Follow KVARTHA on Google news Follow Us!
ad

സ്ത്രീ മുന്നേറ്റം സിവില്‍ സര്‍വീസിലും

'പെണ്‍ബുദ്ധി പിന്‍ബുദ്ധി' യാണെന്ന് ഒരു ചൊല്ലുണ്ട്. മനുഷ്യകുലത്തില്‍ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നത് പുരുഷന്മാരുടേതാണ് എന്ന് ബോധ്യപ്പെടുത്താന്‍ പുരുഷന്മാര്‍ മെനഞ്ഞെടുത്തതാവണം Kookanam-Rahman, Article, Examination, Student, Winner, Education, Teacher, Parents
കൂക്കാനം റഹ് മാന്‍

(www.kvartha.com 31/07/2015) 'പെണ്‍ബുദ്ധി പിന്‍ബുദ്ധി' യാണെന്ന് ഒരു ചൊല്ലുണ്ട്. മനുഷ്യകുലത്തില്‍ ബുദ്ധിയില്‍ മുന്നിട്ടുനില്‍ക്കുന്നത് പുരുഷന്മാരുടേതാണ് എന്ന് ബോധ്യപ്പെടുത്താന്‍ പുരുഷന്മാര്‍ മെനഞ്ഞെടുത്തതാവണം ഈ ചൊല്ല്. അന്നും ഇന്നും ബുദ്ധിയില്‍ സ്ത്രീകളെ കവച്ചുവെക്കാന്‍ പുരുഷന്മാര്‍ക്കായിട്ടില്ല. പഴയകാലത്ത് ശബ്ദമില്ലാത്തവരായിരുന്നു സ്ത്രീകള്‍. അതുകൊണ്ട് പുരുഷന്മാരുടെ കാഴ്ചപ്പാടുകളേയോ, അഭിപ്രായങ്ങളേയോ അവര്‍ക്ക് മറികടക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. അതിനാല്‍ മറിച്ചൊരുചൊല്ലുണ്ടായിട്ടില്ല.
ജൂലൈ് ഒമ്പതിന് പ്രസിദ്ദീകരിച്ച സിവില്‍ സര്‍വീസ് ഫലം മാത്രം ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. മിക്ക മത്സര പരീക്ഷകളിലും മുന്‍പന്തിയിലെത്തുന്നത് പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയിലും സ്ഥിതി മറിച്ചായിരുന്നില്ല. തീവ്ര പരിശ്രമവും ഇച്ഛാശക്തിയും കൊണ്ടാണ് സ്ത്രീകള്‍ ഉന്നത വിജയം കൊയ്യുന്നത്. ക്ഷമയും, ആത്മവിശ്വാസവും, ശുഭാപ്തി വിശ്വാസം പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് തന്നെയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇറസിംഗാള്‍, ഡോ. രേണുരാജു, നിധിഗുപ്ത, വന്ദനറാവു എന്നീ നാലുസ്ത്രീകളാണ് ഒന്നും രണ്ടും മൂന്നും നാലും റാങ്കുനേടി പെണ്‍സമൂഹത്തിന്റെ അഭിമാനമായി മാറിയത്. അഞ്ചാം സ്ഥാനം മുതല്‍ക്കേ പുരുഷന്മാരുടെ സ്ഥാനം വരുന്നുള്ളു. ഇവരുടെ നേട്ടങ്ങള്‍ക്ക് ഒരുപാട് മാധുര്യമുണ്ട്. ത്യാഗപൂര്‍വമായ ശ്രമമുണ്ട്. ധീരമായ നിലപാടുകളുണ്ട്. അതുല്യമായ മനഃക്കരുത്തുണ്ട്.

ഒന്നാം റാങ്കുകാരിയായ ഇറാസിംഗാള്‍ ഇതിനൊരുദാഹരണമാണ്. വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് തോല്‍പ്പിച്ചവളാണ്. സ്‌ക്കോളിയോസീസ് എന്ന ഗുരുതര നട്ടെല്ല് രോഗം ബാധിച്ചവളാണ് ഇറ. ഇതിനുമുമ്പ് ഇന്ത്യന്‍ റവന്യു സര്‍വീസിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എന്നിട്ടും ബന്ധപ്പെട്ടവര്‍ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. ശാരീരിക വൈകല്യമുള്ള ഇവള്‍ക്ക് ഈ ജോലിചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു നിരാശപ്പെടുത്തി. ഇച്ഛാശക്തിയുള്ള ഇറ വിട്ടുകൊടുത്തില്ല. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചു. അര്‍ഹതപ്പെട്ട അവകാശം പിടിച്ചു വാങ്ങി. ജോലിയില്‍ പ്രവേശിപ്പിച്ചു.

