Follow KVARTHA on Google news Follow Us!
ad

സി.പി.എം തീര്‍ത്ത ചക്രവ്യൂഹത്തിലേക്ക് ശബരിനാഥന്‍; 'സുധീരാ, ജി.കെ പൊറുക്കില്ല'

ഇതാണ് കാലം. ആസന്നമായ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥന്‍ കോണ്‍ഗ്രസിന് വേണ്ടി പടച്ചട്ട Article, Aruvikkara By Election, Sabarinathan, G. Karthikeyan, CPM, Kerala, Politics, Congress.
ലീദ എ.എല്‍

(www.kvartha.com 31/05/2015) ഇതാണ് കാലം. ആസന്നമായ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥന്‍ കോണ്‍ഗ്രസിന് വേണ്ടി പടച്ചട്ട അണിഞ്ഞ് പോരിനിറങ്ങുമ്പോള്‍ ഒരിക്കലും ജി.കെ പോലെ ആദര്‍ശവാനായ കോണ്‍ഗ്രസുകാരന്റെ ആത്മാവ് സന്തോഷിക്കില്ല. സ്വന്തം മകനെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ കെ. കരുണാകരന്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ തൊണ്ണൂറുകളില്‍ തിരുത്തല്‍ വാദം ഉപയോഗിച്ച് നേരിട്ട വ്യക്തിയുടെ മകനെ തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം നിലനില്‍പ്പിനായി കോണ്‍ഗ്രസ് കരുവാക്കി കളത്തിലിറക്കുന്നുവെന്ന വിധിവൈപരിത്യത്തിനാണ് അരുവിക്കര സാക്ഷിയാകുന്നത്. 

അനന്തരാവകാശികളുടെ പട്ടാഭിഷേകം ജനം അനുവദിക്കില്ല എന്ന ശക്തമായ നിലാപാടുമായാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ജി.കെയുടെ നേതൃത്വത്തില്‍ അന്നത്തെ യുവനേതാക്കള്‍ നേതൃത്വത്തോട് നിരന്തരം കലഹിച്ചത്. ഇന്ന് ശബരിനാഥനെ അരുവിക്കരയുടെ സ്ഥാനാര്‍ഥിയായി കെ.പി.സി.സി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഇതിനെതിരെ കെ.എസ്.യു വാളോങ്ങുന്നതും ഇതേ തിരുത്തല്‍വാദത്തിന്റെ ബാക്കി പത്രം നേതൃത്വനിരയില്‍ എവിടെയൊക്കയോ അവശേഷിക്കുന്നതുകൊണ്ടാണ്. 

കെ. മുരളീധരനെ സേവാധള്‍ ചെയര്‍മാനാക്കി ഐ ഗ്രൂപ്പിലെയും പാര്‍ട്ടിയിലെയും അന്നത്തെ യുവ നേതൃത്വത്തിന് മുകളില്‍ പ്രതിഷ്ഠിക്കാന്‍ കെ. കരുണാകരന്‍ നടത്തിയ ശ്രമത്തിനെതിരെയായിരുന്നു തിരുത്തല്‍ വാദമുയര്‍ന്നത്. അന്ന് ജി.കെക്ക് പിന്തുണയുമായി രമേശ് ചെന്നിത്തലയും എം.ഐ. ഷാനവാസും ഒപ്പമുണ്ടായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന അന്നത്തെ ആന്റണി ഗ്രൂപ്പ് എല്ലാ സഹായസഹകരണവും വാഗ്ദാനം ചെയ്തിരുന്നു. പല്ലി വാലു മുറിച്ചുകളയുന്നതുപോലെ നേതാക്കള്‍ ഭൂതകാലത്തെ മുറിച്ചിടരുതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി നേതൃത്വത്തെ ഓര്‍മിപ്പിച്ചതും ഈ ചരിത്രത്തെ നന്നായി മനസ്സിലാക്കിയാണ്.  

തന്നെ രാഷ്ട്രീയത്തില്‍ കൈപിടിച്ച് പിച്ചവെപ്പിച്ച ഗുരുവിന്റെ മകനെതിരെ തന്നെ ജികെ ഉയര്‍ത്തിയ തിരുത്തല്‍വാദം ഒരിക്കലും അധികാരപോരാട്ടമായിരുന്നില്ല. നേതൃത്വത്തിന്റെയും ഗ്രൂപ്പുകളുടെയും തോന്നിവാസങ്ങള്‍ക്കെതിരെയുള്ള പോര്‍വിളിയായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തമായ സിദ്ധാന്തമായിരുന്നു തിരുത്തല്‍വാദത്തിലൂടെ അരുവിക്കരക്കാരുടെ സ്വന്തം ജികെ ഉയര്‍ത്തിപ്പിടിച്ചത്.
രാഷ്ട്രീയത്തിലെ കുടുംബവാഴ്ച്ചക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച കാര്‍ത്തികേയന്‍ ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലും ശബരിനാഥന്റെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിക്കുമായിരുന്നില്ല. ഒരിക്കലും മകനെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ ജി.കെ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയൊരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ മരിക്കുന്നതിന് മുമ്പുതന്നെ അത് ആകാമായിരുന്നു. ശബരിനാഥനെ മികച്ച വിദ്യാഭ്യാസം നല്‍കി ഉയര്‍ന്ന ജോലി കണ്ടെത്താനായിരുന്നു അദ്ദേഹം പ്രോത്സാഹിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇത് അറിയാവുന്നതാണ്. അതുകൊണ്ടാണ് അമ്മ സുലേഖയുടെ പേര് നിര്‍ദേശിച്ചിട്ടും മകന്റെ പേര് തുടക്കത്തിലൊന്നും ഉയര്‍ന്നുവരാത്തതും. 

