Follow KVARTHA on Google news Follow Us!
ad

ഈന്തപ്പഴ ഫെസ്റ്റിന് പരിസമാപ്തി

എട്ട് ദിവസമായി അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവയില്‍ നടന്നു വരുന്ന ഈന്തപ്പഴ ഫെസ്റ്റിന് പരിസമാപ്തി. മരുഭൂമിയും, ഈന്തപ്പഴവും, ഒട്ടകങ്ങളും കഥപറയുന്ന ലിവ നഗരിയില്‍ മുക്കാല്‍ Abu Dhabi, Festival, Gulf, Dates
റാശിദ് പൂമാടം 

അബുദാബി: (www.kvartha.com 31/07/2015) എട്ട് ദിവസമായി അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവയില്‍ നടന്നു വരുന്ന ഈന്തപ്പഴ ഫെസ്റ്റിന് പരിസമാപ്തി. മരുഭൂമിയും, ഈന്തപ്പഴവും, ഒട്ടകങ്ങളും കഥപറയുന്ന ലിവ നഗരിയില്‍ മുക്കാല്‍ ലക്ഷത്തോളം സന്ദര്‍ശകാരാണ് എത്തിയത്.

തലപ്പാവും, കന്തൂറയും, പര്‍ദയുമണിഞ്ഞ പരമ്പരാഗത അറബ് കര്‍ഷകര്‍ ആണ് ആഘോഷവേദിയിലേക്ക് ആളുകളെ സ്വീകരിച്ചിരുന്നത്. വിശാലമായി ഒരുക്കിയ ആഘോഷവേദിയില്‍ വ്യത്യസ്ത ഇനങ്ങളില്‍ പെടുന്ന ഈന്തപ്പഴങ്ങളാണ് ഒരുക്കിയത്. അത് തൊട്ടും, രുചിച്ചും, ഫോട്ടോകള്‍ എടുത്തും സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു കഴിഞ്ഞ എട്ട് ദിവസവും.
കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് വര്‍ഷാവര്‍ഷം വിവിധ ആഘോഷങ്ങളോടെ ഇന്തപ്പഴ ഫെസ്റ്റിവല്‍ കൊണ്ടാടുന്നതിന്റെ  ലക്ഷ്യം.

കര്‍ഷകരെയും കൃഷി രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പലതരം മത്സരങ്ങളാണിവിടെ സംഘടിപ്പിച്ചത്. മികച്ച കര്‍ഷകന്‍, മികച്ച വിളകള്‍, നൂതന കൃഷിരീതികള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇവിടെ സമ്മാനങ്ങള്‍ ഒരുക്കിയിരുന്നു. അല്‍ ഗാര്‍ബിയ, അല്‍ ഐന്‍, സുവൈഹാന്‍, അബുദാബി തുടങ്ങി നിരവധി ഇടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മത്സര രംഗത്തുണ്ടായിരുന്നത്. തോട്ടങ്ങളില്‍ നിന്നും പറിച്ചെടുത്ത പാതി പഴുത്ത ഈന്തപ്പഴവും മനോഹരമായ നിറങ്ങളോട് കൂടിയ പഴങ്ങളുമെല്ലാം സന്ദര്‍ശകരെ ആകര്‍ഷിച്ച് കൊണ്ട് മത്സര രംഗത്തുണ്ടായിരുന്നു. പരമ്പരാഗത രീതിയില്‍ കൈകൊണ്ട് നെയ്ത കുട്ടകളിലാണ് ഈന്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.

ഈന്തപ്പഴങ്ങള്‍ക്ക് പുറമെ ഈന്തപ്പഴങ്ങളില്‍ നിന്നുള്ള പലതരം മൂല്യ വര്‍ധിത ഉത്പന്നങ്ങളും മേളയില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഈന്തപ്പഴത്തിന്റെ പലതരം പലഹാരങ്ങള്‍, തേന്‍, സ്‌ക്വാഷ് തുടങ്ങി ഈന്തപ്പനയുടെ വിവിധ ഭാഗങ്ങള്‍ കൊണ്ടുണ്ടാക്കിയ നിത്യോപയോഗ ഉപകരണങ്ങള്‍ വരെ മേളയുടെ ഭാഗമായി. പരമ്പരാഗത അറബ് ജീവിത രീതി വ്യതമാക്കുന്ന പ്രദര്‍ശനങ്ങളും തദ്ദേശീയമായി വിളയിച്ചെടുത്ത പച്ചക്കറികളുടെയും പഴങ്ങളുടെയും, ഫ്‌ളാറ്റുകളിലെ പരിമിതികളില്‍ സജ്ജീകരിക്കാവുന്ന കൃഷി സമ്പ്രദായങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു. നിരവധി അറബ് കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനവും അറബ് വനിതകളുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ പരമ്പരാഗത ആഭരണ, വസ്ത്ര സ്റ്റാളുകളും മേളയെ നിറപ്പകിട്ടുള്ളതാക്കി. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും വിദേശികളും പതിനൊന്നാമത് സന്ദര്‍ശിക്കാനെത്തിയവരില്‍ ഉള്‍പ്പെടും.

മുന്നൂറോളം കര്‍ഷകരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ഓരോ ഈന്തപ്പഴത്തിന്റെയും ഭാരം, ഉയരം, ആരോഗ്യം എന്നിവയെല്ലാം പരിശോധിക്കപ്പെട്ട ശേഷമാണ് സമ്മാനാര്‍ഹമായവരെ കണ്ടെത്തിയത്. കൂടാതെ ഏറ്റവും വലിപ്പമേറിയ കുലക്കും സമ്മാനമുണ്ട്. കഴിഞ്ഞ വര്‍ഷം 100 കിലോയിലധികം ഭാരം വരുന്ന ഒറ്റക്കുലയാണ് സമ്മാനാര്‍ഹമായിരുന്നത്. 60 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഇക്കുറി വിജയികളെക്കാത്തിരിക്കുന്നത്.

യു.എ.ഇ ഉപപ്രധാന മന്ത്രിയും, പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മണ്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍ത്വത്തില്‍ സാംസ്‌കാരിക വിഭാഗത്തിലെ ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് സംഘാടകര്‍.



Keywords: Abu Dhabi, Festival, Gulf, Dates.