Follow KVARTHA on Google news Follow Us!
ad

സുധീരന്‍ കണ്ണുരുട്ടി; പോരടിക്കാനെത്തിയ നേതാക്കള്‍ കുഞ്ഞാടുകളായി

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടാനുളള ആയുധങ്ങളുമായെത്തിയ Idukki, Kerala, V. M.Sudheeran, KPCC, President, Congress, VM Sudheeran resolves
ഇടുക്കി: (www.kvartha.com 31.10.2014) ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടാനുളള ആയുധങ്ങളുമായെത്തിയ നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ കണ്ണുരുട്ടലില്‍ മര്യാദക്കാരായി. എ-ഐ ഗ്രൂപ്പടിസ്ഥാനത്തിലുളള പതിവ് ആരോപണങ്ങള്‍ക്ക് പുറമെ ഇരു ഗ്രൂപ്പിനുളളിലെയും നേതാക്കളുടെ വൈരവും കൊണ്ട് കലങ്ങിമറിയാമായിരുന്ന യോഗമാണ് സുധീരന്റെ അച്ചടക്ക വാളില്‍ ശാന്തമായത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പൊതുശത്രുവായ കേരളാ കോണ്‍ഗ്രസിനെ വാക്കുകൊണ്ട് കീറിമുറിച്ച് കെ.പി.സി.സി അധ്യക്ഷന്റെ സാന്നിധ്യത്തില്‍ അണികള്‍ തൃപ്തരായി. യോഗം നടന്ന തൊടുപുഴ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ നിന്നും സുധീരനും പിന്നാലെ മുന്‍ എം.പി പി.ടി തോമസും സ്ഥലം വിട്ടതിന് ശേഷം രംഗം വാക് പോരുകളാല്‍ നിറയുകയും ചെയ്തു.

കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന ജനപക്ഷയാത്രയായിരുന്നു മുഖ്യ അജണ്ടയെങ്കിലും പി.ടി തോമസിന്റെ സീറ്റ് നിഷേധം മുതല്‍ യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പരാജയം വരെയും, ജോയ്‌സ് ജോര്‍ജ് എം.പിക്കെതിരായ കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് ആരോപണം മുതല്‍ പട്ടയപ്രശ്‌നം വരെയും തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യയോഗത്തെ മുഖരിതമാക്കുമെന്നായിരുന്നു സൂചന. വന്‍ മാധ്യമ സംഘവും യോഗസ്ഥലത്ത് എത്തിയിരുന്നു. സന്ധ്യയോടെ യോഗം ആരംഭിച്ചയുടന്‍ ജനപക്ഷയാത്രയല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യില്ലെന്ന കര്‍ശന നിലപാട് സുധീരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കെ.പി.സി.സി ഉപസമിതി റിപ്പോര്‍ട്ട് വരാത്തതിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നെങ്കിലും റിപ്പോര്‍ട്ട് വന്നശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ഇടുക്കിയുടെ ചുമതലയുളള കെ.പി.സി.സി സെക്രട്ടറി എം.ലിജു വിശദീകരിച്ചു.

ഇതോടെയാണ് ഹൈറേഞ്ചിലെ അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. വിശ്വസിക്കാന്‍ കൊള്ളാത്ത ഘടകകക്ഷിയാണ് കേരളാ കോണ്‍ഗ്രസെന്നായിരുന്നു കടുത്ത ഭാഷയിലുള്ള വിമര്‍ശം. കെ.പി.സി.സി ഇടപെട്ടില്ലെങ്കില്‍ ഹൈറേഞ്ചില്‍ നിന്നും കോണ്‍ഗ്രസ് തൂത്തെറിയപ്പെടും.കോണ്‍ഗ്രസിനെ തകര്‍ക്കാനുളള ചില ശക്തികള്‍ക്ക് കേരളാ കോണ്‍ഗ്രസ് ചൂട്ടുപിടിക്കുകയാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയെ ഉദ്ദേശിച്ച് പ്രതിനിധികള്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസിനെ ഇത്തരത്തില്‍ മുന്നണിയില്‍ നിലനിര്‍ത്തി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പരാജയമായിരിക്കും ഫലമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. എല്ലാം കേട്ടതല്ലാതെ സുധീരന്‍ പ്രതികരിച്ചില്ല. ജനപക്ഷയാത്രയെക്കുറിച്ച് വിശദീകരിച്ച ശേഷം സുധീരനും പിന്നാലെ പി.ടി തോമസും വേദി വിടുകയും ചെയ്തു.

ഇതിന് ശേഷം യോഗം ബഹളമയമായിരുന്നു. പി.ടി തോമസിന് സീറ്റ് നിഷേധിക്കാന്‍ ഡി.സി.സി. പ്രസിഡന്റ് റോയ്.കെ.പൗലോസ് ശ്രമിച്ചതായി പി.ടി തോമസ് അനുകൂലികള്‍ ആരോപിച്ചു. എന്നാല്‍, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയങ്ങളില്‍ പി.ടി. സ്വീകരിച്ച നിലപാടുകളാണ് ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തിന് പ്രധാന കാരണമായതെന്ന് ഡി.സി.സി. പ്രസിഡന്റ് തിരിച്ചടിച്ചു. കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് അന്വേഷിക്കാത്തത് ഐ ഗ്രൂപ്പുകാരനും ജോയ്‌സ് ജോര്‍ജ് എം.പിയുടെ ബന്ധുവുമായ ഇ.എം ആഗസ്തി, റവന്യു മന്ത്രി അടൂര്‍ പ്രകാശില്‍ ചെലുത്തുന്ന സ്വാധീനം മൂലമാണെന്നും ആരോപണുണ്ടായി. സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ദേവികുളം ആര്‍.ഡി.ഓ ഓഫീസ് മാര്‍ച്ചു വരെ യൂത്തു കോണ്‍ഗ്രസ് നടത്തിയിട്ടും, ചീഫ് സെക്രട്ടറി സ്ഥലം പരിശോധിച്ചിട്ടും ഇടതുപക്ഷ എം.പിയുടെ ഭൂമി തട്ടിപ്പ് ഫയല്‍ അനങ്ങാത്തതെന്ത് എന്നായിരുന്നു ചിലരുടെ ചോദ്യം. ഐ ഗ്രൂപ്പിലുണ്ടായ  ഭിന്നിപ്പു ഡി.സി.സി യോഗത്തിലും കാണാനായി.ഇ. എം ആഗസ്തി ഒരുപക്ഷത്തും സി. പി മാത്യു ഉള്‍പ്പെടെയുള്ളവര്‍ മറുഭാഗത്തുമായി വ്യത്യസ്ത സ്വരത്തിലാണ് സംസാരിച്ചത്.

 മാസങ്ങള്‍ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പു തോല്‍വിയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുക്തമായിട്ടില്ലെന്നു വിളിച്ചറിയിക്കുന്നതായി ഡി.സി.സി.യോഗം. തെരഞ്ഞെടുപ്പു കഴിഞ്ഞതിനു തൊട്ടുപിന്നാലെ യോഗം വിളിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, കാര്യങ്ങള്‍ 'കൈവിട്ടു' പോകുമായിരുന്നു. അതിനാല്‍ കെ.പി.സി.സി. പ്രസിഡന്റിന്റെ കൂടി നിര്‍ദേശപ്രകാരമാണ് യോഗം പരമാവധി നീട്ടിയത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് യോഗം സമാപിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Kerala, V. M.Sudheeran, KPCC, President, Congress, VM Sudheeran resolves party issues in Idukki. 

Post a Comment