Follow KVARTHA on Google news Follow Us!
ad

ആ ഒരു നിമിഷം അങ്ങിനെ പറ്റിപ്പോയി...

മറ്റുള്ളവരെ പിണക്കാന്‍ സ്വതവേ മടിയുള്ളവരാണ് പെണ്‍സമൂഹം. പറ്റില്ല എന്ന് പറയാന്‍ സ്ത്രീകള്‍ ഇനിയും പഠിക്കാത്തതാണ് പല പീഡനങ്ങള്‍ക്കും പിന്നിലുള്ള കാര്യം..Article, Kookanam-Rahman, Molestation, Girl, Woman, Case, Police, Arrest,
കൂക്കാനം റഹ് മാന്‍

(www.kvartha.com 30.12.2015) മറ്റുള്ളവരെ പിണക്കാന്‍ സ്വതവേ മടിയുള്ളവരാണ് പെണ്‍സമൂഹം. പറ്റില്ല എന്ന് പറയാന്‍ സ്ത്രീകള്‍ ഇനിയും പഠിക്കാത്തതാണ് പല പീഡനങ്ങള്‍ക്കും പിന്നിലുള്ള കാര്യം...

കൃസ്ത്യന്‍ വിഭാഗത്തിലാണ് പുരുഷന്‍. സ്ത്രീ ഹിന്ദുവും. ഇരുവരും പ്രണയത്തിലായി. പ്രണയം ശാരീരിക ബന്ധത്തിലെത്തിച്ചു. സ്ത്രീ ഗര്‍ഭിണിയായി. നായര്‍ തറവാട്ടിലെ സ്ത്രീയാണവള്‍. അവളെ വീട്ടുകാര്‍ പുറന്തള്ളി. പുരുഷന്‍ നിസ്സഹായനായി കൈമലര്‍ത്തി. ഏതോ അനാഥാലയത്തിലെത്തിയ അവള്‍ പ്രസവിച്ചു. കൈകുഞ്ഞുമായി നാട്ടില്‍ തിരിച്ചെത്തി. ഗത്യന്തരമില്ലാതെ സ്വന്തം വീട്ടില്‍ അഭയം തേടി. ആണ്‍കുഞ്ഞാണ്. അവന്‍ അവിടെ വളര്‍ന്നു. അവന് 12 വയസ്സുകഴിഞ്ഞു.

ആ പ്രദേശത്ത് ഒരു നീതി മേള നടന്നു. അതില്‍ വെച്ച് വീണ്ടും അവര്‍ ഒന്നാവാന്‍ ധാരണയായി. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം പഞ്ചായത്താഫീസില്‍ റജിസ്റ്റര്‍ വിവാഹം നടന്നു. ഒന്നിച്ച് ജീവിതം ആരംഭിച്ചു. വര്‍ഷം ഒന്നു കഴിയേണ്ടിവന്നില്ല. അവള്‍ ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കി. ആ കുട്ടിക്ക് മുപ്പത്തിമൂന്ന് ദിവസം പ്രായമായപ്പോഴേക്കും അയാളുടെ കൊടും പീഡനം സഹിക്കാന്‍ വയ്യാതെ ആ സ്ത്രീ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ചോരക്കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചു. അവള്‍ അവിടെ വളര്‍ന്നു. പഠിച്ചതും വളര്‍ന്നതും കൃസ്ത്യന്‍ മഠത്തിലാണ്. അവള്‍ കൃസ്ത്യാനിയായി ജീവിക്കുന്നു. സ്വന്തം സഹോദരന്‍ അമ്മ വീട്ടുകാരുടെ സംരക്ഷണത്തില്‍ ഹിന്ദുവായി ജീവിക്കുന്നു.

അനാഥത്വം മടുത്ത പെണ്‍കുട്ടി അച്ഛന്റെയും വീട്ടുകരുടെയും സ്‌നേഹം കൊതിച്ച് നാട്ടിലേക്ക് വന്നു. പക്ഷെ മകള്‍ എന്ന പരിഗണന കൊടുക്കാതെ അച്ഛന്‍ ക്രൂരമായി അവളെ പീഡിപ്പിക്കുന്നു. അനിയത്തിയെ ദ്രോഹിക്കുന്ന വിവരമറിഞ്ഞ് ഹിന്ദുവായി വളരുന്ന ചേട്ടന്‍ അവളെ സഹായിക്കാനെത്തി. അച്ഛനെതിരെ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അവളെ ഡിസ്ചര്‍ജ് ചെയ്താല്‍ എങ്ങോട്ടുകൊണ്ടുപോകും എന്ന പ്രയാസത്തിലാണ് സഹോദരന്‍.

