Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ് അവതരിപ്പിക്കാന്‍ മാണി വരുന്നു; സത്യപ്രതിജ്ഞക്കു തീയതി നോക്കുന്നു

രാജിവെച്ച ധനകാര്യ മന്ത്രി കെ എം മാണിയുടെ മന്ത്രിസഭാ പുനപ്രവേശം നിയമസഭയിലെ ബജറ്റ് അവതരണത്തിനു മുമ്പ് നടത്താന്‍ നീക്കം Oommen Chandy, Budget, K.M.Mani, Thiruvananthapuram, Kerala, Congress, Ministers, Aryadan Muhammad, UDF.
തിരുവനന്തപുരം: (www.kvartha.com 31.01.2016)  രാജിവെച്ച ധനകാര്യ മന്ത്രി കെ എം മാണിയുടെ മന്ത്രിസഭാ പുനപ്രവേശം നിയമസഭയിലെ ബജറ്റ് അവതരണത്തിനു മുമ്പ് നടത്താന്‍ നീക്കം സജീവം. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഫെബ്രുവരി 12നാണു ബജറ്റ്. ധനകാര്യം വേറെ മന്ത്രിയെ ഏല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ബജറ്റ് അവതരണവും അദ്ദേഹം തന്നെ നടത്താനാണ് ഇതുവരെയുള്ള ആലോചനയും. അതനുസരിച്ചു ബജറ്റ് തയ്യാറാക്കല്‍ നടപടികളും നടക്കുന്നുണ്ട്.

അതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍. മാറിയ സാഹചര്യത്തില്‍ മാണി തന്നെ അപ്രതീക്ഷിതമായി ബജറ്റ് അവതരിപ്പിക്കുന്ന നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ഫെബ്രുവരി പത്തിനോ പതിനൊന്നിനോ മാണിയുടെ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. കോണ്‍ഗ്രസ് ഇതിനു പൂര്‍ണമായും തയ്യാറാണ്. കേരള കോണ്‍ഗ്രസ് തീരുമാനം ഈയാഴ്ച ഉണ്ടാകും. ഗവര്‍ണര്‍ പി സദാശിവം തലസ്ഥാനത്തു തന്നെ ഉണ്ടാകുമോ എന്ന് ഉറപ്പു വരുത്താന്‍ ഔപചാരിക നിര്‍ദേശം മുഖ്യമന്ത്രി സ്വന്തം ഓഫീസിനു നല്‍കിയെന്നും വിവരമുണ്ട്.

മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും അതിനു മുമ്പ് വിജിലന്‍സ് കോടതി വിധിയേത്തുടര്‍ന്നു രാജിവച്ച മന്ത്രി കെ ബാബുവിനെ തിരിച്ചെടുക്കാന്‍ യുഡിഎഫ് നേതൃയോഗം തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാണിയുടെ തിരിച്ചുവരവിനും കളമൊരുങ്ങുന്നത്. മാണിയെയും മന്ത്രിസഭയിലേക്ക് യു ഡി എഫ് യോഗം സ്വാഗതം ചെയ്തിട്ടുണ്ട്. ധൃതിയില്ല എന്നാണ് മാണി പരസ്യമായി പ്രതികരിച്ചത്. എങ്കിലും ഈ സര്‍ക്കാരിന്റെ മുന്‍ ബജറ്റുകളെല്ലാം അവതരിപ്പിച്ച മാണിക്ക് അവസാന ബജറ്റ് കൂടി അവതരിപ്പിക്കണം എന്ന് ആഗ്രഹമുണ്ട്. അതു നടന്നാല്‍ അപൂര്‍വ കീഴ്‌വഴക്കങ്ങളാകും കേരള നിയസഭയില്‍ ഉണ്ടാവുക. മറ്റൊരാള്‍ തയ്യാറാക്കിയ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി മാണി മാറും. രാജിക്ക് കാരണമായ കേസ് നിലനില്‍ക്കെ തിരിച്ചെത്തുന്ന മന്ത്രിയും മാണിയായിരിക്കും.

അതേസമയം, മാണിയെ തിരിച്ചുകൊണ്ടുവരുന്നത് പ്രതിപക്ഷത്തിനു നിയമസഭയിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു ഡി എഫിനെതിരേ വലിയ ആയുധമായി മാറുമെന്ന ആശങ്ക കോണ്‍ഗ്രസിലെ തന്നെ വിവിധ നേതാക്കള്‍ക്കുണ്ട്. അത് അവര്‍ എ കെ ആന്റണിയോടു പറഞ്ഞിട്ടുമുണ്ടെന്ന് അറിയുന്നു. വി എം സുധീരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നിവരാണ് അതൃപ്തരില്‍ പ്രധാനികള്‍. കെ പി സി സി പ്രസിഡന്റിനെപ്പോലും നോക്കുകുത്തിയാക്കി മുഖ്യമന്ത്രി കോണ്‍ഗ്രസിനെ നാശത്തിലേക്കു നയിക്കുന്നുവെന്ന വിമര്‍ശനമാണ് ഇവരുടേത്.

Oommen Chandy, Budget, K.M.Mani, Thiruvananthapuram, Kerala, Congress, Ministers, Aryadan Muhammad, UDF.


Keywords: Oommen Chandy, Budget, K.M.Mani, Thiruvananthapuram, Kerala, Congress, Ministers, Aryadan Muhammad, UDF.