തിരുവനന്തപുരം പ്രസ്‌ക്ലബിലെ ലൈസന്‍സ് ഇല്ലാത്ത ബാര്‍; വിവാദം കൊഴുക്കുന്നു

തിരുവനന്തപുരം: (www.kvartha.com 30.08.2014) തലസ്ഥാനത്തെ പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി മാത്രമായി നടത്തുന്ന ബാര്‍ അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി ഇതാദ്യമായി പത്രവാര്‍ത്ത. ഇതിനെച്ചൊല്ലി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂക്ഷമായ ചേരിതിരിവ്.

പ്രമുഖ ദിനപത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ ഒന്നാം പേജിലാണ് ശനിയാഴ്ച വാര്‍ത്ത വന്നത്. 'സെക്രട്ടേറിയറ്റിനു വിളിപ്പാടകലെ പ്രസ്‌ക്ലബില്‍ അനധികൃത ബാര്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ബാറിന്റെ ഉള്‍വശത്തെ ഫോട്ടോയുമുണ്ട്. പ്രത്യേക ലേഖകന്റേതായി വന്ന വാര്‍ത്തയെത്തുടര്‍ന്ന് അതിരാവിലെ മുതല്‍തന്നെ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പരസ്പരം ഫോണിലൂടെ ചര്‍ച്ച തുടങ്ങിയിരുന്നു.

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതേപ്പറ്റി അറിയാമെങ്കിലും ആരും ചെറുവിരല്‍ അനക്കിയിട്ടില്ല എന്ന് വാര്‍ത്തയില്‍ തലക്കെട്ടിനുതാഴെ സബ്്‌ഹെഡിംഗ് കൂടി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് മന്ത്രിയും എക്‌സൈസ് ഉദ്യോഗസ്ഥരും ഇത് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ഇത്രകാലവും മാധ്യമ പ്രവര്‍ത്തകരുടെ ബാറിനെ തൊടാതിരുന്നത് അവര്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഭയന്നിട്ടാണെന്നും ഇപ്പോള്‍ പ്രമുഖ ദിനപത്രം തന്നെ ഇതിനെതിരായി രംഗത്തുവന്ന സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ കെ വാര്‍ത്തയോടു പറഞ്ഞു.

വാര്‍ത്ത ഉള്‍പെടുന്ന മാധ്യമം ദിനപത്രം പ്രസ്‌ക്ലബ് അംഗങ്ങള്‍ക്ക് വായിക്കാനുള്ള റീഡിംഗ് റൂമില്‍ നിന്ന് രാവിലേതന്നെ മാറ്റിയാണ് പ്രസ്‌ക്ലബ് ഭാരവാഹികള്‍ പ്രതികരിച്ചത്. വര്‍ഷങ്ങളായി പ്രസ്‌ക്ലബ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ നിലയില്‍ സങ്കേതം എന്ന പേരില്‍ ലൈസന്‍സ് ഇല്ലാത്ത ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ തലസ്ഥാനത്തെ പ്രമുഖര്‍ പ്രസ്‌ക്ലബ് ഭാരവാഹികള്‍ ആയിരിക്കുമ്പോഴും ഇത് തടയാന്‍ കഴിഞ്ഞിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക വിവരാവകാശ നിയപ്രകാരം ബാറിന്റെ ലൈസന്‍സ് വിവരങ്ങള്‍ തേടിയെങ്കിലും ഉന്നതതല ഇടപെടലിനേത്തുടര്‍ന്ന് അവരും നിശബ്ദരാവുകയാണ് ഉണ്ടായത്. എല്ലാ ജില്ലകളിലും പ്രസ്‌ക്ലബ് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ ഘടകമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും തിരുവനന്തപുരത്ത് ഇത് സ്വതന്ത്രമാണ്.

വാര്‍ത്തയുടെ പൂര്‍ണരൂപം: 

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ അനധികൃത ബാര്‍. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഭൂഗര്‍ഭനിലയിലാണ് വര്‍ഷങ്ങളായി ബാര്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതേപ്പറ്റി അറിയാമെങ്കിലും ഇതുവരെ ആരും ചെറുവിരല്‍ അനക്കിയിട്ടില്ല.

സംസ്ഥാനത്ത് ക്ലബുകളെ പ്രതിവര്‍ഷം 15 ലക്ഷം രൂപ ഫീസ് വാങ്ങി പെര്‍മിറ്റ് റൂം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. 23 ലക്ഷം രൂപ വാങ്ങി ബാര്‍ ലൈസന്‍സും നല്‍കുന്നുണ്ട്. ഇത് രണ്ടുമില്ലാതെയും ലൈസന്‍സില്ലാതെയുമാണ് പ്രസ് ക്ലബ് ബാര്‍ പ്രവര്‍ത്തിക്കുന്നത്. തലസ്ഥാനത്തെ പ്രമുഖ ചാനല്‍ ലേഖിക ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസ് ക്ലബ് ബാറിനെതിരെ എക്‌സൈസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പത്രക്കാരുടെ സമ്മര്‍ദം കാരണം ഇടപെടലൊന്നും ഉണ്ടായില്ല.

പ്രസ് ക്ലബ് അംഗത്വം ഉള്ളവര്‍ക്ക് മദ്യം സൂക്ഷിക്കാനും ആവശ്യത്തിനു വന്ന് കഴിക്കാനും ഇവിടെ സൗകര്യമുണ്ട്. ബീവറേജസ് കോര്‍പറേഷനില്‍നിന്ന് വാങ്ങിയ മദ്യം വില്‍ക്കുന്നുമുണ്ട്. അംഗത്തിന് ഒരു ഗെസ്റ്റിനെ അനുവദിക്കും. അടുത്തകാലത്ത് പുതുക്കിപ്പണിത് ഡീലക്‌സ് ബാറിന്റെ പ്രൗഢി വരുത്തിയിട്ടുണ്ട്. ബാറുകള്‍ മുഴുവന്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ കഴിഞ്ഞ രണ്ടുദിവസമായി പകല്‍ അടച്ചിട്ട് രാത്രിയിലാണ് തുറക്കുന്നത്. തലസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ മദ്യപിക്കാന്‍ കഴിയുമെന്നതിനാല്‍ നിരവധി പത്രപ്രവര്‍ത്തകരെ മദ്യത്തിന് അടിമയാക്കിയെന്ന ഖ്യാതി പ്രസ് ക്ലബ് ബാറിനുള്ളതാണ്. സങ്കേതം എന്നാണ് പത്രക്കാര്‍ ഇതിന് പേരിട്ടിരിക്കുന്നത്. ബാറിന് സമീപം പ്രവര്‍ത്തിക്കുന്നതാകട്ടെ ശിവറാം ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടും.
Bar, Licence, Press Club, Media, News, News Paper, Report, Thiruvananthapuram, Liquor, Kerala, Controversy on bar Trivandrum press club

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു; ബദിയടുക്കയിലെ ഡോക്ടര്‍ ദമ്പതികളും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords: Bar, Licence, Press Club, Media, News, News Paper, Report, Thiruvananthapuram, Liquor, Kerala, Controversy on bar Trivandrum press club.

Post a Comment

Previous Post Next Post