Follow KVARTHA on Google news Follow Us!
ad

മനുഷ്യസ്‌നേഹത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍

ഏതൊരു ജീവിക്കും അതിന്റെ ഓരോ അവയവവും പ്രിയപ്പെട്ടതാണ്. കാരണം ജൈവികമായ പ്രക്രിയകള്‍ പരിപൂര്‍ണതയിലെത്തണമെങ്കില്‍ എല്ലാ അവയവങ്ങളും അവയുടേതായ ധര്‍മം നിര്‍വ്വഹിക്കണം. Article, Health, T.K Prabhakaran, Neelakanta Sharma, Achadan, Heart
ടി.കെ പ്രഭാകരന്‍

(www.kvartha.com 31/07/2015) ഏതൊരു ജീവിക്കും അതിന്റെ ഓരോ അവയവവും പ്രിയപ്പെട്ടതാണ്. കാരണം ജൈവികമായ പ്രക്രിയകള്‍ പരിപൂര്‍ണതയിലെത്തണമെങ്കില്‍ എല്ലാ അവയവങ്ങളും അവയുടേതായ ധര്‍മം നിര്‍വ്വഹിക്കണം. സാമൂഹ്യജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവയവങ്ങള്‍ നിര്‍വഹിക്കുന്ന ധര്‍മത്തിന് ഏറെ പ്രാധാന്യവുമുണ്ട്.
ജീവനുള്ള ഏതൊരു ശരീരത്തിനും ഹൃദയം എന്നുപറയുന്നത് കേവലം ഒരു അവയവം മാത്രമല്ല. ജീവന്റെ ആധാരകേന്ദ്രം എന്നതിലുപരി അനിര്‍വചനീയമായ ഒട്ടേറെ സവിശേഷതകള്‍ അതിനുണ്ട്. മനുഷ്യഭാവനകളുടെയും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും സമീകൃതമായ അവസ്ഥാവിശേഷം ഹൃദയത്തെ മറ്റ് അവയവങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. അലിവാര്‍ന്ന ഹൃദയം കഠിനഹൃദയം എന്നിങ്ങനെ മനുഷ്യസ്വഭാവത്തിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് നടത്തുന്ന വിലയിരുത്തലുകള്‍ക്ക് വിധേയമാകുന്ന മറ്റേത് അവയവമാണ് ഉള്ളത്.

സ്‌നേഹത്തെയും പ്രണയത്തെയും കാരുണ്യത്തെയും നന്മയെയും മനുഷ്യത്വത്തെയും കുറിച്ചുപറയുമ്പോള്‍ ഈ സദ്ഗുണങ്ങളെല്ലാം ബന്ധിപ്പിക്കുന്നത് ഹൃദയവുമായാണ്. നല്ല ഹൃദയത്തിനുടമ എന്ന് ഒരു വ്യക്തിയെക്കുറിച്ച് ആരെങ്കിലും പറയണമെങ്കില്‍ അയാള്‍ക്ക് മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഉണ്ടാകണമെന്നര്‍ത്ഥം. അതേസമയം ഇതൊന്നും ഇല്ലാത്തിടത്ത് ഹൃദയവും ശൂന്യമാകുന്നു. വിപരീതഫലങ്ങള്‍ ഹൃദയത്തെ വേദനിപ്പിക്കുന്നു.

മനസിന്റെ സന്‍മാര്‍ഗം പോലും ഹൃദയത്തിന്റെ വിശുദ്ധിയെയാണ് സൂചിപ്പിക്കുന്നത്. സ്‌നേഹവും നന്മയും കാരുണ്യവും നശിച്ച് തിന്മയും സ്വാര്‍ത്ഥതയും ക്രൂരതയും തഴച്ചുവളരുന്ന മനുഷ്യമനസുകളും നീചഹൃദയങ്ങളുമാണ് പുതിയ കാലത്തെ സകല കൊള്ളരുതായ്മകള്‍ക്കും കാരണമെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന നവസമൂഹത്തിലേക്ക് സ്വന്തം മരണം പോലും മാതൃകയാക്കി സ്‌നേഹത്തിന്റെയും മാനവികതയുടെയും സ്പന്ദനങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കാണിച്ച നീലകണ്ഠശര്‍മ  എന്ന  അഭിഭാഷകന്‍ ഹൃദയത്തിന്റെ മഹത്വം എന്താണെന്ന് നമ്മളെ ഓര്‍മപ്പെടുത്തുകയാണ്. നീലകണ്ഠശര്‍മയുടെ ഹൃദയം ദാനം ചെയ്ത് ഒരു മനുഷ്യനെ രക്ഷപ്പെടുത്തി എന്നത് ഒരു പുണ്യപ്രവര്‍ത്തിയാണ്. അവയവദാനത്തിലൂടെ മനുഷ്യജീവനുകള്‍ രക്ഷപ്പെടുത്തിയ സംഭവങ്ങള്‍ ഇതിനുമുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ മതങ്ങള്‍ക്കും വിഭാഗീയചിന്താഗതികള്‍ക്കും അപ്പുറം മാനവികതയുടെ ഹൃദയസന്ദേശമുയര്‍ത്തിയ ഇങ്ങനെയൊരു ത്യാഗം കേരളത്തില്‍ ആദ്യമാണ്.