പതിനാറുകാരിയായ പെണ്‍കുട്ടിക്ക് ഒരു ഷെല്‍ട്ടര്‍ സൗകര്യം ഉണ്ടാക്കിത്തരണം എന്നപേക്ഷയുമായി ചൈല്‍ഡ് ലൈനില്‍ വന്നതാണ് അവര്‍. പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ അച്ഛനില്‍ നിന്നുണ്ടായ ചീത്ത സമീപനവും ബന്ധുക്കളില്‍ നിന്നുണ്ടായ ലൈംഗിക പീഡനങ്ങളും മനസ്സുതുറന്നു പറഞ്ഞു.

ആശുപത്രി വിട്ടാല്‍ ഈ സഹോദരങ്ങള്‍ എങ്ങോട്ടുപോകും. മകളെ തിരിച്ചറിയാന്‍ പറ്റാത്ത അച്ഛന്റെ അടുത്തേക്കോ? പിഞ്ചുകുട്ടിയെപോലും പിച്ചിച്ചീന്തുന്ന തെരുവിലേക്കോ? അമ്മയെന്ന സ്ത്രീക്കുപറ്റിപ്പോയ തെറ്റില്‍ വേദന തിന്നു ജീവിക്കേണ്ടിവരുന്ന മക്കള്‍. പുരുഷന്റെ പഞ്ചാരവാക്കിനുമുന്നില്‍ പതറിപ്പോയ സ്ത്രീ... അവളുടെ ജീവിതം ഹോമിച്ചു... അവള്‍ ജന്മം കൊടുത്ത മകള്‍ അതേ വഴി തേടണോ?...


പല തവണയും 'പ്ലീസ്' പറഞ്ഞാല്‍ അലിയേണ്ടത് ഓരോ നല്ല സ്ത്രീയുടെയും കടമയാണ് എന്ന് പെണ്‍കുട്ടികളും സ്ത്രീകളും കരുതുന്നു. ഈ ചിന്ത മാറ്റിയെടുക്കാന്‍ ഇവര്‍ തയ്യാറാവണം. അലിയുന്ന മനസ്സല്ല, തിരിച്ചറിയുന്ന തന്‌റേടം കൈ വരിക്കണം... കഴിഞ്ഞാഴ്ച ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എച്ച്. ഐ. വി. ബാധിതനായ മനുഷ്യന്റെ ക്രൂര സ്വഭാവം ശ്രദ്ധിക്കേണ്ടതല്ലേ? പിഞ്ചുകുഞ്ഞുങ്ങളെ  ലൈംഗിക സുഖത്തിനായി ഉപയോഗപ്പെടുത്തുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിവസേന കേട്ടുകൊണ്ടിരിക്കുന്നത്.

ആറും, ഒണ്‍പതും വയസുപരിധിയിലുള്ള പെണ്‍കുഞ്ഞുങ്ങളെയാണ് പണക്കൊഴുപ്പുള്ള കശ്മലന്മാര്‍ തങ്ങളുടെ ലൈംഗിക തൃപ്തിക്കുവേണ്ടി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. കന്യാചര്‍മ്മം പൊട്ടാത്ത കുഞ്ഞുങ്ങളെയാണുപോലും ഇക്കൂട്ടര്‍ക്ക് വേണ്ടത്. ഇതിനവര്‍ക്ക് ന്യായീകരണമുണ്ട്. പ്രായം അറിയിക്കാത്ത പെണ്‍കുട്ടികളാവുമ്പോള്‍ എയ്ഡ്‌സ് പേടിക്കേണ്ടല്ലോ? പക്ഷേ ഇവിടെ എയ്ഡ്‌സ് ബാധിതനായ കശ്മലന്‍ അത് പിഞ്ചുകുഞ്ഞിലേക്ക് സന്നിവേശിപ്പിക്കാനാണ് ശ്രമിച്ചത് എന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.

ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലിവിടെ. അതും ഗുരുഭൂതന്മാരുടെ ഭാഗത്തുനിന്നാവുമ്പോള്‍ ഭയം ഇരട്ടിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഒന്നാം ക്ലാസുകാരനായ ഒരു പിഞ്ചിളം ആണ്‍കുഞ്ഞിനെ സ്റ്റാഫ് മുറിയില്‍ കൊണ്ടുപോയി തന്റെ ലൈംഗികദാഹം തീര്‍ത്ത ഒരു അധ്യാപകനെക്കുറിച്ചറിയാന്‍ കഴിഞ്ഞു. ഭയന്നുവിറച്ച ആ കുട്ടി അതിനുശേഷം സ്‌കൂളില്‍ ചെല്ലുന്നില്ല. വിദ്യാലയാന്തരീക്ഷത്തില്‍ പോലും രക്ഷയില്ലാതായി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്. സ്ത്രീകളെയും പെണ്‍കുഞ്ഞുങ്ങളെയും വശത്താക്കാന്‍ പല സൂത്രപ്പണികളും പയറ്റാന്‍ കെണി പഠിച്ചവരാണ് ചില പുരുഷ കേസരികള്‍. കുടുംബത്തില്‍ ഒറ്റപ്പെടുകയും വിഷമം അനുഭവിക്കുകയും ചെയ്യുന്ന സ്ത്രീകളെ വശത്താക്കാന്‍ വിരുതുകള്‍ കാണിക്കുന്നവരെ ശ്രദ്ധിക്കണം. ഇങ്ങിനെയുള്ള സ്ത്രീകള്‍ക്ക് സ്‌നേഹിക്കാന്‍ ഒരാളെ വേണം. തന്നെ ശ്രദ്ധിക്കുന്നുണ്ട് ഒരു പുരുഷന്‍ എന്ന് തോന്നിയാല്‍ അയാളുടെ ഇംഗിതത്തിന് വഴങ്ങാന്‍ സ്ത്രീ തയ്യാറായി പോവുന്നു. അയാള്‍ എന്താണ് എന്നെ മാത്രം നോക്കിയത് ? എന്നെ മാത്രം ശ്രദ്ധിക്കുന്നത്? എത്ര സ്ത്രീകള്‍ വേറെയുണ്ട്? ഈ ചിന്തമൂലം അയാളെ തൃപ്തിപ്പെടുത്താന്‍ അവള്‍ എന്തു നല്‍കാനും തയ്യാറായേക്കും.


രാവിലെ മുതല്‍ രാത്രി വരെ ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം കണക്കെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മനസ്സുമാറ്റാനും കെണിയില്‍ വീഴ്ത്താനും ചില പുരുഷന്മാര്‍ക്ക് കൗശലമുണ്ട്. ഇത്തരം സ്ത്രീകളെ കൂടുതല്‍ താന്‍ ശ്രദ്ധിക്കുന്നുണ്ട് എന്നവന്‍ ഉറപ്പുവരുത്തും. മുടി എങ്ങിനെ ചീകണം, ഏത് കളറാണ് ശരീരത്തിന് അനുയോജ്യം തുടങ്ങിയ ഉപദേശങ്ങള്‍ നല്‍കുമ്പോള്‍ ചില സ്ത്രീകള്‍ കൗശലക്കാരുടെ അടിമകളായി മാറിപ്പോകുന്നു. ഇതേ രീതിയിലുള്ള കൗശല പ്രയോഗം നിരവധി സ്ത്രീകളുമായും ഇക്കൂട്ടര്‍ ഷേര്‍ ചെയ്യുന്നുണ്ട് എന്ന് പാവം പിടിച്ച പെണ്ണുങ്ങള്‍ ശ്രദ്ധിക്കാതെ പോവുന്നു.

