Follow KVARTHA on Google news Follow Us!
ad

ലൈലത്തുല്‍ ഖദര്‍; വിശുദ്ധ മാസത്തിലെ വിശുദ്ധ രാവ്

ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ്. ഇവിടെ നിന്ന് വിതച്ചതേ അവിടെ Article, Muslim, Muslim pilgrimage, Kerala,
സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി

(www.kvartha.com 30.06.2016) ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ്. ഇവിടെ നിന്ന് വിതച്ചതേ അവിടെ കൊയ്‌തെടുക്കാനാവൂ. നശ്വരമായ ലൗകിക ജീവിതത്തില്‍ മനുഷ്യന്‍ ദൈവീക പ്രീതി കാംക്ഷിച്ച് നല്ല സുകൃതങ്ങള്‍ ചെയ്താല്‍ അത് അവന്റെ അനശ്വര ജീവിതത്തില്‍ വലിയ ഔന്നത്യങ്ങള്‍ കീഴടക്കാനും മഹോന്നത വിജയം നേടാനും നിതാനമാകും. ഇത്തരത്തില്‍ മാനവീക ജീവിതത്തില്‍ ഒട്ടനേകം പ്രതിഫലങ്ങളും നന്മകളും നേടിയെടുക്കാനും ചെയ്തുകൂട്ടാനും അതുവഴി വിജയപാതയില്‍ അണയാനുമായി അടിമകളായ നമുക്ക് അല്ലാഹു നിരവധി അവസരങ്ങള്‍ തുറന്നു തന്നിട്ടുണ്ട്. ഈ അവസരങ്ങള്‍ ശ്രദ്ധാപൂര്‍വം ഉപയോഗപ്പെടുത്തിയാല്‍ ഹ്രസ്വകാലം കൊണ്ട് സമൃദ്ധമായ ഫലങ്ങള്‍ കൊയ്‌തെടുക്കാവുന്നതാണ്. ഇത്തരം അവസരങ്ങളില്‍ ഏറ്റവും സൗഭാഗ്യകരവും ലാഭകരവുമായ ഒരു സുവര്‍ണാവസരമാണ് റമദാന്‍.

ജഗനിയന്താവിന്റെ കാരുണ്യത്തിന്റേയും അനുഗ്രഹത്തിന്റേയും ഹസ്തങ്ങള്‍ കനിഞ്ഞേകുന്ന ധന്യ ദിനരാത്രങ്ങളാണ് വിശുദ്ധ റമദാന്‍. ഈ മാസത്തിലെ ഏറ്റവും വലിയ ശുഭമുഹൂര്‍ത്തമാണ് 'ലൈലത്തുല്‍ ഖദര്‍'. പറഞ്ഞു തീര്‍ക്കാനാവാത്ത അളവറ്റ പ്രതിഫലങ്ങള്‍ അടിയാറുകള്‍ക്കായി തയ്യാര്‍ ചെയ്ത വിശുദ്ധ രാത്രിയാണത്. ഒരു രാത്രിയിലെ സല്‍കര്‍മങ്ങള്‍ കൊണ്ട് തിരുനബിയുടെ സമുദായത്തിന് ആയിരം മാസത്തിന്റെ സല്‍കര്‍മങ്ങളുടെ പ്രതിഫലം നല്‍കാമെന്ന് യജമാനനായ അല്ലാഹു വാഗ്ദാനം ചെയ്ത രാവാണ് ലൈലത്തുല്‍ ഖദര്‍. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് റമദാനിലെ 'ലൈലത്തുല്‍ ഖദര്‍' എന്ന രാത്രിയിലാണ്.

ഖുര്‍ആനിക മാഹാത്മ്യമാണ് അതിനെ ഇത്രത്തോളം സമ്പല്‍ സമൃദ്ധമാക്കിയത്. വിശ്വാസികള്‍ തങ്ങളുടെ ആവലാതികള്‍ സൃഷ്ടാവായ നാഥനുമുമ്പില്‍ ഇറക്കിവെച്ച് പാപമോചന മനസ്സോടെ ശേഷിച്ച ജീവിതം സംശുദ്ധമാക്കി തീര്‍ക്കാനാണ് ഇത്തരം രാവുകളേയും ദിനങ്ങളേയും ഉപയോഗപ്പെടുത്തുന്നത്. മാലാഖമാരും ആത്മാക്കളും ആ രാവിന്റെ വിശുദ്ധിയില്‍ ശാന്തിയുടെ പരിവേഷവുമായി പുലരി പൊട്ടി വരുവോളം ഭൂമിയിലേക്കിറങ്ങി വരുമെന്ന മനോഹരമായ ഖുര്‍ആനിക സങ്കല്‍പ്പം മുസ്‌ലിംങ്ങളെ എക്കാലത്തും പ്രചോദിപ്പിക്കുന്നു.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് താങ്കള്‍ക്ക് അറിയാമോ? ഈ രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുള്ള ഉത്തരമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രാഭാതോദയം വരെ അത് സമാധാനമെത്ര.'