ഹിന്ദുവായ നീലകണ്ഠശര്‍മയുടെ ഹൃദയം ക്രിസ്ത്യാനിയായ മാത്യു എന്നയാള്‍ക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചപ്പോള്‍  ഇതിന് വേണ്ട സാമ്പത്തികസഹായം നല്‍കിയത് ഒരു മുസ്ലിം സഹോദരന്‍ ആയിരുന്നുവെന്ന സത്യം കൂടി പുറത്തുവന്നതോടെ  ഒരു മതതാല്‍പര്യവും മനുഷ്യത്വത്തെക്കാള്‍ വലുതല്ലെന്ന പാഠം കൂടി പൊതുസമൂഹത്തിന് പകര്‍ന്നുനല്‍കപ്പെടുകയായിരുന്നു.  നീലകണ്ഠശര്‍മയ്ക്ക് മസ്തിഷ്‌ക്ക മരണം സംഭവിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഹൃദയം അടക്കമുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം കാണിച്ച സന്മനസും സമാനതയില്ലാത്തതായിരുന്നു.

കുറച്ചുകാലം ഇത്തരം നന്മകളെ വാഴ്ത്തുകയും കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീട് അതൊക്കെ മറക്കുകയും ചെയ്യുവരാണ് നമ്മള്‍. ഇതുവരെയുള്ള അനുഭവങ്ങളും അതുതന്നെയാണ്. നീലകണ്ഠശര്‍മ തന്റെ മരണത്തിലൂടെ കാണിച്ചുതന്ന ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃക തങ്ങളുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമോയെന്നതിനെക്കുറിച്ചുള്ള ആത്മപരിശോധനയാണ് സഹജീവിസ്‌നേഹത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഓരോ വ്യക്തിയും നടത്തേണ്ടത്. അവയവദാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഏറെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണിത്.

ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടത്് നമ്മുടെയെല്ലാം കടമയാണ്. എന്നാല്‍ മരിച്ചുകഴിയുമ്പോള്‍ സ്വന്തം പേരിനെപ്പോലും അന്യവല്‍ക്കരിച്ചുകൊണ്ടുള്ള മൃതശരീരമായി അതുമാറുന്നു. ഓരോ മതങ്ങളുടെയും ആചാരക്രമങ്ങള്‍ക്കനുസരിച്ച്് അത് മറവുചെയ്യപ്പെടുകയോ കത്തിച്ചുകളയുകയോ ചെയ്യുന്നു. അനായാസവും സ്വാഭാവികവുമായ മരണം മാത്രമേ ഏതൊരു വ്യക്തിയും ആഗ്രഹിക്കുകയുള്ളൂ. എന്നാല്‍ വിധി ഇതിന് അനുകൂലമാകണമെന്നില്ല. ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും അപകടങ്ങളുടെയും രൂപത്തില്‍ മരണം കടന്നുവരുന്നത് ഈ വിധത്തിലാണ്.

