന്തി നാളുകളിലായിരുന്നു കഴിഞ്ഞ തവണ എന്നതു പോലെ ഇത്തവണയും സി.പി.എമ്മിന്റെ നവോത്ഥാന ശോഭായാത്ര Message, Kannur, Politics, Flag, DYFI, Brother, Study, CPM, Temple, P Jayarajan, Article.

പ്രതിഭാ രാജന്‍
(www.kvartha.com 31.08.2016) ശ്രീകൃഷ്ണ ജയന്തി നാളുകളിലായിരുന്നു കഴിഞ്ഞ തവണ എന്നതു പോലെ ഇത്തവണയും സി.പി.എമ്മിന്റെ നവോത്ഥാന ശോഭായാത്ര. 'നമുക്കില്ലാ ജാതി' എന്ന ഗുരുസന്ദേശത്തോടൊപ്പം ചട്ടമ്പി സ്വാമികളുടെയും, അയ്യങ്കാളിയുടേയും ജയന്തി കൂടി ആഘോഷിക്കാന്‍ സി.പി.എം തയ്യാറായ വര്‍ഷമായിരുന്നു 2016.

ദേശീയ പതാകയേന്താതെ ആഗസ്റ്റ് 15 ആഘോഷിക്കുന്ന ഡി.വൈ.എഫ്.ഐയേപ്പോലെയല്ല, നവോത്ഥാന ശോഭായാത്രകളില്‍ പൗരാണിക മിത്തുകളെ മുറുകെ പിടിക്കാന്‍ സി.പി.എം മടി കാണിച്ചില്ല. കണ്ണൂരിലെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബക്കളത്ത് വെച്ച് നടത്തിയ ശോഭായാത്രയിലെ തിടമ്പു നൃത്തം അനുഷ്ഠാന കലയെ പുനരാവിഷ്‌ക്കരിച്ചു കൊണ്ടായിരുന്നു.

ഇത്തരം അനുഷ്ഠാന നൃത്തം പതിവു തെറ്റിച്ച് തെരുവില്‍ അവതരിപ്പിച്ചത് ശരിയായില്ലെന്നും അതില്‍ പ്രതിഷേധമുണ്ടെന്നും ആരോപിച്ച് യോഗക്ഷേമ സഭ മുന്നോട്ടു വന്ന സാഹചര്യത്തില്‍ വിപ്ലവാത്മക മാര്‍ക്‌സിയന്‍ കാഴ്ചപ്പാടും, അതിലെ ഇന്ത്യന്‍ രാഷ്ട്രീയവും നുറ്റാണ്ടുകളായി ആചരിച്ച് അലിഖിത നിയമങ്ങളായി മാറിയ ഹൈന്ദവ മതചാരവും അതുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും തമ്മില്‍ പരസ്പരം ആചാര- അനുഷ്ഠാന വിഷയങ്ങളില്‍ തര്‍ക്കിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കീഴ് വഴക്കങ്ങളെ പരിഷ്‌ക്കരിച്ച് പുതിയ ഉണര്‍വുകള്‍ക്കുള്ള നിമിത്തമായിത്തീരട്ടെ ഇത്തരം ചര്‍ച്ചകള്‍. ആശയങ്ങളെ മുറുകെ പിടിച്ചു കൊണ്ട് അസഹിഷ്ണതയോടും അക്രമത്തിനോടും നമുക്ക് വിടപറയാം.

തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തിലെ ആചാരോത്സവമായ തിടമ്പു നൃത്തത്തിന്റെ പാരഡി ബക്കളം തെരുവില്‍ നടന്ന ശോഭായാത്രയുടെ ഏറ്റവും മുമ്പിലായി വികലമായ നൃത്തച്ചുവടുകളോടെ അവതരിപ്പിച്ചു എന്നതാണ് ക്ഷേത്രാചാര വിശ്വാസികളെ പ്രകോപിതരാക്കിയത്.

