Follow KVARTHA on Google news Follow Us!
ad

ബിജു രമേശ് എ.ഐ.എ.ഡി.എം.കെ യോഗത്തില്‍; കേരളം രക്ഷപ്പെടാന്‍ ജയലളിത മൂഖ്യമന്ത്രിയാകണം

അഴിമതി രഹിത ഭരണം വരണമെങ്കില്‍ ജയലളിത കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് മന്ത്രി കസേരകള്‍ ഇളക്കിയ രാഷ്ട്രീയ ബോംബുകള്‍ പൊട്ടിച്ച വ്യവസായി ബിജു രമേശ്. ജയലളിതയുടെ Idukki, Kerala, Biju Ramesh, Jayalalitha, Chief minister
ഇടുക്കി: (www.kvartha.com 29/02/2016) അഴിമതി രഹിത ഭരണം വരണമെങ്കില്‍ ജയലളിത കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് മന്ത്രി കസേരകള്‍ ഇളക്കിയ രാഷ്ട്രീയ ബോംബുകള്‍ പൊട്ടിച്ച വ്യവസായി ബിജു രമേശ്. ജയലളിതയുടെ 68 ാം ജന്മദിനത്തോടനുബന്ധിച്ച് മൂന്നാറില്‍ എ.ഐ.എ.ഡി.എം.കെ സംഘടിപ്പിച്ച, 6800 പേര്‍ക്ക് സ്‌നേഹോപഹാരം നല്‍കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ബിജു.

കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ജയലളിതയുടേത് പോലുള്ള ഭരണം കേരളത്തില്‍ വരണം. മൂന്നാര്‍ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ സന്ദര്‍ശിച്ചിരുന്നു. അതേ നിലയിലാണ് മൂന്നാര്‍ ഇപ്പോഴും. മൂന്നാറിലൂടെ നേട്ടങ്ങള്‍ കൊയ്തത് കെ.എം.മാണിയും കൂട്ടരുമാണ്. മാണിയുടെ മരുമക്കള്‍ക്ക് മൂന്നാറില്‍ എട്ടു റിസോര്‍ട്ടുകളാണുളളത്.

കേരളത്തില്‍ രാഷ്ട്രീയക്കാരും മന്ത്രിമാരും സുഖമായി ജിവിക്കുമ്പോള്‍ നിര്‍ധനരായ ആളുകള്‍ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നു. മക്കളെ അമ്മ പരിപാലിക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളെ അമ്മ സംരക്ഷിക്കും. അമ്മയോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന കേരള നിയമസഭയില്‍ എ.ഐ.എ.ഡി.എം.കെക്ക് പ്രാതിനിധ്യമുണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു. ഇടുക്കി ജില്ലയിലെ ദേവികുളം. പീരുമേട്, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനായി ഇതിനോടകം തന്നെ നിരവധി അപേക്ഷകള്‍ വന്നിട്ടുണ്ട്. അമ്മ തീരുമാനിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. 

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും കേരളത്തിലും നടപ്പിലാക്കും. സൗജന്യ അരി, പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, വിദ്യാര്‍ത്ഥികള്‍ക്ക് ചെരുപ്പു മുതല്‍ ലാപ്പ് ടോപ്പ് വരെ ഇതിന്റെ ഭാഗമായി നല്‍കും. വയോധികര്‍ക്ക് ധനസഹായമായി ആയിരം രൂപ വീതം നല്‍കും. ഇതെല്ലാം നടപ്പില്‍ വരുത്താന്‍ ഉതകുന്ന വിധത്തില്‍ അണ്ണാ തൊഴില്‍ സംഘം ആരംഭിക്കും. 

തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവ് സാധ്യമാക്കും. തമിഴ്‌നാട് മുനിസിപ്പല്‍-ഗ്രാമവികസന വകുപ്പു മന്ത്രി എസ്.പി വേലുമണി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഐ.എ.ഡി.എം.കെ ജില്ലാ സെക്രട്ടറി എം.കെ. സുബ്ബറോയല്‍ അദ്ധ്യക്ഷത വഹിച്ചു. അണ്ണാ തൊഴില്‍ സംഘം അഖിലേന്ത്യാ സെക്രട്ടറി ആര്‍. ചിന്നസാമി എം.എല്‍.എ, തിരുപ്പൂര്‍ ജില്ലാ സെക്രട്ടറി ഉടുമലൈ രാധാകൃഷ്ണന്‍, മഠത്തിക്കുളം എം.എല്‍.എ സി.ഷണ്‍മുഖവേല്‍, മേട്ടുപ്പാളയം എം.എല്‍.എ ചിന്നരാജ്, ജോണിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. തമിഴ് ഹാസ്യനടന്‍ ഗുണ്ടുകല്യാണവും പരിപാടിയില്‍ പങ്കെടുത്തു. നിര്‍ധനര്‍ക്ക് തയ്യല്‍മെഷീനും മറ്റും വിതരണം ചെയ്തു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ തമിഴ്‌മേഖലകളില്‍ വന്‍ ആനുകൂല്യങ്ങളാണ് എ.ഐ.എ.ഡി.എം.കെ നല്‍കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ നാലു പഞ്ചായത്തംഗങ്ങള്‍ ജില്ലയില്‍ പാര്‍ട്ടിക്കുണ്ട്. മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുമായി സഖ്യമുണ്ടാക്കി ദേവികുളം സീറ്റ് പിടിക്കാനുളള അവരുടെ ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മറയൂര്‍ മേഖലയില്‍ പണം വിതരണം ചെയ്തതിന് എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ഇന്നലെ മലയാള പത്രങ്ങളില്‍ ജയലളിതയുടെ ചിത്രം സഹിതം മൂന്നാര്‍ പരിപാടിയുടെ പരസ്യം നല്‍കിയിരുന്നു. ഏതാനും ദിവസം മുമ്പ് ബിജു രമേശ് എ.ഐ.എ.ഡി.എം.കെ അംഗത്വം എടുത്തിരുന്നു.

Keywords: Idukki, Kerala, Biju Ramesh, Jayalalitha, Chief minister