എങ്ങനെയുള്ള മരണമാണ് സംഭവിക്കുകയെന്ന് ആര്‍ക്കും നിര്‍വചിക്കാനാകാത്ത സന്ദര്‍ഭത്തിലും മരണത്തെ സാമൂഹ്യപ്രതിബദ്ധതയിലൂടെ ജനകീയവല്‍ക്കരിക്കാന്‍ സാധിക്കുമെന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് നീലകണ്ഠശര്‍മയുടെ മരണം. തന്റെ മരണം സമൂഹത്തിന് പ്രയോജനകരമാകുന്ന സേവനമാകണമെന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ഉദാത്തമായ ആശയം തന്നെയാണ് അവയവദാനം. മരിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും പ്രയോജമനില്ലാതെ പോകുന്ന പാഴ്ശരീരത്തെ ഏറ്റവും വിലമതിക്കുന്ന സത്കര്‍മത്തിന്റെ സമ്മാനമാക്കി മാറ്റുമ്പോള്‍ ചേതനയറ്റ ആ ശരീരത്തിന്റെ ഉടമ അക്ഷരാര്‍ത്ഥത്തില്‍ മരണമില്ലാത്തവനായി മാറുകയാണ് ചെയ്യുന്നത്. നന്മയുടെ നിറദീപമായി ആ വ്യക്തി സമൂഹത്തിന്റെയും ഉറ്റവരുടെയും മനസില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്നു. മാത്രമല്ല തലമുറകളില്‍ തന്നെ സേവനമനോഭാവം വളര്‍ത്താന്‍ ഇത് നിമിത്തമായെന്നുംവരാം.

പ്രിയപ്പെട്ടവരുടെ മരണം ഏതൊരുവ്യക്തിക്കും താങ്ങാനാകാത്ത വേദനയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മരിച്ച വ്യക്തി സമൂഹത്തില്‍ അറിയപ്പെടാത്തവനാണെങ്കില്‍ ദുഃഖം കുടുംബത്തിലും അടുത്തറിയുന്നവരിലും മാത്രം ഒതുങ്ങും. എന്നാല്‍ അപ്രശസ്തനായ വ്യക്തി അവയവദാതാവായി മാറിയാല്‍ ആവ്യക്തി കുടുംബത്തിനും നാടിനും ഒരുപോലെ പ്രിയപ്പെട്ടവനായി മാറുകയാണ് ചെയ്യുന്നത്. വെറുമൊരു ശവശരീരം സാമൂഹ്യനന്മയുടെ പ്രതീകമായി മാറുന്ന കാഴ്ചയാണിവിടെ.

ഭൗതികശരീരത്തിന്റെ വെറും എരിഞ്ഞടങ്ങലിന്റെയോ സംസ്‌ക്കരിക്കപ്പെടലിന്റെയോ അവസ്ഥകള്‍ക്കപ്പുറം മനുഷ്യശരീരം പൊതുസ്വത്തായി മാറ്റപ്പെടുന്ന അത്ഭുതമാണിവിടെ സംഭവിക്കുന്നത്. ജീവിതവും മരണവും എങ്ങനെ വേണമെന്നും മരണാനന്തരകര്‍മങ്ങള്‍ എങ്ങനെ നടത്തണമെന്നുമുള്ള മതവിധികള്‍പ്പുറം അവയവദാനങ്ങള്‍ പകര്‍ന്നുനല്‍കുന്നത് മതാതീതമായ മാനവികതയുടെ സ്വയംനിശ്ചിത ധര്‍മസന്ദേശമാണ്. മതതാല്‍പ്പര്യങ്ങളില്‍ നിന്നും കുതറി മാറിയുള്ള ധാര്‍മികബോധങ്ങളെ മതവിശ്വാസികള്‍ക്കുപോലും അംഗീകരിക്കപ്പെടേണ്ടിവരുമ്പോള്‍ മതങ്ങള്‍ക്കും അതീതമായ ഉയര്‍ന്ന മാനവികതാബോധം തന്നെയാണ് വിജയം കൈവരിക്കുന്നതെന്ന് കാണാം.

ജാതിമത സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ തമ്മിലടിക്കുന്നവരുടെ മനസിലേക്ക് വെളിച്ചം വീശേണ്ട വസ്തുത കൂടിയാണിത്. വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും സ്ഥാനമില്ലാത്ത മനുഷ്യഹൃദയങ്ങളുടെ കൂടിച്ചേരലാകട്ടെ ഇനിയുള്ള കാലത്തിന്റെ സംസ്‌കാരമെന്ന് പ്രത്യാശിക്കുകയാണ്.


Keywords: Article, Health, T.K Prabhakaran, Neelakanta Sharma, Achadan, Heart.