Follow KVARTHA on Google news Follow Us!
ad

സന്ദീപാനന്ദഗിരിയുടെ കേരള യാത്ര: 'ചില വാചാരങ്ങള്‍'

കുരീപ്പുഴ ശ്രീകുമാറിന്റെ മതാതീത യാത്രക്കും, അംബികാസുതന്‍ മാങ്ങാടിന് നല്‍കിയ അംഗീകാരത്തിന്റെ പേരില്‍ ജില്ലക്ക് Article, Prathibha-Rajan, Kerala, Programme.
പ്രതിഭാരാജന്‍

(www.kvartha.com 01.03.2016) കുരീപ്പുഴ ശ്രീകുമാറിന്റെ മതാതീത യാത്രക്കും, അംബികാസുതന്‍ മാങ്ങാടിന് നല്‍കിയ അംഗീകാരത്തിന്റെ പേരില്‍ ജില്ലക്ക് സമ്മാനമായി ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം അദ്ദേഹം തിരിച്ചേല്‍പ്പിച്ചതിനും ശേഷം യാഗാശ്വം പോലെ 'വിവാദങ്ങളുടെ കെട്ടഴിച്ചു വിട്ട്' സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രഭാഷണ യാത്ര ചൊവ്വാഴ്ച്ച രാവിലെ കാസര്‍കോടില്‍ നിന്നും പുറപ്പെടുന്നു. നാലുമണിക്ക് പാലക്കുന്ന് ശ്രിഭഗവതീക്ഷേത്ര പരിസരത്തു വെച്ചാണ് അടുത്ത പ്രഭാഷണം. ക്ഷേത്ര മുന്‍ സാരഥി സി എച്ച് നാരായണന്റെ നേതൃത്വത്തിലുള്ള സ്വാഗത സംഘം അദ്ദേഹത്തെ സ്വീകരിക്കും. 'ശ്രിശങ്കര നാരായാണം ജ്ഞാനയജ്ഞം' എന്ന പരിപാടിയിലാകമാനം 'തിരിച്ചു വന്നു കൊണ്ടിരിക്കുന്ന ജാതി വിവേചനാമിതാനുരാഗം, അന്ധവിശ്വാസം' എന്നിവ  ചോദ്യം ചെയ്യപ്പെടും. ലോകം കണ്ട ദാര്‍ശനികരായ ശ്രീ ശങ്കരാചാര്യരുടെ മഹിഷപഞ്ചകവും, ഗുരുദേവന്റെ ദൈവദശകവും നിലവിലെ കാലാവസ്ഥയില്‍ നിന്നു കൊണ്ട് വിശദീകരിക്കാനാണ് സ്വാമി യാത്ര തിരിക്കുന്നത്.

ഇത്തരത്തിലുള്ള പരിപാടി അവതരിപ്പിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിനു തുഞ്ചന്‍ പറമ്പില്‍ വെച്ച് അദ്ദേഹം അക്രമിക്കപ്പെടുന്നത്. ജാതിയെക്കുറിച്ച് പറഞ്ഞാല്‍ അത് ഹിന്ദുമതത്തെ കളങ്കപ്പെടുത്തലാണെന്ന് പ്രചരിപ്പിച്ച് അസഹിഷ്ണുതയാര്‍ന്ന ഏതാനും ഹൈന്ദവ തീവ്രാനുരാഗികള്‍ അവിടെ മാത്രമല്ല അനാചാരം പറഞ്ഞത്. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ ധബോല്‍ക്കറിന്റെയും മോഹന്‍ പന്‍സാരെയുടെയും കല്‍ബുര്‍ഗിയുടെയും ജീവന്‍ വരെ കവര്‍ന്നെടുത്തിട്ടുണ്ട്. സത്യം തുറന്നു പറയാന്‍ അവസരമുണ്ടായിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ വിവേകാനന്ദനും ഗുരുവിനുമുള്ള സ്വാതന്ത്യം പോലും ആധുനിക ഭാരതത്തില്‍ നിഷേധിക്കപ്പെടുകയാണെന്ന് ഇത് സുചിപ്പിക്കുന്നു. ഗീതാപഠനമായിരുന്നു തുഞ്ചന്‍ പറമ്പില്‍ നടന്നിരുന്നത്.