തൃച്ഛംബരത്തിലെ വാര്‍ഷിക ഉത്സവത്തില്‍ തിടമ്പു നൃത്തം സുപ്രധാന ചടങ്ങാണ്. ജേഷ്ടാനുജന്മാരായ കൃഷ്ണ ബലരാമന്മാര്‍ കുട്ടിക്കാലത്ത് കളിച്ചു രസിക്കുന്ന വിക്രിയകളുടെ അനുസ്മരണമാണത്രെ പിന്നീട് ദൈവികാചാരമായി പരിണമിച്ചത്. ബ്രാഹ്മണ കുലജാതര്‍ക്കാണ് ഇതു പഠിക്കാനും കളിക്കാനുമുള്ള അവകാശം. ആര്‍ക്കും കല അഭ്യസിക്കാമല്ലോ, പൊതു ഇടങ്ങളില്‍ അവതരിപ്പിക്കാമല്ലോ, അതിനുള്ള സ്വാതന്ത്രം ഇപ്പോള്‍ നിഷിദ്ധമല്ലല്ലോ എന്നും മറ്റുമുള്ള ചോദ്യോത്തരങ്ങളിലേക്ക് നമുക്ക് പിന്നീട് വരാം.

അമ്പലത്തില്‍ നൃത്തം അവതരിപ്പിക്കുന്ന ബ്രാഹ്മണന്‍ തറ്റുടുക്കണമെന്നാണ് നിയമം. ഉത്തരിയവും തലക്കെട്ടും വേണം. ചുവടുകളും, കൈകാല്‍ ക്രിയകളും വിധിപ്രകാരം പരിശീലിച്ച ബ്രാഹ്മണകുലജാതനായിരിക്കണം ഇതു ചെയ്യുന്നത്. ഇതൊക്കെ സിദ്ധിച്ചവര്‍ ആചാരാനുഷ്ഠാനങ്ങളുടെ പിന്‍ബലത്തോടെ ഇവ അമ്പലങ്ങളില്‍ മാത്രം അവതരിപ്പിക്കുകയും, ഹൈന്ദവര്‍ക്കു മാത്രം ആസ്വദിക്കാനുമാണ് വര്‍ത്തമാന കാലത്തും സാധ്യമാകുന്നത്.

ചുവടുവെപ്പിലെ തുള്ളലുകളല്ല, തികച്ചും ശാസ്ത്രീയ വിധിന്യായങ്ങള്‍ക്കനുസരിച്ചുള്ള അഭ്യാസമാണ് ഈ കലയെന്ന് വ്യക്തം. ഇതര മതങ്ങളിലും ഇങ്ങനെയൊക്കെ പലതും ചിട്ടപ്പെടുത്തിയവയായുണ്ട്. പണ്ടൊക്കെ ഇന്നത്തെപ്പോലെ എല്ലാ ഹിന്ദുക്കള്‍ക്കും ഇതൊക്കെ ഒരു പോലെ കണ്ട് ആസ്വദിക്കുവാന്‍ അവസരമുണ്ടായിരുന്നില്ല. കാലത്തില്‍ വന്ന മാറ്റം ചരിത്രത്തെ പുതുതായി പഠിപ്പിച്ച പാഠങ്ങളായിരുന്നുവല്ലോ ക്ഷേത്രപ്രവേശന വിളമ്പരവും, തീണ്ടലും തൊടില്‍ വിവേചന നിരോധനങ്ങളും മറ്റും.

ഇത്തരം മഹത്തായ ഒരു ബ്രാഹ്മണ കലയെ പാരഡിയാക്കിയും താളവും ചടുലതയും മറ്റും തെറ്റിച്ചും ആഭാസ നൃത്തം ചവിട്ടി പരിഹസിക്കുകയായിരുന്നു സി.പി.എം എന്നാണ് യോഗക്ഷേമ സഭയുടെ പരിഭവം. ബക്കളത്തില്‍ നടന്ന പേക്കൂത്തില്‍ കലയും കളിയും നൃത്തവും ഒന്നുമല്ലാത്തതായിരുന്നുവെന്ന് ഹൈന്ദവ സംസ്‌കൃതിയുടെ പുരോഗതി കാംക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന തിടമ്പു നൃത്ത കലാ പരിഷത്ത് അഭിപ്രായപ്പെടുന്നു. ഈ ഘോഷയാത്രയില്‍ സജീവമായി പാര്‍ട്ടി സെക്രട്ടറി കൂടിയായ പി. ജയരാജന്‍ പങ്കെടുത്തു എന്നതും അതില്‍ ചെങ്കൊടിയുടെ സ്വാധീനശക്തിയും അവരെ ചൊടിപ്പിച്ചു.

