ഉമ്മന്‍ ചാണ്ടി മഅ്ദനിയെ കണ്ടത് മകളെ കാണാന്‍ സൗഖ്യ ആശുപത്രിയില്‍ പോയപ്പോള്‍

തിരുവനന്തപുരം: (www.kvartha.com 30.07.2014) ബംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോയത് മകളെ കാണാനുള്ള യാത്രയുടെ ഭാഗമായി. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ മഅ്ദനി കഴിയുന്ന സൗഖ്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സന്ദര്‍ശനം വിവാദമായാല്‍, മകളെ കാണാന്‍ പോയതിനൊപ്പം താന്‍ മഅ്ദനിയെക്കൂടി കണ്ടുവെന്നേയുള്ളു എന്ന് പറഞ്ഞു നില്‍ക്കാന്‍ ഉദ്ദേശിച്ചുകൂടിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര എന്നു വ്യക്തമായ സൂചനയുണ്ട്. വിവാദമായില്ലെങ്കില്‍, ചികില്‍സയില്‍ കഴിയുന്ന മഅ്ദനിയെ ബംഗളൂരുവില്‍ എത്തി സന്ദര്‍ശിച്ചതിന്റെ രാഷ്ട്രീയ നേട്ടം ലഭിക്കുകയും ചെയ്യും. പെരുന്നാളിന്റെ തലേന്നാണ് മുഖ്യമന്ത്രി മഅ്ദനിയെ സന്ദര്‍ശിച്ചത്. യാദൃശ്ചികമായി അന്നു രാത്രിതന്നെ ബംഗളൂരുവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഅ്ദനിക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹില്‍ പോകാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ മഅ്ദനിക്ക് സുപ്രീംകോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്ന് കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഅ്ദനിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മുമ്പ് എപ്പോഴും അനുഭാവം കാണിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി അതേ മനോഭാവത്തോടെതന്നെയാണ് ആശുപത്രി സന്ദര്‍ശനത്തേക്കുറിച്ച് ആദ്യം ആലോചിച്ചതത്രേ.

എന്നാല്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന പ്രമാദമായ കേസിലെ പ്രതിയെ സന്ദര്‍ശിക്കാന്‍ മാത്രമായുള്ള ബംഗളൂരു യാത്ര ഒഴിവാക്കണം എന്ന് അദ്ദേഹത്തിനു നിയമോപദേശം ലഭിച്ചതായി അറിയുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെ ചെയ്യുന്നതിലൂടെ, മഅ്ദനിയുടെ കേസിലെ സാക്ഷികള്‍ സര്‍ക്കാര്‍ മുഖേന തന്നെ സ്വാധീനിക്കപ്പെടാന്‍ ഇടയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുമെന്നും അത് കേസില്‍ മുഖ്യമന്ത്രിയെ സാക്ഷിയായി വിസ്തരിക്കുന്നതുവരെ എത്തിക്കൂടായ്കയില്ല എന്നുമായിരുന്നു നിയമോപദേശം. ഇതോടെ അദ്ദേഹം സന്ദര്‍ശനം മാറ്റിവച്ചു. പിന്നീട്, അച്ചു ഉമ്മന്‍ ചികില്‍സയ്ക്ക് സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ആ അവസരം ഉപയോഗിച്ച് മഅ്ദനിയെക്കൂടി കാണുകയും ചെയ്തു.

അതേസമയം, പെരുന്നാള്‍ നിസ്‌കാരത്തിനു പോകാന്‍ അനുവദിക്കാതിരുന്നത് ജാമ്യത്തിലുള്ള പ്രതിയുടെ അവകാശം ലംഘിക്കലാണ് എന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ പ്രശ്‌നം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും എന്ന് അറിയുന്നു.

ആഗസ്റ്റ് ഒന്നിനാണ് ജാമ്യം നീട്ടിച്ചോദിച്ച് മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുക. അന്നുതന്നെ ഇതും ശ്രദ്ധയില്‍പെടുത്തും. മൂന്നുമാസത്തേക്കാണ് ജാമ്യം നീട്ടിച്ചോദിക്കുക. ലഭിച്ച ഒരുമാസക്കാലം ചികില്‍സയ്ക്ക് മതിയായ കാലയളവല്ല എന്നു ചൂണ്ടിക്കാട്ടിയായിരിക്കും അപേക്ഷ. മഅ്ദനി പെരുന്നാള്‍ ദിനത്തില്‍ പരസ്യമായി നമസ്‌കരിച്ചാല്‍ ആളുകള്‍ കൂടാനും അത് ക്രമസമാധാന പ്രശ്‌നമായി മാറാനും ഇടയുണ്ട് എന്ന വാദമായിരിക്കും കര്‍ണാടക പോലീസ് സ്വന്തം നിലപാട് ന്യായീകരിക്കുക.
Abdul-Nasar-Madani, Oommen Chandy, Kerala, Hospital, Treatment, Jail, CM's Maudani visit was part of his  personal visit at Blo're

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Abdul-Nasar-Madani, Oommen Chandy, Kerala, Hospital, Treatment, Jail, CM's Maudani visit was part of his  personal visit at Blo're.

Post a Comment

Previous Post Next Post