Follow KVARTHA on Google news Follow Us!
ad

ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി 3 വര്‍ഷത്തിനുള്ളില്‍ 5 കോടിയുടെ ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും

മൂന്നരപ്പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി അടുത്ത മൂന്ന് പ്രവൃത്തി വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി രൂപയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി Dubai, Gulf, Kannur, KMCC, Programme, Health, New Project
ദുബൈ: (www.kvartha.com 30/05/2015) മൂന്നരപ്പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി അടുത്ത മൂന്ന് പ്രവൃത്തി വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി രൂപയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി പദ്ധതികളാവിഷ്‌കരിച്ചതായി ഭാരവാഹികള്‍ ദുബൈ അല്‍ ബറഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജാതിമത ഭേദമന്യേ നിര്‍ധനര്‍ക്ക് 25 ബൈത്തുറഹ്മ വീടുകള്‍, ജനറിക് മെഡിസിന്‍ സൗകര്യങ്ങള്‍ ഉള്‍പെടുത്തി ചെലവുകുറഞ്ഞ മരുന്നുകള്‍ക്കായി 12 മെഡിക്കല്‍ ഷോപ്പുകള്‍, സ്വയം സംരംഭകത്വ പദ്ധതിയായ ഷെല്‍ട്ടറിന് 100 യൂണിറ്റുകള്‍, ഉന്നത പഠന രംഗത്ത് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിവിധ ജീവ കാരുണ്യങ്ങള്‍ ഉള്‍പെട്ടതാണ് പദ്ധതികള്‍.

കണ്ണൂര്‍ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും മാഹി കേന്ദ്രീകരിച്ചും ആയിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ശിഹാബു തങ്ങളുടെ സ്മാരകമായി സംസ്ഥാനത്തെങ്ങും ഉയര്‍ന്നുവരുന്ന കാരുണ്യ ഭവനങ്ങളുടെ ചുവടുപിടിച്ച്, ജാതിമത ഭേദമന്യേയുള്ള നിര്‍ധനരായ 25 കുടുംബങ്ങള്‍ക്ക് ബൈത്തുറഹ്മ വീടുകള്‍ നിര്‍മിച്ച് നല്‍കും. എട്ട് ലക്ഷം രൂപ മതിപ്പു വില വരുന്ന വീടുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഈ വരുന്ന റമദാനില്‍ ആരംഭിക്കും.

മരുന്ന് വ്യവസായം തഴച്ചുവളരുകയും ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സാധാരണക്കാരന് താങ്ങാനാവാതെ വരികയും ചെയ്യുന്ന സാഹചര്യം പരിഗണിച്ച്, ഇന്ത്യയില്‍ സജീവമായിവരുന്ന ജനറിക് മെഡിസിന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി 12 മെഡിക്കല്‍ ഹബ്ബുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ തളിപ്പറമ്പിലെ പരിയാരം മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന സി.എച്ച് സെന്റര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി കാന്‍സര്‍ സെന്റര്‍ എന്നിവയോട് ചേര്‍ന്ന് മൂന്ന് യൂണിറ്റുകള്‍ ഉടന്‍ ആരംഭിക്കും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ജില്ലാ കെ.എം.സി.സി നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് പുതിയ മുഖം നല്‍കി, പ്ലസ്ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ, പ്രത്യേക മികവു പരിശോധനാ പരിപാടികളിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം തുടര്‍ പരിശീലനങ്ങള്‍ നല്‍കി ഉന്നത മത്സര പരീക്ഷകള്‍ക്കടക്കം യോഗ്യരാക്കുന്ന ബ്രൈറ്റ് എജ്യുകെയര്‍ സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നടപ്പില്‍വരുത്തും.