ചിത കത്തിതീരും മുമ്പേ സ്ഥാനാര്‍ഥി ചര്‍ച്ചയുമായി ജി.കെയുടെ വീട്ടില്‍ കയറി ഇറങ്ങിയവരാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും. കാര്‍ത്തികേയന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശ രാഷ്ട്രീയത്തിനു ബദലായി രാഷ്ട്രീയ ദിശാബോധം നഷ്ടപ്പെട്ട നേതൃത്വം ഏറ്റവും വിലകുറഞ്ഞ സഹതാപതരംഗമാണ് അരുവിക്കരയില്‍ വിജയത്തിന്റെ ചവിട്ടുപടിയായി കണക്കാക്കുന്നത്. കാര്‍ത്തികേയന്‍ 25 വര്‍ഷം കൈകുമ്പിളില്‍ അടക്കിഭരിച്ച ആര്യനാട് എന്ന ഇന്നത്തെ അരുവിക്കരയെ അദ്ദേഹത്തിന്റെ വിയോഗത്തിന്റെ പേരുപറഞ്ഞ് വോട്ടുചോദിക്കുന്നത് ഏറ്റവും വലിയ രാഷ്ട്രീയ പാപരത്വമാണ്. 

അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ച ഈ സര്‍ക്കാരിന് അരുവിക്കര നീന്തിക്കയറണമെങ്കില്‍ അത് ജി.കെയുടെ രക്തത്തില്‍ ചവിട്ടിമാത്രമേ സാധിക്കൂവെന്ന് സുധീരന് അറിയാം. കാരണം ഇവരല്ലാതെ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കി കെട്ടിയെഴുന്നള്ളിച്ച് അരുവിക്കരയിലേക്ക് കൊണ്ടുവന്നാല്‍ ചെറുതായി തലപൊക്കി തുടങ്ങിയിട്ടുള്ള ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പ് ഗോദായില്‍ കെട്ടഴിച്ച് വിട്ട ജല്ലിക്കെട്ട് കാളയെപ്പോലെ കണ്ണില്‍കണ്ടതൊക്കെ കുത്തിമറിക്കും. അത് വരുന്ന തദ്ദേശസ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളെപ്പോലും ബാധിക്കും. അത് തടയണമെങ്കില്‍ ജി.കെയുടെ ചോരയില്‍പ്പെട്ട ശബരിനാഥനെ ബലിയാടാക്കിയേ പറ്റൂ. അത് തോല്‍വിയാണെങ്കില്‍ കൂടി നേതൃത്വത്തിനും സുധീരനും ഒരുതരത്തില്‍ ആശ്വാസമാണ്.

മഹാഭാരത യുദ്ധത്തില്‍ അറിഞ്ഞുകൊണ്ട് ചക്രവ്യൂഹത്തിലേക്ക് പോയ അഭിമന്യൂവിന്റെ അവസ്ഥയാണ് ശബരിനാഥനെ കാത്തിരിക്കുന്നത്. പിണറായി വിജയനും കോടിയേരിയും അവസാന ഘട്ടത്തില്‍ വി.എസും എം. വിജയകുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങുമ്പോള്‍ അരുവിക്കരയില്‍ സി.പി.എമ്മിന്റെ സൈനിക കോട്ട ശക്തമാണ്. കൂടാതെ ആവനാഴിയില്‍ പ്രയോഗിക്കാനുള്ള ആയുധങ്ങളും ഏറെ. 

അച്ഛന്‍ അമ്മയോട് പാതി പറഞ്ഞ രാഷ്ട്രീയ അടവുകളും പൂര്‍ത്തിയാകാതെപോയ വികസനവുമായി ഈ മഹാരഥന്‍മാരുടെ ഇടയിലേക്ക് ഇടിച്ചുകയറുമ്പോള്‍ ചക്രവ്യൂഹം പൊളിച്ച് തിരികെ വരുക എന്നത് ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഏറെ പ്രയാസകരമാണെന്ന് യു.ഡി.എഫ് നേതൃത്വത്തിനറിയാം. എങ്കിലും ജി.കെയുടെ ഓര്‍മകള്‍ ഇരമ്പുന്ന മണ്ണില്‍ ശബരിനാഥനൊപ്പം ഒരുമനസ്സോടെ നില്‍ക്കാനുള്ള കരുത്തെങ്കിലും കോണ്‍ഗ്രസിനുണ്ടായാല്‍ ഒരു പക്ഷേ അഭിമന്യൂ ഇനിയും ജീവിക്കും... ശബരിനാഥനിലൂടെ
Article, Aruvikkara By Election, Sabarinathan, G. Karthikeyan, CPM, Kerala, Politics, Congress.

Keywords: Article, Aruvikkara By Election, Sabarinathan, G. Karthikeyan, CPM, Kerala, Politics, Congress.