Follow KVARTHA on Google news Follow Us!
ad

തിരിഞ്ഞും ചരിഞ്ഞും നോക്കുമ്പോള്‍

ബിജെപി ഒറ്റയ്ക്ക് 282 സീറ്റുകള്‍ തൂത്തുവാരിയും മുന്നണിയായി 336 എംപിമാരുടെ പിന്തുണ നേടിയും നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രം പിടിച്ചിട്ട് കൃത്യം ഒരു വര്‍ഷം. നല്ലകാലം വരുന്നുവെന്നു വിളംബരം ചെയ്തവര്‍ക്ക് BJP, Article, Narendra Modi, Central Government, Achhe Din
റിപോര്‍ട്ട്/ പി എസ് റംഷാദ്

(www.kvartha.com 31/05/2015) ബിജെപി ഒറ്റയ്ക്ക് 282 സീറ്റുകള്‍ തൂത്തുവാരിയും മുന്നണിയായി 336 എംപിമാരുടെ പിന്തുണ നേടിയും നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രം പിടിച്ചിട്ട് കൃത്യം ഒരു വര്‍ഷം. നല്ലകാലം വരുന്നുവെന്നു വിളംബരം ചെയ്തവര്‍ക്ക് ഇനി നാലുവര്‍ഷം കൂടിയുണ്ട് ബാക്കി. പക്ഷേ, പിന്നിട്ട വര്‍ഷം പ്രധാനമാണ്; ഭരിക്കുന്നവര്‍ക്കും രാഷ്ട്രീയ സൂക്ഷ്മതയോടെ നോക്കിയിരിക്കുന്ന പ്രതിപക്ഷത്തിനും മാത്രമല്ല പ്രചാരണ കോലാഹലങ്ങളില്‍ നിലതെറ്റിപ്പോയ ജനത്തിനും.

ഇതുവരെ ചെയ്തത് എന്തൊക്കെയെന്ന വിലയിരുത്തുന്നത് ഇനി ചെയ്യാന്‍ പോകുന്നത് എന്തൊക്കെ എന്നതിലേക്ക് കുറേയൊക്കെയെങ്കിലും വിരല്‍ ചൂണ്ടും എന്നതുതന്നെ കാരണം. പ്രോല്‍സാഹിപ്പിക്കാവുന്ന കാര്യങ്ങളാണ് തുടക്കത്തിലുള്ളതെങ്കില്‍ ആരംഭശൂരത്വമെന്നും എതിര്‍ക്കേണ്ട കാര്യങ്ങളിലാണ് തുടക്കമെങ്കില്‍ ''ഇപ്പോള്‍തന്നെ ഇങ്ങനെയായാല്‍ പിന്നീടെങ്ങനെയാകും'' എന്നും വിമര്‍ശകര്‍ പറയുന്നതു സ്വാഭാവികം. അതിലും സ്വാഭാവികമാണ് നല്ല തുടക്കവും തുടര്‍ച്ചയും എന്ന എല്ലാ തലങ്ങളിലെയും മോഡി അനുകൂലികളുടെ വാദം.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അപ്രതീക്ഷിതമായി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതുമുതല്‍ ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗ് ആക്കുകയും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വിധം ബാലവേല നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്യുന്നതില്‍ വരെ ശരിയായ ദിശാബോധമില്ലായ്മ കാണുന്നു മറുപക്ഷം. മതന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ട്, ഇതു ഞങ്ങളുടെകൂടി ഭരണമേയല്ല എന്ന്.

അവരുടെ നേതാക്കള്‍ അത് പാതി തുറന്നും പാതി മറച്ചും അതു പറഞ്ഞും കഴിഞ്ഞു. വിശ്വഹിന്ദു പരിഷത്ത് നടപ്പാക്കിയ ഘര്‍വാപസി എന്ന പുനര്‍ മതപരിവര്‍ത്തനമല്ല ഈ ആശങ്കയ്ക്ക് മുഖ്യ കാരണം. മറിച്ച്, ന്യൂനപക്ഷങ്ങളെ മുറിവേല്‍പ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പലവട്ടം പലവിധത്തില്‍ പറഞ്ഞവരൊക്കെ മോഡി ടീമിന്റെ ഭാഗമായിത്തന്നെ തുടരുന്നു എന്നതാണ്. ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരേ ആക്രമണം, വൃദ്ധ കന്യാസ്്ത്രീക്ക് മാനഭംഗം, വീണ്ടും ഏക സിവില്‍കോഡ് ഭീഷണി തുടങ്ങി വിഷം പുരണ്ട വിഷയങ്ങള്‍ പലത്.

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഒരുകാലത്ത് താന്‍ നേരിട്ട അപമാനവും ഒറ്റപ്പെടലും തിരിച്ചെഴുതിച്ച് കണക്കുപറയിക്കുകയാണ് പ്രധാനമന്ത്രി. അത് അദ്ദേഹത്തിന്റെ തര്‍ക്കരഹിതമായ അവകാശമാണു താനും. യുഎസിലും യുകെയിലും ചൈനയിലും മോഡിയെ വരവേല്‍ക്കാന്‍ ഭരണാധികാരികളും ജനങ്ങളും ഉത്സാഹത്തിമിര്‍പ്പ് കാണിക്കുന്നു; പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകള്‍ ഒന്നൊന്നായി തുറക്കുന്ന കരാറുകള്‍ ഒപ്പിടുന്നു.

യുഎസ് പ്രസിഡണ്ട് ബറാക് ഒബാമയെ രാജ്യത്തു ക്ഷണിച്ചുവരുത്തി 'ബറാക്' എന്ന് അടുപ്പത്തോടെ വിളിച്ച് ഒരേസമയം അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും പരിഹാസച്ചിരികളെ അവഗണിക്കുകയും ചെയ്തു മോഡി. സ്വന്തം പേരെഴുതിയ വസ്ത്രം ധരിക്കുന്നതും ഒരു രാഷ്ട്രീയ തീരുമാനം തന്നെയായിരുന്നു, ചെയ്തതു മോഡി ആയതുകൊണ്ട്. പക്ഷേ, അതു വിവാദമായപ്പോള്‍ ഗുജറാത്തിലെ വ്യാപാരിയുടെ സമ്മാനമാക്കി ലേലം ചെയ്തു. സ്വന്തം പാളയത്തിലുണ്ടായ ചെറിയ അപസ്വരങ്ങളെ മുളയിലേ നുള്ളി എന്നു തോന്നിപ്പിക്കുന്ന വിധം നിശ്ശബ്ദമാക്കുന്നതിലുമുണ്ടായി ഈ കൗശലം.

BJP, Article, Narendra Modi, Central Government, Achhe Din.


കടപ്പാട്: സമകാലിക മലയാളം വാരിക

Keywords: BJP, Article, Narendra Modi, Central Government, Achhe Din.