ജില്ലയുടെ 12 മേഖലകളില്‍ ജില്ലാ കെ.എം.സി.സി ഇതിനകം തുടക്കം കുറിച്ച 'ഷെല്‍ട്ടര്‍' സ്വയം സംരംഭകത്വ പദ്ധതിയുടെ 100 യൂണിറ്റുകള്‍ പുതിയ പ്രവൃത്തി കാലയളവില്‍ പൂര്‍ത്തീകരിക്കും. അസാധാരണമായ രോഗത്തിനടിമപ്പെടുന്ന, കൃത്യമായ മാനദണ്ഡങ്ങളനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന കേസുകളില്‍ സമ്പൂര്‍ണ ചികിത്സക്കുള്ള സഹായങ്ങള്‍ വിതരണം ചെയ്യും. ജില്ലാ കെ.എം.സി.സിയുടെ അംഗങ്ങള്‍ക്കും നാട്ടിലുള്ള കുടുംബങ്ങള്‍ക്കും വിവിധ ആതുരാലയങ്ങളുടെ സഹായത്തോടെ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പില്‍വരുത്തും.

ജില്ലയില്‍ നിന്നും കാല്‍നൂറ്റാണ്ടു പൂര്‍ത്തിയാക്കിയ ധാര്‍മിക പാഠശാലകളിലെ അധ്യാപകരെ പ്രത്യേക ചടങ്ങില്‍ ആദരിക്കുകയും അവരിലെ നിര്‍ധനരുടെ പെണ്‍മക്കളുടെ വിവാഹത്തിന് സഹായം നല്‍കുക, ഗള്‍ഫില്‍ പ്രൊഫഷണല്‍ മേഖലകളിലും ഉന്നത തൊഴില്‍രംഗത്തും സേവനമര്‍പ്പിക്കുന്നവരുടെ കൂട്ടായ്മ, വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നാട്ടില്‍ നിന്ന് തൊഴിലന്വേഷിച്ച് വരുന്നവര്‍ക്ക് തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളും തൊഴിലവസരങ്ങളും നല്‍കുന്നതിന് പ്രത്യേക സെല്‍, ഗള്‍ഫില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹ്യ സേവനരംഗത്തും സജീവമാക്കുന്നതിനുവേണ്ടി പ്രത്യേക വിംഗ് തുടങ്ങി പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കമായിക്കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച് വന്‍ വിജയമായി മാറിയ കണ്ണൂര്‍ കാര്‍ണിവലിന്റെ മാതൃകയില്‍, അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് വാണിജ്യ സാംസ്‌കാരിക സംഗമങ്ങളും സംഘടിപ്പിക്കും. ജില്ലാ ഭരണകൂടവുമായും കണ്ണൂരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച്, പൊതുസമൂഹത്തിന് ഉപകാരമുള്ള വിവിധങ്ങളായ പദ്ധതികള്‍ ഇക്കാലയളവില്‍ കമ്മിറ്റി നടപ്പിലാക്കും. ആതുരാലയങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍, കുടിനീര്‍ പദ്ധതികള്‍ തുടങ്ങിയവ നടപ്പില്‍ കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നുവരുന്നു.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിനിടയില്‍ നിരവധി വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ കെ.എം.സി.സി നേതൃത്വം വഹിച്ചത്. ഇതിനകം പ്രൊഫഷണല്‍ രംഗത്തുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ കമ്മിറ്റിയുടെ സ്‌കോളര്‍ഷിപ്പ് നേടി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചികിത്സാ സഹായങ്ങള്‍, വിവാഹ ധനസഹായങ്ങള്‍, ഭവന നിര്‍മാണ സഹായങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് പേര്‍ക്ക് കഴിഞ്ഞകാലങ്ങളില്‍ സഹായം നല്‍കാനായി.

പദ്ധതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കെ.ടി ഹാഷിം ഹാജി, ജന. സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി, ട്രഷറര്‍ ഷംസുദ്ദീന്‍ കൂത്തുപറമ്പ്, റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഒ. മൊയ്തു, എന്‍.ടി.ഡി.ഇ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഹാരിസ്, പി. ഉസ്മാന്‍ തലശ്ശേരി, ജില്ലാ ഭാരവാഹികളായ കെ.വി ഇസ്മാഈല്‍ ഹാജി, ഫൈസല്‍ മാഹി, നൂറുദ്ദീന്‍ മണ്ടൂര്‍, ഷറഫുദ്ദീന്‍ ഇരിട്ടി പങ്കെടുത്തു.

Report: OM Abdulla 

Dubai, Gulf, Kannur, KMCC, Programme, Health, New Project.

Keywords: Dubai, Gulf, Kannur, KMCC, Programme, Health, New Project.