സി.പി.എം ശക്തി കേന്ദ്രമായ ആന്തൂരില്‍ നിന്നും കടമ്പേരിയിലേക്കായിരുന്നു ശോഭായാത്ര. തൃച്ഛംബരത്തിലെ ആചാരങ്ങളായ തിടമ്പു നൃത്തത്തിനോടൊപ്പം മഞ്ഞദണ്ഡു പിടിച്ചുകൊണ്ട് അനുഗമിക്കാറുള്ള വാല്യക്കാരേപ്പോലെ ശുഭ്രവസ്ത്ര ധാരികളായ സഖാക്കള്‍ മേല്‍മുണ്ടു ചുറ്റി ആചാരവടികളുമായി തെരുവില്‍ തിടമ്പിനു അകമ്പടിയായതും വിശ്വാസികളുടെ മനം കത്തിച്ചു.

പഴമയിലേതു പോലെത്തന്നെ വാദ്യമേളങ്ങളുടെ താള ലഹരിയില്‍ ലയിച്ച് പാട്ടും, നൃത്തം ചവുട്ടിയും ശോഭായാത്രയിലെ എറ്റവും മുന്നിലായി തിടമ്പു നൃത്തം അരങ്ങു തകര്‍ത്തു. ആചാരാനുഷ്ഠാനങ്ങളെ അനുകരിക്കും വിധം നെറ്റിയിലും മാറിടത്തും കൈത്തടങ്ങളിലും ചന്ദനവും മഞ്ഞള്‍ക്കുറി പൂശാനും, കസവു വസ്ത്രം തറ്റുടുക്കാനും അവര്‍ മറന്നില്ല. അവിടങ്ങളിലെ ഏതോ രണ്ടു മഞ്ഞപ്പാറയിലെ രമേശനും പുനലൂരിലെ ബാലകൃഷ്ണനുമാണ് യാതൊരു ശാസ്ത്രീയ പരിശീലനവും സ്വായത്തമാക്കാതെ ഈ ആഭാസത്തില്‍ ഏര്‍പ്പെട്ടതെന്നും അതു ആ കലയിലെ രീതിക്കും നിയമത്തിനും യോചിച്ചതല്ലെന്നും പരിക്ഷത്ത് വാദിക്കുന്നു.

ഇത്തരം ആഭാസങ്ങള്‍ അസഹ്യമായിപ്പോയെന്നും ചെയ്ത തെറ്റിന് വിശ്വാസികളോട് മാപ്പു പറയണമെന്നും ഇനി ഇതാവര്‍ത്തിക്കരുതെന്നും ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മറ്റിയും സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

സംസ്‌കാരിക ഘോഷയാത്രയില്‍ ഇത്തരം നൃത്തരൂപങ്ങളുടെ മാതൃക അവതരിപ്പിക്കുന്നതില്‍ യാതൊരു പാപവും അടങ്ങിയിരിക്കുന്നില്ല എന്നിടത്താണ് സിപി.എമ്മിന്റെ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മറുപടി. പ്രതികരിക്കാന്‍ അദ്ദേഹം ഉയര്‍ത്തുന്ന പ്രത്യയശാത്രവീക്ഷണത്തിലേക്ക് നമുക്ക് പിന്നീട് വരാം.

CPM Shobha Yatra and new controversy

Keywords: Message, Kannur, Politics, Flag, DYFI, Brother, Study, CPM, Temple, P Jayarajan, Article, CPM Shobha Yatra and new controversy.