Follow KVARTHA on Google news Follow Us!
ad

സുധീരന്റെ ജനപക്ഷ യാത്ര അവസാനിക്കുമ്പോള്‍ തലസ്ഥാനത്ത് കോണ്‍ഗ്രസില്‍ അഴിച്ചുപണി

കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്റെ ജനപക്ഷ യാത്ര സമാപിക്കുമ്പോള്‍ തലസ്ഥാനത്തെ Kerala, Thiruvananthapuram, V.M Sudheeran, DCC, President, Congress, K Mohan Kumar, Janapaksha Yathra
തിരുവനന്തപുരം: (www.kvartha.com 30.11.2014) കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്റെ ജനപക്ഷ യാത്ര സമാപിക്കുമ്പോള്‍ തലസ്ഥാനത്തെ ഡി.സി.സിയിലും കെ.പി.സി.സി ഭാരവാഹികളിലും മാറ്റത്തിന് കളമൊരുങ്ങുന്നു. ഡിസംബര്‍ ഒമ്പതിനാണ് സുധീരന്റെ യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത്. അതിനൊപ്പം തന്നെ തിരുവനന്തപുരം ഡി.സി.സി പ്രസിഡണ്ട് കെ. മോഹന്‍ കുമാറിനെ മാറ്റാനാണ് നീക്കം.

പകരം കെ.പി.സി.സി വൈസ് പ്രസിഡണ്ട് എന്‍. പീതാംബര കുറുപ്പിനെയോ, ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയെയോ പുതിയ പ്രസിഡണ്ടാക്കാനാണ് നീക്കം. മോഹന്‍ കുമാറിനെ മാറ്റുന്നത് അസാധാരണമായാണ്. സംസ്ഥാനത്തെ മറ്റു ഡിസിസി പ്രസിഡണ്ടുമാരില്‍ ആര്‍ക്കും ഇക്കൂട്ടത്തില്‍ മാറ്റമില്ല. എന്നാല്‍ ഈ മാറ്റം മോഹന്‍ കുമാറിന്റെ തന്നെ താല്‍പര്യപ്രകാരമാണ് എന്ന വിശദീകരണം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഉണ്ടാകുന്നുണ്ട്. സജീവ രാഷ്ട്രീയം മടുത്ത മോഹന്‍ കുമാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും കോര്‍പറേഷനിലോ ബോര്‍ഡിലോ കമ്മീഷനിലോ സ്ഥാനം ലഭിക്കാന്‍ ശ്രമിക്കുകയാണത്രെ.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ അടുത്തുണ്ടാകാന്‍ പോകുന്ന ഒഴിവിലേക്ക് മോഹന്‍ കുമാറിനെ നിയമിക്കുമെന്നും പറഞ്ഞുകേള്‍ക്കുന്നു. മുന്‍ എം.എല്‍.എയും തലസ്ഥാന ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ മോഹന്‍ കുമാര്‍ യു.ഡി.എഫിന്റെ ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന് ഇനി ഒന്നേകാല്‍ വര്‍ഷം മാത്രമാണ് കാലാവധി ഉള്ളത്. ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായാല്‍ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വന്നാലും ആ സ്ഥാനത്ത് തുടരാം. ഇതുകൂടി പരിഗണിച്ച് മോഹന്‍ കുമാറിന് കൊള്ളാവുന്നൊരു ഇരിപ്പിടം ഉറപ്പാക്കാന്‍ കൂടിയാണ് ശ്രമമെന്നും സൂചനയുണ്ട്.

അതേസമയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഐ ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുന്ന മോഹന്‍ കുമാറിനെ മാറ്റിയാല്‍ മുന്‍ കരുണാകര പക്ഷക്കാരനായ പീതാംബര കുറുപ്പിനെയോ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ആളായ തമ്പാനൂര്‍ രവിയെയോ പുതിയ പ്രസിഡണ്ടാക്കാനുള്ള സാധ്യതയും ഒരു വിഭാഗ ചോദ്യം ചെയ്യുന്നു.

ജനപക്ഷ യാത്ര തലസ്ഥാനത്ത് അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ ഉണ്ടാകാന്‍ പോകുന്ന അടുമുടിയുള്ള അഴിച്ചുപണികളുടെ തുടക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര നടത്തുന്നതിനൊപ്പം ഓരോ ജില്ലയിലെയും പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവും മികവും പരിശോധിച്ചു കൊണ്ട് കൂടിയാണത്രെ സുധീരന്‍ കടന്നുപോകുന്നത്.

പക്ഷേ അദ്ദേഹത്തിന്റെ മാത്രം തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ നടപ്പാക്കാന്‍ എളുപ്പമല്ലാത്ത വിധം ഗ്രൂപ്പ് പോര് രൂക്ഷവുമാണ്. മോഹന്‍ കാമുറിനെ ഏതെങ്കിലും ഗ്രൂപ്പിന്റെ എന്തെങ്കിലും പ്രത്യേക താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലികൊടുക്കാന്‍ സുധീരന്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ള ആളുകള്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kerala, Thiruvananthapuram, V.M Sudheeran, DCC, President, Congress, K Mohan Kumar, Janapaksha Yathra, Reshuffle in congress after Janapaksha Yatra. 

Post a Comment