കാലം കഴിയുന്തോറും തിളക്കമേറി വരുന്ന റഫിയോര്‍മ്മകള്‍

എ.എസ്. മുഹമ്മദ്കുഞ്ഞി

മുഹമ്മദ് റഫിയുടെ 34-ാം ചരമ ദിനം കടന്നു പോകുന്നു. അതായത് അദ്ദേഹത്തിന്റെ വിയോഗത്തിന് മൂന്നര പതിറ്റാണ്ട്. പക്ഷെ അത്ഭുതമെന്ന് പറയട്ടെ, കാലം കഴിയുന്തോറും ആ ഓര്‍മ്മകള്‍ക്ക് തിളക്കം കൂടി വരുന്നതായാണ് പത്ര-ദൃശ്യ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഈ വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളയവിറക്കുന്ന പുതിയൊരു പുസ്തകം കൂടിയിറങ്ങി.

ധീരേന്ദ്ര ജയ്ന്‍ തയ്യാറാക്കിയ 'വൊ ജബ് യാദ് ആയെ..' മുംബൈയിലാണതിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടത്. ഇന്ത്യയിലൊട്ടുക്കും, ലോകമെങ്ങും ഹിന്ദി, ഉറുദു ഗാനാസ്വാദകരുള്ളിടത്തെല്ലാം റഫി ഓര്‍മ്മിക്കപ്പെടുന്നു. മാത്രമല്ല, കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ആ ഗാനങ്ങള്‍ ഒരിക്കല്‍ കൂടി ആസ്വദിക്കുകയും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെയ്ക്കുകയും ചെയ്യുന്നു.

ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍, ചരമ ദിനം അടുത്തു വരുന്തോറും 'എങ്ങും റഫി' ആവുകയാണ്. സജീവമായ ചര്‍ച്ചകള്‍ അവിടേയും നടക്കുന്നു. മലയാളത്തിലേതടക്കം ഇന്ത്യന്‍ പത്രങ്ങളുടെ ഞായര്‍ പതിപ്പുകള്‍ (27/07, 03/08) തുറന്നു നോക്കാം. അവിടേയും നിറയെ അദ്ദേഹത്തെക്കുറിച്ചുള്ള കുറിപ്പുകളാവും. ഇതൊക്കെ അടയാളപ്പെടുത്തുന്നത് റഫിയോടുള്ള ആരാധകവൃന്ദത്തിന്റെ മുറിയാത്ത സ്‌നേഹത്തില്‍ കവിഞ്ഞ മറ്റെന്താണ്?

ഹിന്ദി സിനിമയുടെ സുവര്‍ണയുഗമെന്നടയാളപ്പെടുത്തപ്പെടുന്ന 1950-60 കാലങ്ങളില്‍ റഫിയെപ്പോലെ തന്നെ പ്രശസ്തരായ, അനുഗ്രഹീതമായ ശബ്ദങ്ങള്‍ക്കുടമകളായ, അനശ്വര ഗാനങ്ങളാലപിക്കാനവസരമൊത്ത വേറെയും ഒരുപിടി ഗായകരുണ്ടായിരുന്നു. പ്രഥമ പരിഗണന നല്‍കേണ്ടവര്‍ തന്നെ. കെ.എല്‍. സൈഗള്‍, മുഖേഷ്, തലത്ത് മഹമൂദ്, കിശോര്‍ കുമാര്‍, മഹേന്ദ്ര കപൂര്‍, മന്നാ ഡെ തുടങ്ങി... അവരും നമ്മുടെ ഇടയില്‍ നിന്ന് വിടവാങ്ങിപ്പോയവരാണ്.

അവരോടൊക്കെയുള്ള ആദരവ് ഒട്ടും കുറയാതെ പറയട്ടെ, അവരൊന്നും റഫിസാബിനെപ്പോലെ ഓര്‍മ്മിക്കപ്പെടുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്. റഫി സാബിന്റെ പാട്ടിനെ ഇഷ്ടപ്പെടുന്നവരൊക്കെ ആ ദിനം വളരെ കൃത്യമായി ഓര്‍ത്തെടുക്കുന്നു. ഡിസംബര്‍ 24 എന്ന ജന്മദിനവും, ജൂലൈ 31 എന്ന ചരമദിനവും. അന്നവര്‍ക്ക് ഒരിക്കലും കേള്‍ക്കാത്തത് പോലെ റഫിഗാനങ്ങള്‍ കേള്‍ക്കണം. ആസ്വദിക്കണം. അത് കൂട്ടായിരുന്നും വേണം, ഏകാന്തതയിലും വേണം. അതിനു കടന്നു പോകുന്ന വര്‍ഷങ്ങള്‍ ഒരു കോട്ടവും വരുത്തുന്നില്ല എന്നാണ് റിപോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാനാവുന്നത്.

