Follow KVARTHA on Google news Follow Us!
ad

ഈ പെരുന്നാളിനെങ്കിലും എന്റെ സഹോദരന്‍ ഷംസുദ്ദീന്‍ തിരിച്ചുവരുമോ?

വീണ്ടും ഒരു ജൂലൈ മൂന്ന്, എന്റെ സഹോദരന്‍ ഷംസുദ്ദീന്‍ കുന്നരിയത്തിനെ കാണാതായിട്ട് ഇപ്പോള്‍ എട്ട് വര്‍ഷത്തോളമായി. 'ഇപ്പോള്‍ വരാം' എന്ന് പറഞ്ഞ് ഷംസു Kerala, Article, Missing, Kasaragod, Melparamba, Shamsuddeen Kunnariyath, Mumbai,
(www.kvartha.com 03/07/2015) വീണ്ടും ഒരു ജൂലൈ മൂന്ന്, എന്റെ സഹോദരന്‍ ഷംസുദ്ദീന്‍ കുന്നരിയത്തിനെ കാണാതായിട്ട് എട്ട് വര്‍ഷമായി. 'ഇപ്പോള്‍ വരാം' എന്ന് പറഞ്ഞ് ഷംസു എങ്ങോട്ടോ പോവുകയായിരുന്നു. മേല്‍പറമ്പിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകനാണ് ഷംസുദ്ദീന്‍. അന്ന് 2007 ജുലൈ മൂന്നിന് മുംബൈയിലെ താമസസ്ഥലത്തുവെച്ച് അമ്മായിയോട് (ജ്യേഷ്ഠന്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ) കുടിക്കാന്‍ ഒരു ഗ്ലാസ് പാല്‍ വേണമെന്ന് പറഞ്ഞ് ഒരു കവിള്‍ മാത്രം കുടിക്കുകയും അപ്പോള്‍ മൊബൈലില്‍ വന്ന കോള്‍ അറ്റന്‍ഡ് ചെയ്ത് 'അമ്മായി, ഞാന്‍ ഇപ്പോള്‍ വരാം' എന്ന് പറഞ്ഞ് മൊബൈലുപോലുമെടുക്കാതെ ഉച്ചയ്ക്ക് 12 മണിയോടടുത്ത് നീ പോയി തിരിച്ചുവരാതിരിക്കുന്നതും മന:പൂര്‍വ്വമല്ലെന്നറിയാം. പിന്നെ എന്ത് സംഭവിച്ചുവെന്ന് ഞങ്ങള്‍ക്കാര്‍ക്കും ഒരു വിവരവുമില്ല.

കുടുംബാംഗങ്ങള്‍ നിന്നെ തിരയാത്ത സ്ഥലങ്ങളില്ല, ഏര്‍വാടി മുതല്‍ അജ്മീര്‍, നിസാമുദ്ദീന്‍ വരെ. പോലീസ് അന്വേഷണം ചടങ്ങായിമാത്രം മാറിയപ്പോള്‍ നാട്ടിലെ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍.ആര്‍. പട്ടീലില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം ത്വരിതഗതിയിലാക്കി. ഭാര്യ ഖൈറുന്നിസ ഹൈക്കോടതി വഴി 2010 ജുലൈയില്‍ സി.ബി.ഐ. അന്വേഷണത്തിനുള്ള ഉത്തരവും നേടിയെടുത്തിരുന്നു.

മുംബൈ ആസ്ഥാനമായി സി.ബി.ഐ. സംഘം ക്രാന്തദര്‍ശിയായ കലൈമണി എന്ന ഓഫീസറുടെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടത്തിയെങ്കിലും സൂചിപ്പിച്ച ചില കോണുകളെ അവഗണിച്ചതിനാല്‍, നിന്നെ കുറിച്ചുള്ള ഒരു വിവരവും ശേഖരിക്കാന്‍ കഴിഞ്ഞില്ല. കേസ് കൈയ്യൊഴിയുന്നതായി സി.ബി.ഐ. കോടതിയെ അറിയിച്ചുകഴിഞ്ഞു.

ഇനി ഞങ്ങള്‍ നിന്റെ തിരോധാനത്തിന്റെ സത്യം അറിയാന്‍ ആരെ ആശ്രയിക്കും. സ്രഷ്ടാവിനെയല്ലാതെ. നിന്റെ പ്രിയപ്പെട്ട മക്കള്‍ എട്ടില്‍ പഠിക്കുന്ന റോസ്ബിനയും നാലില്‍ പഠിക്കുന്ന ഫര്‍ഹാനും (ചാച്ചു) എന്നെങ്കിലും വരും എന്ന് പ്രതീക്ഷിച്ചു കഴിയുമ്പോള്‍, നാഥാ ഈ കുരുന്നുകളുടെ ആകുലത നീ കാണാതിരിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാനേ എനിക്കും കുടുംബത്തിനും നിന്റെ സുഹൃത്തുക്കള്‍ക്കും കഴിയു. ഇന്നും നിന്റെ തിരിച്ചുവരവിനെകാത്ത് കഴിയുന്ന നിന്റെ ഭാര്യയും ഇവിടെയുണ്ട്.

ദാനത്തിന്റെ ധാരാളിത്തമായിരുന്നല്ലോ നീ. നൂറു രൂപ കൊടുക്കേണ്ടിടത്തു ആയിരം വാരിക്കൊടുത്തു. ആ നിന്റെ തിരോധാനത്തിന്റെ രഹസ്യം വെളിപ്പെടുന്നതിന് നൂറ് ഖുര്‍ആന്‍ ഖത്തം നേര്‍ച്ചയാക്കി പരായണം ചെയ്തുകൊണ്ട് കാത്ത് കഴിയുമ്പോള്‍, അല്ലാഹുവേ നീ ഈ പ്രതീക്ഷ അസ്ഥാനത്താക്കല്ലെ എന്ന് മാത്രം.

ഇനി കെ വാര്‍ത്തയുടെ വായനക്കാരോടായി ഒരപേക്ഷ. ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത് ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയര്‍ എന്റെ സഹോദരനെ കണ്ടെത്താന്‍ സഹായിച്ചെന്നു വരും. ദയവായി പ്രാര്‍ത്ഥനയ്‌ക്കൊപ്പം ഈ വാര്‍ത്ത ഷെയര്‍ ചെയ്യണമെന്നും എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കെ വാര്‍ത്ത ഓഫീസിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്നും അപേക്ഷിക്കുന്നു.

അബ്ദുല്ല ഡ്രോസര്‍

Keywords: Kerala, Article, Missing, Kasaragod, Melparamba, Shamsuddeen Kunnariyath, Mumbai, Where are you my Brother?.