'ഖദര്‍' എന്ന പദത്തിന് 'നിര്‍ണയം' 'മഹത്വം' എന്ന് അര്‍ത്ഥമുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണം മനുഷ്യ ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവാണ്. മാനവരാശിക്ക് മുഴുവന്‍ മാര്‍ഗ ദര്‍ശകമായി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച രാത്രി മറ്റു രാത്രികള്‍ക്കൊന്നുമില്ലാത്ത മഹത്വം അല്ലാഹു നല്‍കിയിരിക്കുന്നു. ഈ രാത്രിയെ ഏതുനിലക്ക് സമീപിക്കുന്നുവോ അല്ലെങ്കില്‍ ഏതുരീതിയില്‍ ഇടപെടുന്നുവോ ആ നിലക്ക് അവന്റെ ജീവിതം പുഷ്‌കലമാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നു. എന്നാല്‍ സുന്നത്തായ കര്‍മങ്ങള്‍ക്ക് ഫര്‍ളുകളുടെ പ്രതിഫലവും ഫര്‍ളുകള്‍ക്ക് ഇരട്ടിയോളം പ്രതിഫലം നിശ്ചയിക്കുകയും ചെയ്ത ഈ വ്രതനാളുകളില്‍ ഇത്തരമൊരു രാവിന്റെ സാന്നിധ്യം കൂടി ഒത്തൊരുമിച്ചപ്പോള്‍ വിവരണാതീതമായ ഒരു വിശകലനമാണ് ലൈലത്തുല്‍ ഖദര്‍.

അനുഗ്രഹങ്ങളുടെ പേമാരി മനുഷ്യനെ തഴുകുന്ന രാത്രിയാണിത്. മാലാഖമാര്‍ ഇറങ്ങി വന്ന് ആദം സന്തതികളെ ആശീര്‍വദിക്കുന്ന രാത്രി ഉപയോഗപ്പെടുത്താന്‍ ഒരാള്‍ക്ക് സാധിക്കാതെ വന്നാല്‍ അതാണ് നഷ്ടം, അപരിഹാര്യമായ നഷ്ടം. ഈ വിശുദ്ധ രാത്രി റമദാനിലെ ഏതു ദിവസമാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ റമദാനിലെ അവസാനത്തെ പത്തിലാണെന്നും അതുതന്നെ ഒറ്റയിട്ടരാവുകളില്‍ ആയിരിക്കുമെന്നും പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 27-ാം രാവിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ പരായണണം, ദാന ധര്‍മങ്ങള്‍, പ്രാര്‍ത്ഥന, തൗബ തുടങ്ങിയ സല്‍കര്‍മങ്ങളിലൂടെ ഈ ദിവസത്തെ സുകൃതമാക്കാന്‍ നാം സന്നദ്ധരാവണം. കഴിഞ്ഞുപോയ കാലത്തെ തെറ്റുകള്‍ പൊറുക്കപ്പെടാന്‍ തയ്യാറാകുകയും ശിഷ്ട ജീവിതത്തില്‍ നന്മകൊണ്ട് മുന്നേറാനുമുള്ള പ്രതിജ്ഞയുമെടുക്കാന്‍ ഈ ദിവസത്തെ നാം ഉപയോഗപ്പെടുത്തണം. അതെങ്ങാനും അള്ളാഹു സ്വീകരിച്ചാല്‍ അതുമതി നമ്മുടെ അനശ്വരമായ വിജയത്തിന് കാരണമായിതീരാന്‍.

നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: ''വിശ്വസിച്ച് കൊണ്ടും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും ആരെങ്കിലും ലൈലത്തുല്‍ ഖദ്‌റില്‍ നമസ്‌കാരം നടത്തിയാല്‍ അവന്റെ ജീവിതത്തില്‍ കഴിഞ്ഞ് പോയ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അതു നിമിത്തമാകുന്നു''. ഈ വിശുദ്ധ രാവില്‍ ജിബ്‌രീല്‍ (അ) മിന്റെ നേതൃത്വത്തില്‍ മാലാഖമാര്‍ മസ്ജിദുല്‍ഹറം, ബൈത്തുല്‍ മുഖദ്ദസ്, റൗളാശരീഫ്, സീനാപര്‍വതം എന്നിവയില്‍ കൊടിനാട്ടിയ ശേഷം വിശ്വാസികള്‍ക്ക് ശാന്തി ആശംസിക്കാനായി ഭൂമിയിലേക്ക് ഇറങ്ങുന്നു. അവരുടെ സലാം ലഭിക്കുന്നവര്‍ക്ക് ആവശ്യമായ ഒരു അനുഭൂതി ലഭിക്കുമെന്ന് പണ്ഡിതന്‍മാര്‍ പഠിപ്പിക്കുന്നു.

ഈ വിശുദ്ധരാത്രിയില്‍ സര്‍വലോകാധിപതിയുടെ കാരുണ്യത്തിന്റെ പടിവാതില്‍ക്കല്‍ നാം സര്‍വാര്‍പ്പണം നടത്തണം. സംസ്‌കരണത്തിന് ഏറ്റവും യോഗ്യമായ സമയമായതു കൊണ്ട് തന്നെ ആത്മീയതയുടെ ഈ വ്രതനാളുകളില്‍ പശ്ചാതാപ മനസോടെ നാഥനിലേക്ക് അടുക്കാനും അതു വഴി വിജയികളില്‍ ഉള്‍പെടാനും നാം കര്‍മ നിരതരാവുക. അതിനാവട്ടേ നമ്മുടെ അനുഷ്ഠാനങ്ങളും കരുത്തും പ്രവര്‍ത്തനങ്ങളുമെല്ലാം...

Keywords: Article, Muslim, Muslim pilgrimage, Kerala, Ramadan, ramazan, Lailathul khadr, Sayyid Shihabudheen Buqari.