കഴിഞ്ഞ ദിവസം റഫി സാബിന്റെ ചരമദിനം അടുത്തു വരുന്നത് കൊണ്ടാവണം, മുംബൈയിലെ 'റഫി ഫൗണ്ടേഷന്റെ' ബിനു നായര്‍, റഫിസാബിന്റെ യു ട്യൂബില്‍ നിന്നെടുത്ത ചില ഗാനങ്ങളും ഒരു കുറിപ്പും ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. സാധാരണമായൊന്നും ബിനു നായരെ ഫെയ്‌സ്ബുക്കില്‍ കാണാറില്ല. റഫി ഫൗണ്ടേഷന്‍ എന്നു കണ്ടാവണം ഞാനും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് മേറ്റ് (എപ്പോഴോ) ആയത്.

ഒരുപാട് പേര് അദ്ദേഹത്തിന്റെ കുറിപ്പിനെ പിന്താങ്ങിയും പ്രതികരിച്ചു. പുതിയ അറിവുകള്‍ പങ്കിട്ടും ഫോളോ ചെയ്തിട്ടുണ്ട്. ഞാനും ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. കിശോര്‍ കുമാറിനെയും രാജേഷ്ഖന്നയേയും ബന്ധിപ്പിക്കുന്ന അത് ബിനു നായരുടെ സുഹൃത്തുക്കളായ പലരേയും ക്രുദ്ധരാക്കിയെന്ന് വേണം പറയാന്‍. അവരൊക്കെ വല്ലാതെ സീരിയസായാണ് പ്രതികരിച്ചത്. ഇതില്‍ നിന്ന് മനസിലാക്കാനാവുന്നതും റഫിസാബിനോടുള്ള അവരുടെ മുറിയാത്ത പൃദയബന്ധം തന്നെയാണ്.

1952ല്‍ 'ബെയ്ജു ബാവ്‌റ' യ്ക്കു വേണ്ടി നൗഷാദ് ഇട്ടു നല്‍കിയ മല്‍കാനി ഈണത്തില്‍ റഫി,  'ഹരി ഓാാാാം.. മന് തട്പത്ത് ഹിര ദറ്ശന് കൊ..' പാടിയപ്പോള്‍ അന്നത്തെ ഇന്ത്യന്‍ സംഗീതത്തിന്റെ മെഹഫിലുകള്‍ ആകെ ഇളകി. പശ്ചിമോത്തര ഇന്ത്യയിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ നിന്ന് വന്ന ഒരു യുവാവാണ്  ആ സെമി ക്ലാസിക് ഭജന്‍ ഇത്രയും നന്നായി ആലപിച്ചതെന്നറിഞ്ഞപ്പോള്‍ വീണ്ടും 1960ല്‍ ഹാമിര്‍ രാഗത്തില്‍ അതെ നൗഷാദിനു വേണ്ടി 'കോഹിനൂറി'ല്‍ വീണ്ടുമൊരു ബജന്‍ ആലപിക്കുന്നു അദ്ദേഹം. 'മധുപന് മെ രാധികാ നാച്ചെ രെ...' ഏറെയൊന്നും എഴുതുന്നില്ല. എല്‍.പി. ജോടിയിലെ ലക്ഷ്മി കാന്ത് പറഞ്ഞ പോലെ, എല്ലാവര്‍ക്കും പാടാനാവും. പക്ഷെ റഫിസാബിന്റെ വോയ്‌സ് അത് വേറെ ഒന്നാണ്.' ഹിന്ദി സിനിമയിലെ അക്കാലത്തെ മിക്ക നടന്മാരും കൊതിച്ചത് അവര്‍ പാടിയഭിനയിക്കുന്ന പാട്ട് റഫി സാബ് പാടിയിരിക്കണമെന്നായിരുന്നു.
Article, A.S.Mohammed-Kunhi, Mumbai, Book, Song, Singer, India, Facebook, Hindi, Write, Cinema, Acting, Voice,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Post a Comment

Previous Post Next Post