Follow KVARTHA on Google news Follow Us!
ad

മധ്യവയസ്‌ക്കനെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം സ്വര്‍ണവും പണവും അപഹരിച്ച കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ Idukki, Kerala, Accused, 3 held for kidnapping
ഇടുക്കി: (www.kvartha.com 29/02/2016) വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം സ്വര്‍ണവും പണവും അപഹരിച്ച കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. കട്ടപ്പന ഇടുക്കി കവല നെടുമ്പുറത്ത് ടോമി (കൗസല്യ ടോമി)യെ മര്‍ദിച്ച കേസില്‍ എറണാകുളം പിണ്ടിമന വടയത്ത് ലിബു (23), കുട്ടമംഗലം നെല്ലിമറ്റം കല്ലുവെട്ടുകുഴിയില്‍ ബെന്നി മാത്യു (21), നേര്യമംഗലം കുന്നത്തുവീട്ടില്‍ ബേസില്‍മോന്‍ (23) എന്നിവരെയാണ് സി.ഐ ബി. ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ക്വട്ടേഷന്‍ നല്‍കിയ യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ ഒളിവിലാണ്. കഴിഞ്ഞ 18 നായിരുന്നു കേസിനാസ്പദ സംഭവം.

എറണാകുളം സ്വദേശിയും ടോമിയും തമ്മില്‍ വാഹന ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുന്നത്. വാഹനം വാങ്ങി നല്‍കാമെന്നു തെറ്റിധരിപ്പിച്ച് ടോമി പണം വാങ്ങുകയും പിന്നീട് തിരികെ നല്‍കാതെ വരുകയും ചെയ്തതാണ് പ്രശ്‌നത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. എറണാകുളം സ്വദേശിയില്‍ നിന്ന് ബേസിലാണ് ക്വട്ടേഷന്‍ ഏറ്റത്. കട്ടപ്പനയില്‍ എത്തിയ സംഘം ടോമിയെ പിടികൂടി കോതമംഗലം ഭാഗത്തുള്ള വീട്ടില്‍ എത്തിച്ച് മര്‍ദിച്ചു. ഇതിനുശേഷം അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും രണ്ട് സ്വര്‍ണ മോതിരവും എ.ടി.എം. കാര്‍ഡും കൈക്കലാക്കി. എം.ടി.എം. കാര്‍ഡിന്റെ പിന്‍നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ ടോമിയെ ക്രൂരമായി മര്‍ദിച്ചു. 

നമ്പര്‍ മനസിലാക്കിയശേഷം പിറ്റേന്ന് ടോമിയെ കോതമംഗലം ഗവ. ആശുപത്രിയില്‍ എത്തിച്ചശേഷം സംഘം രക്ഷപെടുകയായിരുന്നു. സാരമായി പരുക്കേറ്റ ടോമിയെ പ്രഥമശുശ്രൂഷ നല്‍കിയശേഷം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്നിറങ്ങിയ ടോമി തൊടുപുഴ വഴി കട്ടപ്പനയില്‍ എത്തിയശേഷം ഇരുപതേക്കറിലെ ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. 

പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനുശേഷം കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ബന്ധപ്പെട്ട് നേര്യമംഗലത്ത് എത്തി ഇയാളെ പോലീസ് പിടികൂടി. തുടര്‍ന്ന് നേര്യമംഗലം, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്ന് മറ്റുള്ളവരുരേയും കസ്റ്റഡിയില്‍ എടുത്തു. രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചതായി പ്രതികള്‍ പോലീസിനു മൊഴി നല്‍കി. പണയപ്പെടുത്തിയിരുന്ന സ്വര്‍ണാഭരണം പോലീസ് കണ്ടെത്തി. പിടിച്ചുപറിക്കേസില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 
മോഷണം അടക്കം എട്ടോളം കേസുകളിലെ പ്രതിയാണ് ബേസില്‍. സി.പി.ഒമാരായ സിനോജ്, ദിലീപ്, സബീര്‍, സതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


Keywords: Idukki, Kerala, Accused, 3 held for kidnapping