ഭക്ഷ്യസുരക്ഷാവിഭാഗം ശക്തമാക്കാന്‍ നടപടി: മന്ത്രി വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം: (www.kvartha.com 31/08/2015) ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഗവേഷണവും അനാലിസിസും വികസിപ്പിക്കുന്നതിനാവശ്യമായ വിവര-സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് മൈസൂരിലെ, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി ധാരണയുണ്ടാക്കിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. സെപ്തംബര്‍ 17 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പിടും.

ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാവിഭാഗം ശക്തമാക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍, ഭക്ഷണസുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഓഫീസുകളുടെയും ലബോറട്ടറികളുടെയും അടിസ്ഥാനസൗകര്യവികസനം, ആധുനികവല്‍ക്കരണം, മാനവവിഭവശേഷി വര്‍ധിപ്പിക്കല്‍, ഗവേഷണം എന്നിവയെല്ലാം ഉള്‍പ്പെടുന്ന 56 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് ഗവണ്‍മെന്റിന്റെ പരിഗണനയിലുള്ളത്. ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാനമന്ദിരം, ജില്ലാ ഓഫീസുകള്‍, നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള സര്‍ക്കിള്‍ ഓഫീസുകള്‍, തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമുള്ള ലബോറട്ടറികള്‍ എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങളാണ് വികസിപ്പിക്കുക. മാനവവിഭവശേഷി വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച, ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാരവകുപ്പിന്റെ പഠനറിപ്പോര്‍ട്ടും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തും.

ലബോറട്ടറികളില്‍ മൈക്രോബയോളജി, കെമിക്കല്‍ - സാങ്കേതിക വിദഗ്ധരുടെ 13 അധിക തസ്തികകള്‍ സൃഷ്ടിക്കാനും നടപടി സ്വീകരിക്കും. തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുവേണ്ടി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.

Keywords: Kerala, Food, V.S Shiva Kumar, Food safety; Government for strong action,

Previous Post Next Post