വിജയസാദ്ധ്യതയുളള സീറ്റ് പകരം നല്‍കാതെ ഇരവിപുരം വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീഗ്

മലപ്പുറം: (www.kvartha.com 29.02.2016) കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭ സീറ്റിനായി ആര്‍.എസ്.പി. അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ വിഷയം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച രാവിലെ പാണക്കാട്ട് ചേര്‍ന്ന മുസ്ലിംലീഗ് അടിയന്തര യോഗം തീരുമാനിച്ചു. വിജയസാദ്ധ്യതയുളള സീറ്റ് പകരം നല്‍കാതെ ഇരവിപുരം വിട്ടുകൊടുക്കേണ്ടെന്നാണ് ലീഗിനുളളിലെ വികാരമെന്നറിയുന്നു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. നിലവില്‍ ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ. അസീസിന്റെ സിറ്റിംഗ് സീറ്റാണ് ഇരവിപുരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ലീഗിനു നല്‍കിയ സീറ്റാണിത്.

അന്ന് അസീസിനോട് ലീഗിന്റെ പി.കെ.കെ. ബാവ പരാജയപ്പെട്ടിരുന്നു. ഇടതുബന്ധം ഉപേക്ഷിച്ച് ആര്‍.എസ്.പി. യു.ഡി.എഫിനൊപ്പമെത്തിയതോടെ സീറ്റ് വിഭജനം തലവേദനയാവുകയാണ്. തെക്കന്‍ കേരളത്തിലെ 61 നിയമസഭ മണ്ഡലങ്ങളില്‍ ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമാണിത്. അത് വിട്ടു കൊടുത്താല്‍ മലബാര്‍ പാര്‍ട്ടിയായി ചുരുങ്ങുമെന്ന ആശങ്ക ലീഗിനുണ്ട്.

ഇരവിപുരത്തിന് പകരം ലീഗിന് കരുനാഗപ്പളളിയോ ചടയമംഗലമോ നല്‍കണമെന്നാണ് ആര്‍.എസ്.പി. നേതൃത്വത്തിന്റെ ആവശ്യം എന്നാല്‍ വിജയസാദ്ധ്യത കുറഞ്ഞ മണ്ഡലങ്ങള്‍ സ്വീകരിക്കേണ്ടെന്നാണ് ലീഗ് തീരുമാനം.


Keywords: Malappuram, Assembly Election, Muslim-League, Kerala.
Previous Post Next Post