Follow KVARTHA on Google news Follow Us!
ad

പാളയം പള്ളിയിലെ റമദാന്‍ പ്രഭാഷണത്തിന് ജലീലും ആരിഫുമൊന്നിച്ച് സമദാനി

രാഷ്ട്രീയ നിലപാടുകളും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും ഏതുമാകട്ടെ, വിശ്വാസത്തിന് അതൊന്നും തടസമല്ലെന്നു Kerala, Thiruvananthapuram, Politics, Muslim-League, CPM, MLA, K.T Jaleel MLA, Arif, Abdul Samadani
തിരുവനന്തപുരം: (www.kvartha.com 30.06.2014) രാഷ്ട്രീയ നിലപാടുകളും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും ഏതുമാകട്ടെ, വിശ്വാസത്തിന് അതൊന്നും തടസമല്ലെന്നു തെളിയിച്ച് മൂന്നു മുസ്ലിം നിയമസഭാംഗങ്ങള്‍ പുലര്‍ത്തുന്ന വിശുദ്ധ റമദാനിലെ കൂട്ടുകെട്ടു ശ്രദ്ധേയമാകുന്നു. മുസ്ലിം ലീഗ് നേതാവും പ്രമുഖ വാഗ്മിയുമായ എം.പി അബ്ദുസമദ് സമദാനി, സി.പി.എം സ്വതന്ത്ര എം.എല്‍.എയും മുന്‍ ലീഗ് നേതാവുമായ കെ.ടി ജലീല്‍, സി.പി.എം എം.എല്‍.എ എ.എം ആരിഫ് എന്നിവര്‍ പള്ളിയില്‍ പോകുന്നതും മടങ്ങുന്നതും ഒന്നിച്ച്.

റമദാന്‍ ആരംഭിച്ച ഞായറാഴ്ച നിയമസഭാ സമ്മേളനമില്ലായിരുന്നു. സമ്മേളനം വീണ്ടും ആരംഭിച്ച തിങ്കളാഴ്ച പാളയം പള്ളിയില്‍ നമസ്‌കാരത്തിന് ഇവരെത്തിയത് ഒന്നിച്ചാണ്. നിയമസഭാ മന്ദിരത്തില്‍ നിന്നും എം.എല്‍.എമാരുടെ ഹോസ്റ്റലില്‍ നിന്നും നടന്നെത്താവുന്നത്ര അടുത്താണ് പാളയം പള്ളി. ലീഗും ജലീലും രാഷ്ട്രീയമായി രണ്ടു ചേരികളിലാണ് എന്നു മാത്രമല്ല, ലീഗിന്റെ മുഖ്യ വിമര്‍ശകരില്‍ ഒരാളായി ജലീല്‍ മാറിയിരിക്കുന്നുവെന്നും അറിയാവുന്നവര്‍ക്ക് ഈ കൂട്ടുകെട്ട് കൗതുകമായി.

ആരിഫാകട്ടെ സി.പി.എം ചിഹ്നത്തില്‍ ആലപ്പുഴയിലെ അരൂരില്‍ മത്സരിച്ച് കെ.ആര്‍ ഗൗരിയമ്മയെ തോല്‍പിച്ച നേതാവുമാണ്. പാളയം പള്ളിയിലെ റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായിരുന്ന തിങ്കളാഴ്ച സമദാനിയായിരുന്നു പ്രഭാഷകന്‍. ഉച്ചത്തെ നമസ്‌കാരത്തിനും അതിനു ശേഷം പ്രഭാഷണം നിര്‍വഹക്കാനുമാണ് സമദാനി എത്തിയത്. നമസ്‌കാരത്തിനും അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രഭാഷണം കേള്‍ക്കാനും മറ്റു രണ്ടുപേരും ഒപ്പം പോരുകയായിരുന്നു. മറ്റു പല നിയമസഭാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും മറ്റും നിറഞ്ഞതായിരുന്നു പാളയം പ്രഭാഷണം കേള്‍ക്കാനെത്തിയ സദസ്.

പള്ളിയിലെ വിജ്ഞാന സദസില്‍ മനുഷ്യര്‍ മാത്രമല്ല അദൃശ്യരായ മാലാഖമാരും ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സമദാനി പ്രഭാഷണം തുടങ്ങിയത്. മാലാഖമാര്‍ ( മലക്കുകള്‍) ഭൂമിയില്‍ എപ്പോഴും വന്നുപോകുന്നവരാണ്. പക്ഷേ, മലക്കുകളുടെ നേതാവായ ജിബ്രീല്‍ ഭൂമിയില്‍ വരുന്നത് റമദാന്‍ മാസത്തില്‍ മാത്രമാണ്. അതുകൊണ്ടാണ് റമദാന്‍ അവസാന പത്തിലെ ലൈലത്തുല്‍ ഖദ്‌റില്‍ മലക്കുകളും വരും, റൂഹും ഇറങ്ങുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. റൂഹ് എന്നാല്‍ ജിബ്രീല്‍ ആണ്.

ലോക മാനവിക സമൂഹത്തിന്റെ അവകാശ പ്രഖ്യാപനമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രശസ്തമായ വിടവാങ്ങല്‍ പ്രസംഗം എന്ന് സമദാനി ചൂണ്ടിക്കാട്ടി. ജിബ്രീല്‍ അല്ലാഹുവില്‍ നിന്ന് ഖുര്‍ആനിലെ അവസാന സൂക്തം കൊണ്ടുവന്ന് പ്രവാചകന് കൊടുത്തതും ഈ പ്രസംഗത്തിനിടെയാണ്. ' നിങ്ങള്‍ക്ക് ഇന്നു ഞാന്‍ ഇസ്ലാം മതത്തെ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു' എന്നാണ് അവസാന സന്ദേശത്തിന്റെ കാതല്‍. ഒന്നും പൂര്‍ണമല്ലാത്ത, മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഇസ്ലാം പൂര്‍ണമാണ് എന്നാണിത് വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞു.

പാളയം പള്ളിയില്‍ റമദാനിലെ 30 ദിവസങ്ങളിലും നടക്കുന്ന വിജ്ഞാന സദസ് പ്രശസ്തമാണ്. ഉച്ച നമസ്‌കാരത്തിനു ശേഷമാണിത് നടക്കുക. പാളയം പള്ളി പരിപാലന സമിതി ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ് എന്ന് പറയാറുണ്ടെങ്കിലും റമദാന്‍ പ്രഭാഷണത്തില്‍ മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ നേതാക്കളും പങ്കെടുക്കാറുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Kerala, Thiruvananthapuram, Politics, Muslim-League, CPM, MLA, K.T Jaleel MLA, Arif, Abdul Samadani

Keywords: Kerala, Thiruvananthapuram, Politics, Muslim-League, CPM, MLA, K.T Jaleel MLA, Arif, Abdul Samadani. 

Post a Comment