Follow KVARTHA on Google news Follow Us!
ad

നെഹ്‌റുവിന് പകരം പട്ടേല്‍ ആയിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യ മറ്റൊരു പാകിസ്ഥാനായേനെ: പ്രൊഫസര്‍ കാഞ്ച ഐലയ്യ

ജവഹര്‍ലാല്‍ നെഹ്രുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ ആദ്യ New Delhi, Criticism, Pakistan, Narendra Modi, National,
ഡെല്‍ഹി: (www.kvartha.com 30.11.2015) ജവഹര്‍ലാല്‍ നെഹ്രുവിന് പകരം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യ മറ്റൊരു പാകിസ്ഥാനായി മാറിയേനെ എന്ന് പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ പ്രൊഫസര്‍ കാഞ്ച ഐലയ്യ. അങ്ങനെയായിരുന്നുവെങ്കില്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് തന്നെ അത് ഗുരുതരമായ പ്രത്യാഘാതമേല്‍പ്പിയ്ക്കുമായിരുന്നുവെന്നും കാഞ്ച അഭിപ്രായപ്പെട്ടു. ഡെല്‍ഹിയില്‍ നടന്ന ടൈംസ് ലിറ്റ്‌ഫെസ്റ്റില്‍ ഇമാജിനിംഗ് ദ റിപ്പബ്ലിക്‌സ് ഐക്കണ്‍സില്‍ പട്ടേല്‍, നെഹ്രു ആന്‍ഡ് അംബേദ്കര്‍ എന്ന ചര്‍ച്ചയില്‍ സംസാരിയ്ക്കുകയായിരുന്നു കാഞ്ച ഐലയ്യ.

ഹിന്ദുമഹാസഭയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു പട്ടേല്‍ അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കാന്‍ അംബേദ്കറിനെ പട്ടേല്‍ ക്ഷണിയ്ക്കില്ലായിരുന്നു. മറിച്ച് മനുസ്മൃതി എഴുതിയവരായിരിയ്ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കുന്നത്. അങ്ങനെയെങ്കില്‍ ഒരു മതാധിഷ്ഠിത രാജ്യമായി മാറി ഇന്ത്യ മറ്റൊരു പാകിസ്ഥാനായി തീരുമായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയുടെ വഴി മറ്റൊന്നാകുമായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തെ ശരിവെക്കുകയായിരുന്നു കാഞ്ച ഐലയ്യ.

അതേസമയം കാഞ്ച ഐലയ്യയുടെ അഭിപ്രായത്തോട് യോജിച്ച് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നേതാവും മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ഉപദേഷ്ടാവുമായിരുന്ന സുധീന്ദ്ര കുല്‍ക്കര്‍ണിയും രംഗത്തെത്തി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചിന്തകളില്‍ ഇന്നത്തെ കാലത്തിന് യോജിയ്ക്കുന്ന ഒന്നും തന്നെയില്ല. ഒരു ഉരുക്ക് മനുഷ്യനെയല്ല ഇന്ന് ഇന്ത്യയ്ക്ക് വേണ്ടത്.

മറിച്ച് ജനങ്ങളുമായി ജനാധിപത്യപരമായി സംവദിയ്ക്കാന്‍ ശേഷിയുള്ള ഹൃദയമുള്ളവരെയാണെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. സെന്റര്‍ ഫോര്‍ സ്റ്റഡി ഒഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ അനന്യ വാജ്‌പേയ്, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ ഡി.ശ്യാം ബാബു എന്നിവരും പാനലിലുണ്ടായിരുന്നു.

