Follow KVARTHA on Google news Follow Us!
ad

സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചു

സര്‍ക്കാരിന്റെ അബ്കാരി നയം പൂര്‍ണമായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഫൈവ് സ്റ്റാര്‍ Kochi, Kerala, High Court of Kerala, Government, Liquor
കൊച്ചി: (www.kvartha.com 31/03/2015) സര്‍ക്കാരിന്റെ അബ്കാരി നയം പൂര്‍ണമായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കൂവെന്ന സര്‍ക്കാര്‍ നയം കോടതി ശരിവച്ചു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാനാകില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ജനങ്ങളുടെ നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. മദ്യപാനം മൗലിക അവകാശം അല്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും കോടതി അംഗീകരിച്ചു. ഫൈവ്സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ റദ്ദാക്കി. മദ്യ നയം സംബന്ധിച്ചു ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലും കോടതി തള്ളി. ഹൈക്കോടതി വിധിയോടെ സംസ്ഥാനത്ത് ഇനി 24 ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമാകും പ്രവര്‍ത്തനനാനുമതി ലഭിക്കുക.

228 ത്രീ സ്റ്റാര്‍ ബാറുകളും 36 ഫോര്‍സ്റ്റാര്‍ ബാറുകളും എട്ടു ഹെറിറ്റേജ് ബാറുകളും അടയ്‌ക്കേണ്ടി വരും. വിദേശ മദ്യ വില്‍പ്പന ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയും കോടതി ശരിവച്ചു. ജസ്റ്റിസ് കെ.ടി ശങ്കരന്‍, ജസ്റ്റിസ് ബാബു മാത്യു, പി ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തെ ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തനം തുടരാം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ല. ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന വാദവും അംഗീകരിക്കാനാകില്ല. ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ബദല്‍ സംവിധാനമൊരുക്കണം. മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്ന വാദം ശരിയല്ല. മയക്കുമരുന്ന് വഴിയരികില്‍ വില്‍പന നടത്തിയാല്‍ ടൂറിസ്റ്റുകളെ ആഘര്‍ഷിക്കാനാകും. എന്നാല്‍ ഇത് കോടതിക്കും സര്‍ക്കാരിനും പ്രോത്സാഹിപ്പിക്കാനാകില്ല. ടൂറിസം വികസനത്തില്‍ ജന നന്മയും പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

സമൂഹ നന്മയ്ക്കായി നടത്തിയ നിയന്ത്രണം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കേരളത്തില്‍ മദ്യ ഉപയോഗം കൂടുതലാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണവും കോടതി പരിഗണിച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ വ്യക്തമാക്കി. രാവിലെ പറഞ്ഞു തുടങ്ങിയ വിധി പ്രസ്താവം വൈകീട്ട് 4.30 വരെ നീണ്ടു. വിധി പറഞ്ഞു തീരും വരെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. 2015 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ മദ്യനയം ചോദ്യം ചെയ്താണ് ബാറുടമകള്‍ അപ്പീലുകള്‍.

ഫൈവ് സ്റ്റാര്‍ പദവിയുള്ളവയ്ക്ക് മാത്രം ബാറിന് അനുമതിക്ക് വ്യവസ്ഥ ചെയ്യുന്ന കേരള വിദേശമദ്യ ചട്ടത്തിലെ ഭേദഗതിയേയും ബാറുടമകള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഫൈവ് സ്റ്റാറിനു പുറമെ ഫോര്‍ സ്റ്റാറിനും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ അനുമതി നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അതിനെതിരെയാണ് സര്‍ക്കാറിന്റെ അപ്പീല്‍. മദ്യോപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാര്‍ ഫൈവ് സ്റ്റാറിന് മാത്രമായി പരിമിതപ്പെടുത്തിയതെന്നും അത് നയ തീരുമാനമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

നിലവാരമില്ലാത്തിന്റെ പേരില്‍ ബാറിന് അനുമതി നിഷേധിക്കപ്പെട്ടതിനെതിരെ 418 ഹോട്ടലുടമകളും കോടതിയില്‍ തങ്ങളുടെ വാദം ഉന്നയിച്ചു. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ എന്നിങ്ങനെ ഇനം തിരിച്ച് ബാര്‍ അനുവദിക്കുന്നത് വിവേചനമാണെന്നും നിയമവിരുദ്ധമാണെന്നുമാണ് ബാറുടമകളുടെ വാദം. സുപ്രീംകോടതിയുടെ അഭിഭാഷകനായ അരിയാമ സുന്ദരമാണ് തിങ്കളാഴ്ച ബാറുടമകള്‍ക്ക് വേണ്ടി വാദിച്ചത്. സര്‍ക്കാറിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍ സിബലും ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala, High Court of Kerala, Government, Liquor, Kerala Government's Plans for Dry State Approved by High Court

Post a Comment