വൈവാഹിക ബന്ധങ്ങള്‍ തകരുന്ന നിരവധി സംഭവങ്ങള്‍ ഇന്ന് നാട്ടിലുടനീളം നടക്കുന്നു. താന്‍ എത്ര സ്ത്രീകളുടെ അടുത്ത് പോയാലും തന്റെ സ്വന്തം ഭാര്യ തന്നെ ചതിക്കില്ല എന്ന വിശ്വാസമാണ് ചില പുരുഷന്മാരെ നയിക്കുന്നത്. എന്നാല്‍ താന്‍ ചെയ്യുന്നത് പോലെ തന്റെ ഭാര്യയുടെ അടുത്തും ആരെങ്കിലും ഇടപെടുന്നുണ്ടാവുമെന്ന് അയാള്‍ അറിയാതെ പോവുന്നു. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പ്രയോഗിക്കുന്ന ചില സൂത്രവിദ്യകളുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന തത്വവാചകങ്ങളുണ്ട്. 'നമ്മള്‍ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ? ഞാന്‍ എന്റെ ഭാര്യയേയും മക്കളെയും ശ്രദ്ധിക്കുന്നു സ്‌നേഹിക്കുന്നു. നീ നിന്റെ ഭര്‍ത്താവിനെയും മക്കളെയും സ്‌നേഹിക്കുന്നു ഇപ്രകാരം നമ്മള്‍ ചെയ്യുന്നതൊക്കെ സ്വകാര്യമായല്ലേ? ഇതിന് കുറ്റപ്പെടുത്താന്‍ വല്ലതുമുണ്ടോ?' കേള്‍ക്കുമ്പോള്‍  ശരിയല്ലേയെന്ന് തോന്നുന്ന വാചകക്കസര്‍ത്തില്‍ ചിന്തിക്കാത്ത സ്ത്രീകള്‍ വീണുപോകുന്നു.

ഇത്തരം കാര്യങ്ങളൊക്കെ സൗഹൃദമായി വലയില്‍ വീഴ്ത്താനുള്ള തന്ത്രങ്ങളാണ്. ഇന്റര്‍നെറ്റിന്റെയും വാട്‌സ് അപ്പിന്റെയും. ഇക്കാലത്തെപീഡനശ്രമങ്ങള്‍ ഭീഷണിയുടേതാണ്. ഫോട്ടോകളും സംഭാഷണങ്ങളും പകര്‍ത്തലും അത് കാണിച്ച് ഭീഷണിപ്പെടുത്തലുമാണ്. വഴങ്ങിയില്ലെങ്കില്‍ നാടാകെ പ്രചരിപ്പിക്കും. പിന്നെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നില്‍ക്കക്കള്ളിയില്ലാതാവുന്നു. അവന്റെ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കലല്ലാതെ മറ്റ് വഴികളില്ലെന്ന് അവള്‍ തിരിച്ചറിയുന്നു.

ഇതില്‍ നിന്നൊക്കെ രക്ഷനേടാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. നമുക്കുചുറ്റും നടക്കുന്ന ഇത്തരം സംഭവങ്ങള്‍, വായിച്ചും കണ്ടും, മനസ്സിലാക്കണം. ഇതിലൊന്നും വീണുപോകില്ലെന്ന് മനസ്സിലുറപ്പിക്കണം. സ്‌നേഹവാക്കുകള്‍ക്കു പിന്നില്‍ കപടത ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തണം. ഉപദേശങ്ങള്‍ക്കും സ്‌നേഹ നിര്‍ദ്ദേശങ്ങള്‍ക്കും പിന്നിലുള്ള ചൂഷണ സൂചനകള്‍ തിരിച്ചറിയാന്‍ പഠിക്കണം. ഒറ്റപ്പെട്ടുനില്‍ക്കുന്ന അവസരങ്ങളില്‍ സാന്ത്വനവാക്കുകള്‍ പറയുന്നതിലും സഹായങ്ങള്‍ ചെയ്തുതരുന്നതിലും പന്തികേടുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കണം. സ്വന്തം പിതാവിനോടായാലും, ഗുരുജനങ്ങളോടായാലും അകലം പാലിച്ചു വേണം ഇടപഴകാന്‍.

അപകടങ്ങളില്‍ ചെന്നു ചാടിയ നിരവധി പെണ്‍കുഞ്ഞുങ്ങളുമായും സ്ത്രീകളുമായും സംസാരിക്കേണ്ടിവന്നിട്ടുണ്ട്. എല്ലാം മനസ്സിലാക്കിയിട്ടും, അനുഭവങ്ങള്‍ കേട്ടും കണ്ടും പഠിച്ചിട്ടും എന്തേ ഇങ്ങിനെ പറ്റിപ്പോയി? അതിന് ഒരു ഉത്തരം അവര്‍ കരച്ചിലടക്കി പറയുന്നു 'ആ ഒരു നിമിഷം അങ്ങിനെ പറ്റിപ്പോയി' ആ ഒരു നിമിഷത്തെ പിടിച്ചുകെട്ടാന്‍ മനസ്സുറച്ചേ പറ്റൂ.

Article, Kookanam-Rahman, Molestation, Girl, Woman, Case, Police, Arrest,


Keywords: Article, Kookanam-Rahman, Molestation, Girl, Woman, Case, Police, Arrest,