ആട്ടിന്‍ പാല് കുടിച്ചിരുന്ന ഗാന്ധി, ആടിനെ സംരക്ഷിയ്ക്കണം എന്ന് ആവശ്യപ്പടുന്നതിന് പകരം എന്തുകൊണ്ട് പശുസംരക്ഷണത്തിനായി നിലകൊണ്ടു എന്നും ഐലയ്യ ചോദിച്ചു. നെഹ്രുവും അംബേദ്കറുമാണ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്ന് അനന്യ വാജപേയ് അഭിപ്രായപ്പെട്ടു. മതം, മതനിരപേക്ഷത, ജാതി, തുടങ്ങിയവയില്‍ ഇരു നേതാക്കള്‍ക്കും ഏറെ പുരോഗമനപരമായ നിലപാടാണ് ഉണ്ടായിരുന്നത്.

അംബേദ്കറും നെഹ്രുവും ഉയര്‍ത്തിപ്പിടിച്ച ഈ മൂല്യങ്ങളെ നശിപ്പിയ്ക്കാനാണ് മോഡിയുടെ
നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്. നെഹ്രുവിനെ അധിക്ഷേപിയ്ക്കാനും അംബേദ്കറെ കൈവശപ്പെടുത്താനുമാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിയ്ക്കുന്നത്. അതേ സമയം അംബേദ്കറെ സ്വന്തമാക്കാനുള്ള ശ്രമം തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്ന് കാഞ്ച ഐലയ്യ പറഞ്ഞു.

നെഹ്രുവിനെ ചെളി വാരി എറിയാനുള്ള ബി.ജെ.പിയുടെ ശ്രമം ഇന്ത്യയില്‍ വിലപ്പോവില്ലെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലും ആധുനിക ഇന്ത്യയുടെ നിര്‍മ്മിതിയിലും നെഹ്രു വഹിച്ച പങ്ക് ആര്‍ക്കും മായ്ച്ച് കളയാന്‍ കഴിയുന്നതല്ലെന്നും സുധീന്ദ്ര കുല്‍കര്‍ണി പറഞ്ഞു. അതേ സമയം അംബേദ്കറെ സംബന്ധിച്ച് അല്‍പ്പം വ്യത്യസതവും വിമര്‍ശനാത്മകവുമായ നിലപാടാണ് സുധീന്ദ്ര കുല്‍ക്കര്‍ണി മുന്നോട്ട് വച്ചത്.

ഹിന്ദു മതത്തെ മാത്രമല്ല ഇസ്ലാമിനേയും ക്രിസ്തു മതത്തേയും അംബേദ്കര്‍ സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു. ഹിന്ദു മതത്തെ ശക്തമായി എതിര്‍ക്കുമ്പോഴും ഇസ്ലാം മതത്തിനോട് അംബേദകര്‍ വലിയ മമത കാണിച്ചില്ല. ഇസ്ലാം മതമോ ക്രിസ്തു മതമോ സ്വീകരിച്ചാല്‍ രാജ്യത്ത് അന്യവത്കരിയ്ക്കപ്പെടുമോയെന്ന ഭയം അംബേദ്കര്‍ക്കുണ്ടായിരുന്നതായും സുധീന്ദ്ര കുല്‍ക്കര്‍ണി ആരോപിച്ചു.

മഹാത്മാ ഗാന്ധിയുടേയും പാകിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടേയും രാഷ്ട്രീയ വ്യക്തിത്വങ്ങളും പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്നും കുല്‍ക്കര്‍ണി പറഞ്ഞു. ജിന്നയെ വില്ലനായി ചിത്രീകരിയ്ക്കുന്ന സമീപനം മാറേണ്ടതാണ്. ഇത് ഇന്ത്യ പാക് ബന്ധത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.

If Sardar Patel was PM, India would've become Pakistan: Kancha Ilaiah, New Delhi, Criticism, Pakistan, Narendra Modi, National.


Also Read:
ഒരു വര്‍ഷം മുമ്പ് വീടുവിട്ട പെണ്‍കുട്ടി വീണ്ടും വീടുവിട്ടു

Keywords:  If Sardar Patel was PM, India would've become Pakistan: Kancha Ilaiah, New Delhi, Criticism, Pakistan, Narendra Modi, National.