Follow KVARTHA on Google news Follow Us!
ad

വര്‍ധിപ്പിച്ച ശമ്പളം ലഭിച്ചില്ല; അംഗനവാടി ജീവനക്കാര്‍ സമരത്തിലേക്ക്

വര്‍ധിപ്പിച്ച ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ അംഗനവാടി ജീവനക്കാര്‍ സമരത്തിലേക്ക്.Malappuram, Kerala, Teachers, Salary,
മലപ്പുറം: (www.kvartha.com 30.06.2016) വര്‍ധിപ്പിച്ച ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ അംഗനവാടി ജീവനക്കാര്‍ സമരത്തിലേക്ക്. ജൂലൈ 11ന് കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അംഗനവാടി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു) ഭാരവാഹികള്‍ പറഞ്ഞു. വര്‍ക്കര്‍മാര്‍ക്ക് നിലവിലുണ്ടായിരുന്ന 5,600 രൂപ കഴിഞ്ഞ ഏപ്രില്‍ മുതല്‍ 10,000 ആയും ഹെല്‍പര്‍മാരുടെ 4,100ല്‍ നിന്നും 7,000 രൂപയായും വര്‍ധിപ്പിച്ചിരുന്നു. വര്‍ധിപ്പിച്ച ശമ്പളം അതാത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നല്‍കണമെന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍ ആവശ്യത്തിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഭൂരിഭാഗം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ശമ്പളം നല്‍കാന്‍ തയ്യാറായില്ല. ഇതോടെ കഴിഞ്ഞ 10 വര്‍ഷമായി ശമ്പള വര്‍ധനവ് ഇല്ലാതെ ദുരിതം പേറുകയാണ് അംഗനവാടി ജീവനക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വന്‍ തോതില്‍ ശമ്പളം വര്‍ധിപ്പിച്ചപ്പോഴും തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ഒരു വര്‍ധനവും വരുത്താത്ത സാഹചര്യത്തിലാണ് 11 ന് സര്‍ക്കാരിനെതിരെ കരിദിനം ആചരിക്കുന്നത്.

തങ്ങളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ശമ്പളം പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഒരു മാസത്തെ വേതനം ഓണത്തിന് മുന്‍പ് നല്‍കുക, 3,000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്. മറ്റ് ജീവനക്കാരെ കൂടുതല്‍ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് അംഗനവാടി ജീവനക്കാര്‍. രാവിലെ ഒമ്പതര മുതല്‍ മൂന്ന് മണി വരെ അംഗനവാടിയിലും തുടര്‍ന്ന് അഞ്ചരവരെ വീട് സന്ദര്‍ശനവും നടത്തണം. കൂടാതെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സര്‍വേകള്‍ക്കും ഇവരെയാണ് നിയോഗിക്കുന്നത്. സംസ്ഥാനത്ത് 36,000 അംഗനവാടികളിലായി 72,000 ത്തോളം പേരാണ് ജോലി ചെയ്യുന്നത്.

Keywords: Malappuram, Kerala, Teachers, Salary, Anganwadi workers, Strike, Salary, Government Employees.