അക്രമത്തിലുടെ അടിച്ചമര്‍ത്താന്‍ കഴിയുന്നതാണ്  സനാതനധര്‍മ്മമെങ്കില്‍ അതിനൊരുമ്പെടുന്നവരും ഇത് തിരുത്താന്‍ വേണ്ടി കുടിയാണ് സ്വാമിയുടെ യാത്ര. ഹൈന്ദവ സംസ്‌കൃതിയില്‍ കേന്ദ്രീകൃതമായ മേല്‍പ്പറഞ്ഞ രണ്ടു കൃതികളിലുടെയുള്ള വിശദീകരണം യാത്രയിലുടെ ചര്‍ച്ച ചെയ്യപ്പെടും. മുമ്പോട്ടുള്ള യാത്ര എന്നതാണ് പുരോഗമനം. എന്നാല്‍ നിന്നിടുത്തു നിന്നും അനങ്ങാന്‍ സമ്മതിക്കാത്ത ആചാരാനുഷ്ഠാനങ്ങളെ ചേദ്യം ചെയ്യുകയാണ് സ്വാമി ഇവിടെ. സ്വാമി പുരോഗമനവാദിയാകുന്നതവിടെയാണ്.

അംബികാസുതന്‍ മാങ്ങാടിനു സമ്മാനിച്ച കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം തിരിച്ചേല്‍പ്പിച്ചതും കുരീപ്പുഴയുടെ മതാതീത യാത്രയുടെ പ്രയാണവും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. അന്ധവിശ്വാസം നിലനില്‍ക്കുക ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിന്റേതുകുടിയായതു കൊണ്ട് അത്തരം ഭാഗത്തു നിന്നും ഇവിടെയും അക്രമമുണ്ടായേക്കാം. മതവിശ്വാസികളെ നിര്‍ബന്ധിച്ച് ആചരിക്കാന്‍ പ്രേരിപ്പിച്ച് പിന്നീട് അത് കീഴ് വഴക്കങ്ങളായി മാറിയ അനാചാരങ്ങളെ തുരത്താനും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആചരിക്കുന്നവന്റെ ശ്രേയസ്സിനായി മാറ്റപ്പെടുന്നതിനും വേണ്ടിയാണിത് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.  അനാചാര പ്രവണതകളില്‍ അകപ്പെട്ടു പോയവരെ ചതിക്കുഴിയില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള യജ്ഞം. പുസ്തകം പുജ ചെയ്യാനുള്ളതല്ല വായിക്കാനുള്ളതാണെന്ന തിരിച്ചറിവിലേക്കായ് സമുഹത്തെ മാറ്റാന്‍ ശങ്കരാചാര്യ സുക്തങ്ങളെ സ്വാമി വിശദീകരിക്കുന്നു.

ഉല്‍കൃഷ്ടങ്ങളായ ഹൈന്ദവ സംസ്‌കാരത്തെ തങ്ങളുടെ വരുതിയിലാക്കി മഹാരഥങ്ങളായ സന്യാസി വര്യന്മാരുടെ ചിത്രങ്ങള്‍ ചുമരില്‍ തൂക്കി തെറ്റിദ്ധരിപ്പിക്കുന്ന മതവാദം പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഉത്തേജനം കുത്തി നിറച്ച ഗ്രന്ഥങ്ങളാണ് മഹിഷപഞ്ചകവും, ദൈവദശകവുമെന്ന് യാത്രയിലുടനീളം പരിചയപ്പെടുത്തും. വിശ്വാസത്തേയും ആചാരങ്ങളേയും പരിഷ്‌കരിക്കാന്‍ ശ്രമിച്ച വിവേകാനന്ദനെ പൂജിക്കുന്നവര്‍ ആ ജോലി തുടരുന്നതുവരെ അക്രമിക്കുന്ന നയമാണ് തുഞ്ചന്‍ പറമ്പില്‍ കണ്ടത്. ജനങ്ങളെ ഇനിയും അജ്ഞതയില്‍ തളച്ചിട്ട് വോട്ടു പിഴിഞ്ഞെടുക്കുന്ന മത ചിന്ത വളമായി സ്വീകരിച്ചു രാഷ്ട്രീയം കളിക്കുന്നന്നവരില്‍ നിന്നും വിശ്വാസികളെ രക്ഷപ്പെടുത്താന്‍ ഇനിയും സമാധനപരങ്ങളായ ഗാന്ധിയന്‍ യാത്രകള്‍ വിവിധ മതങ്ങള്‍ക്കിടയില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

Article, Prathibha-Rajan, Kerala, Programme.


Keywords: Article, Prathibha-Rajan, Kerala, Programme.