Follow KVARTHA on Google news Follow Us!
ad

കതിരൂര്‍ മനോജ് വധം; ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സി.പി.എം Thalassery, CBI, Kerala,
തലശേരി: (www.kvartha.com 30.01.2016) ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യം തലശേരി സെഷന്‍സ് കോടതി മൂന്നാമതും തള്ളി. ഹര്‍ജി തള്ളിയതോടെ സി.ബി.ഐ ജയരാജനെ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് വിവരം. കേസില്‍ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കി സി.ബി.ഐ ജനുവരി 21ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

രാഷ്ട്രീയവൈരാഗ്യം വച്ചുള്ള കൊലപാതകമെന്നാണ് സി.ബി.ഐയുടെ നിഗമനം. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1999 ആഗസ്റ്റ് 25ന് തിരുവോണനാളില്‍ ജയരാജനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.

കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ
P. Jayarajan's anticipatory bail plea rejected again, Thalassery, CBI,
(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വകുപ്പുകള്‍ പ്രകാരം ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ് ജയരാജന്‍.

ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജ് (46) 2014 സെപ്തംബര്‍ ഒന്നിനായിരുന്നു കൊല ചെയ്യപ്പെട്ടത്. രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് തലശേരിയിലേക്ക് ഒംനി വാനില്‍ പോകുന്നതിനിടെ ഉക്കാസ്‌മെട്ടയില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

മനോജ് വധക്കേസില്‍ സി.പി.എം ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. നേരത്തേ സി.പി.എം വിട്ട് ആര്‍.എസ്.എസില്‍ ചേര്‍ന്ന അഞ്ഞൂറോളം പേര്‍ക്ക് സ്വീകരണമൊരുക്കിയതിന്റെ മുഖ്യചുമതലക്കാരന്‍ മനോജായിരുന്നു. കേസിലെ ഒന്നാംപ്രതി വിക്രമനുമായി സംസാരിച്ച് ജയരാജന്‍ മറ്റു പ്രതികളെ ഏകോപിപ്പിക്കാന്‍ ചുമതലയേല്പിച്ചു. വിക്രമന്‍ മറ്റുള്ളവരെ ഏകോപിപ്പിച്ച് കൊല നടത്തുകയായിരുന്നുവെന്നും ജയരാജനാണ് കൊലയുടെ ആസൂത്രകനെന്നും ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Also Read:
നീലേശ്വരത്ത് കോണ്‍ഗ്രസ് സാംസ്‌കാരിക കേന്ദ്രത്തിന് നേരെ ആക്രമണം
Keywords: P. Jayarajan's anticipatory bail plea rejected again, Thalassery, CBI, Kerala.