ശാരീരിക വെല്ലുവിളിയെ അതിജീവിച്ചു വീണ്ടും ശ്രമം ആരംഭിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയെ അഭിമുഖീകരിക്കാന്‍ തീരുമാനിച്ചു. ശാരീരിക അവശതകള്‍ ഇറ അവഗണിച്ചു. അങ്ങിനെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആരെയും അതിശയിപ്പിക്കുന്ന രീതിയില്‍ ഒന്നാം റാങ്ക് കയ്യടക്കിയിരിക്കുന്നു. ഇറയുടെ ഇച്ഛാശക്തി നമുക്കുചുറ്റുമുള്ള ശാരീരിക വൈകല്യം മൂലം പ്രയാസപ്പെടുന്ന കുഞ്ഞുങ്ങള്‍ മാതൃകയാക്കണം. നിരാശപ്പെട്ടുകഴിയുകയല്ല വേണ്ടത്. വിധിയെ പഴിക്കുകയല്ല വേണ്ടത്. കഠിനമായ പ്രയത്‌നമാണ് തളരാത്ത മനസാണ് ആവശ്യം.

പെണ്‍മയുടെ കരുത്തിന്റെ വിളംബരമായി നമുക്കിതിനെ കാണണം. ലിംഗവിവേചനവും സ്ത്രീപക്ഷ അവഹേളനവും ശക്തമായ ഇന്ത്യപോലൊരുരാജ്യത്താണ് ആണ്‍പക്ഷത്തെ മലര്‍ത്തിയടിച്ച് ആദ്യറാങ്കുകള്‍ സ്ത്രീകള്‍ നേടിയെടുത്തത്. സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും സംവരണം ആവശ്യമാണ്. അത്തരം സൗജന്യങ്ങളോ, പരിഗണനകളോ  ഇല്ലാതെ അസൂയാവഹമായ നേട്ടമാണ് ഈ സ്ത്രീകള്‍ കൈവരിച്ചത്.

സ്ത്രീ ശക്തിയുടെ ഉജ്ജ്വല പ്രതീകങ്ങളാണിവര്‍. സ്ത്രീ ശാക്തീകരണം പ്രസംഗത്തിലൂടെയോ, പ്രചരണത്തിലൂടെയോ, നേടിയെടുക്കേണ്ടതല്ല. ആരുടെയും സഹായവും, സഹാനുഭൂതിയും ഇല്ലാതെ സ്വപ്രയത്‌നത്തിലൂടെ നേടാവുന്നതാണ്. നമ്മുടെ സ്ത്രീകള്‍ ഇതൊന്നുകാണണം. ഞങ്ങള്‍ ആരേക്കാളും പിന്നിലല്ലെന്ന് ബോധ്യപ്പെട്ട് പ്രവര്‍ത്തിക്കണം. ഈ ശ്രമം സ്വന്തം വീടുകളില്‍ നിന്നാരംഭിക്കണം. അതിന് ഉത്തമോദാഹരണമാണ് ഈ നാല് സ്ത്രീ രത്‌നങ്ങള്‍.

രണ്ടാം റാങ്കുകാരിയായ ഡോ. രേണുരാജുവില്‍ നിന്ന് നമുക്കുപലതും പഠിക്കാനുണ്ട്. ആദ്യ അവസരത്തില്‍ തന്നെ ജയിച്ചുറാങ്കുനേടിയെന്നുള്ളതാണ് ഒന്ന്. സിവില്‍ സര്‍വീസ് പരീക്ഷയൊക്കെ ജയിക്കണമെങ്കില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിക്കണം എന്ന ചിലരുടെ മിഥ്യാധാരണ തിരുത്തിക്കുറിക്കുവാനും രേണുവിന് സാധിച്ചു. സാധാരണ മലയാളം മീഡിയം പഠിച്ചാണ് ഡോ. രേണു  വിജയം കൈവരിച്ചത്. മലയാളം ഐച്ഛീക വിഷയമായെടുത്താണ് രേണു അസൂയാവഹമായ നേട്ടം കൊയ്തത്. രേണു മലയാളികള്‍ക്കെല്ലാം മാതൃകയാണ്. സിവില്‍ സര്‍വീസിന്റെ കൊടുമുടിയിലെത്താന്‍ മലയാളം പഠിച്ചവര്‍ക്കും സാധ്യമാണെന്ന് രേണുതെളിയിച്ചു.

മലയാളം പഠിക്കുന്നത് കൊണ്ട് കാര്യമൊന്നുമില്ലെന്ന് പറയുന്നവരുടെ നാവടപ്പിക്കാന്‍ രേണുവിന്റെ വിജയം മാത്രമല്ല, രണ്ടാം റാങ്കോടുകൂടിയ വിജയം മൂലം കഴിഞ്ഞിരിക്കുന്നു. ഭാഷ ഏതെന്നല്ല പ്രശ്‌നം, ലക്ഷ്യത്തിലേക്കെത്താനുള്ള ഇച്ഛാശക്തിയാണ് വേണ്ടത് അതിന് ഏറ്റവും അനുയോജ്യം മാതൃഭാഷതന്നെയാണ്. കുട്ടി പിറന്നുവീഴുമ്പോഴേക്കും ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നതിന് അഡ്വാന്‍സ് കൊടുത്തുവെക്കുകയും അതിനുള്ള പരീക്ഷയ്ക്ക് കുഞ്ഞുങ്ങളെ തയ്യാറാക്കാന്‍ കഠിനശ്രമം ചെയ്യുന്ന മലയാളികളായ രക്ഷിതാക്കള്‍ ഇതൊക്കെ അറിഞ്ഞിരുന്നുവെങ്കില്‍ നന്നായേനേ...

