Follow KVARTHA on Google news Follow Us!
ad

മദ്യലഹരിയില്‍ അഴിഞ്ഞാടിയ യുവാക്കളുടെ മര്‍ദനമേറ്റ് പോലീസുകാര്‍ക്ക് പരിക്ക്

മദ്യലഹരിയില്‍ അഴിഞ്ഞാടിയ യുവാക്കളുടെ മര്‍ദനമേറ്റ് പോലീസുകാര്‍ക്ക് പരിക്ക്. hospital, Treatment, Mobile Phone, Court, Remanded, Kerala,
മട്ടാഞ്ചേരി : (www.kvartha.com 30.09.2015) മദ്യലഹരിയില്‍ അഴിഞ്ഞാടിയ യുവാക്കളുടെ മര്‍ദനമേറ്റ് പോലീസുകാര്‍ക്ക് പരിക്ക്. പൊതുസ്ഥലത്തു മദ്യവും ലഹരിമരുന്നും ഉപയോഗിച്ച യുവാക്കളെ പിടികൂടാനെത്തിയ എസ്‌ഐക്കും രണ്ടു പോലീസുകാര്‍ക്കുമാണു മര്‍ദനമേറ്റത്. എട്ടുപേരടങ്ങിയ അക്രമി സംഘത്തിലെ രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊച്ചങ്ങാടി മല്‍സ്യഫെഡ് ഓഫീസിനു സമീപം ബോട്ട് ജെട്ടിയില്‍ യുവാക്കളുടെ സംഘം മദ്യപിക്കുന്നതായും ലഹരിമരുന്ന് ഉപയോഗിക്കുന്നതായും പരിസരവാസികള്‍ മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞിരുന്നു. വിവരമറിഞ്ഞ് ബൈക്കില്‍ റോമിയോ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മാരായ വി. വി. വിജു, പി. അജി എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. ഇതോടെ സംഘം മദ്യക്കുപ്പികളും കൈവശമുണ്ടായിരുന്ന പൊതികളും കായലിലേക്കു വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസുകാര്‍ ചോദ്യം ചെയ്യുന്നതിനിടെ നാലു പേര്‍ രക്ഷപ്പെട്ടു. ബാക്കി നാലു പേരെ തടഞ്ഞുവച്ച് എസ്‌ഐയെ വിവരമറിയിക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ ആക്രമണം.

രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളിലൊരാള്‍ വിജുവിന്റെ നെഞ്ചില്‍ ഇടിക്കുകയും  യൂണിഫോം വലിച്ചുകീറുകയും ചെയ്തു. വിജുവിന്റെ കാലിനും പരിക്കുണ്ട്. അജിയുടെ നാഭിക്കാണ് ഇടിയേറ്റത്. ഇതിനിടെ സ്ഥലത്തെത്തിയ എസ്‌ഐ വി. ജോഷിക്കും ചവിട്ടേറ്റു. പോലീസ് സംഘം യുവാക്കളെ ജീപ്പില്‍ കയറ്റുന്നതിനിടെ ഒരാള്‍ രക്ഷപ്പെട്ടു. ബഹളത്തിനിടെ മറ്റൊരു യുവാവ് ജീപ്പില്‍ നിന്ന് ഇറങ്ങിയോടി. മൂലങ്കുഴി ലൊരേറ്റോ പള്ളിക്കു സമീപം 16- 259 എഫില്‍ വാടകയ്ക്കു താമസിക്കുന്ന എം. എന്‍. അഖില്‍ (22), പനയപ്പള്ളി എം. കെ. രാഘവന്‍ റോഡ് 12-1437ല്‍ ടി. ഡി. ഷാന്‍ഫര്‍ (21) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

രണ്ടു വര്‍ഷം മുന്‍പ് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ  പ്രതികളാണ് അഖിലും ഷാന്‍ഫറുമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ സിപിഒ വിജു കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയ ശക്തമാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. അടുത്തിടെ മട്ടാഞ്ചേരിയില്‍ പോലീസുകാര്‍ ആക്രമിക്കപ്പെടുന്നത് രണ്ടാം തവണയാണ്. ഏതാനും ആഴ്ച മുന്‍പ് സ്റ്റാര്‍ ജംക്ഷനില്‍ പരിസരവാസികളുടെ പരാതി പ്രകാരം പോലീസ് പിടികൂടിയ യുവാവ്, സ്‌റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടെ പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകര്‍ത്തിരുന്നു.