Follow KVARTHA on Google news Follow Us!
ad

പിണറായി അറിയാതെ കോഴിക്കോട്ട് പോലീസില്‍ ഇടപെടലുണ്ടായി; പക്ഷേ, എസ്‌ഐയെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ സിപിഎമ്മിലെ ചില നേതാക്കള്‍ Kerala, Pinarayi vijayan, Kozhikode, Police, CPM, Thiruvananthapuram, Journalist, Media, Judge, SI.
തിരുവനന്തപുരം: (www.kvartha.com 31.07.2016) ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ സിപിഎമ്മിലെ ചില നേതാക്കള്‍ പോലീസിനെ നിയന്ത്രിക്കുന്നു എന്ന് മുന്നണിക്കുള്ളില്‍ സംശയവും ആക്ഷേപവും. കോഴിക്കോട്ട് ശനിയാഴ്ച കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറാനും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലിട്ട് പൂട്ടാനും വെറുമൊരു എസ്‌ഐക്ക് ധൈര്യം കിട്ടിയത് ഇതിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം. ചില മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് നോട്ടമിടുകയായിരുന്നു പോലീസ്. അതിന് നിര്‍ദേശം നല്‍കിയത് സിപിഎമ്മിലെ ചിലര്‍ തന്നെയായിരുന്നുവത്രേ.

എന്നാല്‍ അവര്‍ നിര്‍ദേശിച്ച ലേഖകരെയല്ല എസ്‌ഐക്ക് കൈയില്‍ കിട്ടിയത്. ഏഷ്യാനെറ്റിന്റെ തന്നെ മറ്റൊരു ലേഖകനായിരുന്നു ഉന്നം. കൂടാതെ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെടെ സമീപകാലത്ത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതില്‍ മുന്നില്‍ നിന്ന ചിലരെയും ഉന്നംവച്ചിരുന്നു. എന്നാല്‍ ആളു മാറിപ്പോവുകയും ഉദ്ദേശിച്ച എല്ലാവരെയും കിട്ടുകയും ചെയ്തില്ലെന്നുമാത്രമല്ല, പ്രതീക്ഷിക്കാത്ത വിധം വേഗത്തില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഇടപെടുകയും ചെയ്തു. കോഴിക്കോട് എംഎല്‍എ എ പ്രദീപ്കുമാറും പ്രതിഷേധത്തിനു മുന്നിലുണ്ടായിരുന്നു. മറ്റു നീക്കങ്ങളേക്കുറിച്ച് എംഎല്‍എയ്ക്ക് അറിവുണ്ടായിരുന്നില്ല. എന്നാല്‍ തന്നെപ്പോലും അറിയിക്കാതെ ചില കരുനീക്കങ്ങള്‍ നടന്നുവെന്നും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം മുതലെടുത്ത് പോലീസിനെക്കൊണ്ട് ചിലരെ ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പിണറായിക്ക് വ്യക്തമായി.

വൈകിയാണെങ്കിലും വിവരം ലഭിച്ചയുടന്‍ അദ്ദേഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അതിന്റെ ഭാഗമായാണ് എസ്‌ഐയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്തതും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി അദ്ദേഹം പരസ്യ പ്രതികരണത്തിനു തയ്യാറായതും. സാധാരണഗതിയില്‍ പ്രാഥമികാന്വേഷണം എന്ന പേരില്‍ അടിയന്തര സസ്‌പെന്‍ഷനില്‍ നിന്ന് ഒഴിയുന്നതാണ് പോലീസിന്റെ രീതി. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ട് എസ്‌ഐക്ക് വഴിവിട്ട് നിര്‍ദേശങ്ങള്‍ നല്‍കിയവര്‍ക്ക് അയാളെ സംരക്ഷിക്കാന്‍ അവസരം കൊടുത്തില്ല.

ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് എസ്‌ഐ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. എന്നാല്‍ അങ്ങനെയൊരു നിര്‍ദേശമില്ലെന്നു പിന്നീട് വ്യക്തമായി. ജഡ്ജിയുടെ പേരില്‍പ്പോലും നുണ പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാനുള്ള ധൈര്യം നല്‍കിയവരെ വിശ്വസിച്ചാണ് എസ്‌ഐ നിലവിട്ട് പെരുമാറിയതെന്നാണു വിവരം.

Kerala, Pinarayi vijayan, Kozhikode, Police, CPM, Thiruvananthapuram, Journalist, Media, Judge, SI.

Keywords: Kerala, Pinarayi vijayan, Kozhikode, Police, CPM, Thiruvananthapuram, Journalist, Media, Judge, SI.