രേണുവിന്റെ വിജയത്തിളക്കത്തിനു തടസമായി നില്‍ക്കുമായിരുന്നത് വിവാഹജീവിതമാണ്. വിവാഹിതയായാലും തന്റെ ലക്ഷ്യത്തിലേക്കുകുതിക്കാന്‍ അതൊരുതടസമല്ലെന്ന് രേണു തെളിയിച്ചു. പല സ്ത്രീകളും പരാതി പറച്ചിലില്‍ വിവാഹത്തിനുശേഷം ഒന്നും ചെയ്യാന്‍ പറ്റുന്നില്ല, സ്വാതന്ത്ര്യമില്ല എന്നൊക്കെയാണ് സൂചിപ്പിക്കാറ്. പക്ഷേ വിവാഹിതയായിട്ടും തിരക്കുപിടിച്ച ജോലിയില്‍ ഏര്‍പെട്ടിട്ടും അതിനെയൊക്കെ തരണം ചെയ്യാനും സ്ത്രീകള്‍ക്ക് മിടുക്കുണ്ട്. ആ മിടുക്കാണ് ഡോ. രേണുകാട്ടിത്തന്നത്.

നല്ല മനസോടെ കാര്യങ്ങള്‍ കൃത്യമായി പരസ്പരം പങ്കുവെച്ചാല്‍ വിവാഹജീവിതം ഏതിനും തടസമാവില്ല. ഇവിടേയും വിജയം നേടിയെടുക്കേണ്ടത് സ്ത്രീയുടെ മിടുക്കുകൊണ്ടാണ്. ഡോ. രേണു കാണിച്ചുതന്ന മിടുക്ക് പ്രയോഗിക്കാന്‍ ഭാര്യമാരായിത്തീര്‍ന്ന വനിതകള്‍ ശ്രമിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകാരികളായ ഇറയും രേണുവും പ്രഖ്യാപിച്ച കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രയാസങ്ങളെ അതിജീവിച്ചാണ് ഇവര്‍ രണ്ടുപേരും റാങ്കുനേടിയത്. സമൂഹത്തില്‍ കഷ്ടപ്പെടുന്നവരുടെ വേദനകള്‍ സ്വയം മനസിലാക്കിയവരാണ് രണ്ടുപേരും. വളരെ വേഗം ഉന്നതമായ ഉദ്യോഗം രണ്ടുപേര്‍ക്കും ലഭ്യമാകും. സമൂഹത്തില്‍ പിന്‍നിരയിലായിപ്പോകുന്നവര്‍ക്കായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമെന്നാണ് ഇരുവരും പറഞ്ഞത് അതുകൊണ്ടുതന്നെ അവരുടെ വാക്കുകള്‍ക്ക് മാന്യതയുണ്ട്.

Kookkanam Rahman
(Writer)
ഇതൊക്കെ പ്രതിജ്ഞയായി അവര്‍ എടുക്കുമെന്ന് കരുതാം. അധികാര കസേരകിട്ടിക്കഴിഞ്ഞാല്‍ പറഞ്ഞ വാക്കുകള്‍ മറക്കില്ലെന്ന് പ്രതീക്ഷിക്കാം.

തീര്‍ച്ചയായും സ്ത്രീ സമൂഹത്തിന് മൊത്തം അഭിമാനമായിത്തീര്‍ന്ന മുഹൂര്‍ത്തമായിരുന്നു ഈ നാല് വനിതകളുടെയും റാങ്ക് വാര്‍ത്ത. ഇവരെ പിന്‍പറ്റാനും, മാതൃകയാക്കാനും ഇനിവരുന്ന തലമുറയിലെ പെണ്‍കുഞ്ഞുങ്ങള്‍ ശ്രമിക്കണം. ലാളിത്യവും, ക്ഷമയും, മാന്യതയും കൈമുതലാക്കിക്കൊണ്ട് ഞങ്ങള്‍ക്കും മുന്നേറാന്‍ കഴിയുമെന്ന് ഉറക്കെ പ്രഖ്യാപിക്കാനും പെണ്‍കുഞ്ഞുങ്ങളും സ്ത്രീകളും തയ്യാറാവണം. അഹന്തകൊണ്ട് ഒന്നും സാധ്യമല്ല. മറിച്ച് സ്‌നേഹവും ലാളിത്യവും കൊണ്ട് പുരുഷമനസിനെ കീഴടക്കുകയും ബുദ്ധിയും കഠിനശ്രമവും കൊണ്ട് ഉയരങ്ങള്‍ താണ്ടി മുന്നേറാന്‍ സ്ത്രീകള്‍ ഒരുങ്ങി നില്‍ക്കണം...


Keywords: Kookanam-Rahman, Article, Examination, Student, Winner, Education, Teacher, Parents.