Follow KVARTHA on Google news Follow Us!
ad

റോഡപകടങ്ങള്‍ കുറച്ച് ജീവന്‍ രക്ഷിക്കാന്‍ പോലീസിന്റെ ശുഭയാത്ര പദ്ധതിയും സോഫ്റ്റ് ഗ്രൂപ്പും

റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശുഭയാത്ര എന്ന പേരില്‍ സംസ്ഥാന പോലീസിന്റെ പുതിയ പദ്ധതി. Road, Accident, Police, Thiruvananthapuram, Driving, Kerala, Decreasing road accident, Awareness, First Aid, 'Shubhayathra', Soft Group, Save Our Fellow Traveler.
തിരുവനന്തപുരം: (www.kvartha.com 31.07.2016) റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ശുഭയാത്ര എന്ന പേരില്‍ സംസ്ഥാന പോലീസിന്റെ പുതിയ പദ്ധതി. സുരക്ഷിത ഡ്രൈവിംഗ് സംസ്‌കാരം ഉണ്ടാക്കാന്‍ ഉതകുന്ന ബഹുമുഖ പദ്ധതിയാണ് ഇതെന്ന് ഐജി മനോജ് ഏബ്രഹാം അറിയിച്ചു. നിലവിലുള്ള വിവിധ ഗതാഗത ബോധവല്‍ക്കരണ പരിപാടികള്‍ സംയോജിപ്പിച്ചാണ് ഇത്. ഗതാഗത നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക, അപകടങ്ങള്‍ തടയുക, റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുക, റോഡില്‍ സുരക്ഷിതയാത്ര ഉറപ്പു വരുത്തുക എന്നീ കാര്യങ്ങള്‍ ചേര്‍ന്ന പദ്ധതിയാണ് ശുഭയാത്ര.

സേവ് അവര്‍ ഫെലോ ട്രാവലര്‍ (സോഫ്റ്റ്) എന്ന പേരിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കുക, അതിന് അടിയന്തര ചികിത്സയ്ക്ക് അടുത്ത ആശുപത്രിയിലേക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയും ചെയ്യുക എന്നത് സോഫ്റ്റിന്റെ ലക്ഷ്യങ്ങളില്‍ ആദ്യത്തേതാണ്. അടിയന്തര ചികിത്സ കിട്ടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടും എന്നാണ് അനുഭവമെന്ന് പോലീസ് പറയുന്നു. മരണത്തിനോ അംഗവൈകല്യങ്ങള്‍ക്കോ കാരണമാകാവുന്ന മാരക പരിക്ക് ഭേദമാക്കാന്‍ വേഗമുള്ള വൈദ്യസഹായത്തിനു സാധിക്കും.

റോഡപകടങ്ങളില്‍പ്പെടുന്നവരെ സഹായിച്ചാല്‍ സാക്ഷിയായും മറ്റും കോടതി കയറേണ്ടിവരും എന്ന് ഭയന്ന് ജനം മാറിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ അതിശക്തമായ പ്രചാരണം നടത്തും. അപകടത്തില്‍പ്പെടുന്നവരെ ആദ്യം കാണുന്നവര്‍ അവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൈകാര്യം ചെയ്യുന്ന രീതിയിലെ പരിശീലനമില്ലായ്കയും പ്രശ്‌നമാണ്. അത് പരിഹരിക്കാനും വ്യാപക ബോധവല്‍ക്കരണം നടത്തും.

ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും 50 പേര്‍ വീതം ഉള്‍പ്പെട്ടതായിരിക്കും സോഫ്റ്റ് ഗ്രൂപ്പുകള്‍. അതില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് പോലീസിനെ സമീപിക്കാവുന്നതാണ്. അവരുടെ താല്‍പര്യവും ഉത്സാഹവും വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക. കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കണം. പോലീസ് ഇന്‍സ്‌പെക്ടര്‍ക്കായിരിക്കും ഗ്രൂപ്പ് മേല്‍നോട്ട ചുമതല. പരീക്ഷണാര്‍ത്ഥം ആദ്യം തിരുവനന്തപുരത്ത് സോഫ്റ്റ് ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് മറ്റുള്ളിടങ്ങളിലേക്കും വ്യാപിപ്പിക്കും.

Keywords: Road, Accident, Police, Thiruvananthapuram, Driving, Kerala, Decreasing road accident, Awareness, First Aid, 'Shubhayathra', Soft Group, Save Our Fellow Traveler.